‘പോറലേറ്റ് കിടക്കുമ്പോഴും കൊതിയുണ്ട്, ലോകകപ്പ് കളിക്കാന്‍’: യുവരാജ് സിങ്

വിരാട് കോഹ്‌ലിയുടെ കീഴില്‍ ഇന്ത്യന്‍ ടീം ഏറെ മാറിക്കഴിഞ്ഞു- യുവരാജ് സിങ്

സെലക്ടര്‍മാരുടെ കണ്ണില്‍ പെടാതെ കിടക്കുകയാണ് ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. എന്നാല്‍ ഇപ്പോഴും 2019 ക്രിക്കറ്റ് ലോകകപ്പിന് കളിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. പോറലേറ്റ് നില്‍ക്കുന്ന ഈ അവസ്ഥയിലും വീണ്ടും ക്രിക്കറ്റില്‍ സജീവമാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.

‘ആഭ്യന്തര ക്രിക്കറ്റിലൂടെയാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. എന്നെ പോലെ ഒരാള്‍ക്ക് ഇതില്‍ നിന്നും പ്രചോദനം ലഭിക്കുന്നുണ്ട്. വിരാട് കോഹ്‌ലിയുടെ കീഴില്‍ ഇന്ത്യന്‍ ടീം ഏറെ മാറിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ ഫിറ്റ്നസും ഭക്ഷണക്രമത്തിലെ അച്ചടക്കവുമൊക്കെ ടീമിനെ ശരിയായ പാതയിലാണ് കൊണ്ടുപോകുന്നത്. 2019 ലോകകപ്പ് മനസ്സില്‍ വച്ച് കൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ പ്രകടനം’, യുവരാജ് പറഞ്ഞു.

പരിചയ സമ്പന്നരായ കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തുന്നതില്‍ ടീം മാനേജ്മെന്റ് വിമുഖത കാണിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ‘വയസ് അല്ല, പ്രകടനമാണ് വിഷയം’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ‘സീസണ്‍ മുഴുവന്‍ നന്നായി കളിച്ചാല്‍ നിങ്ങള്‍ തിരഞ്ഞെടുക്കപ്പെടും. കൂടാതെ പല താരങ്ങളും 30 വയസ്സ് കഴിഞ്ഞാലാണ് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതെന്ന വസ്തുതയും നമ്മള്‍ മറക്കരുത്’, യുവരാജ് പറഞ്ഞു.

18 വര്‍ഷത്തോളമായുളള ക്രിക്കറ്റ് കരിയറില്‍ ഇതുവരെയും വിരമിക്കണമെന്ന ചിന്ത തനിക്ക് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പോകണമെന്ന് മനസ്സ് പറഞ്ഞാല്‍ അന്ന് കളി നിര്‍ത്തുമെന്നും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക എന്നത് മാത്രമാണ് തന്നെ എന്നും കൊതിപ്പിക്കുന്ന കാര്യമെന്നും യുവരാജ് വ്യക്തമാക്കി.

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഭാഗ്യതാരമാണ് യുവരാജ് സിങ്. ഐസിസി ഏകദിന ലോകകപ്പും, ഐസിസി ട്വന്റി-20 ലോകകപ്പും, ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടവും സ്വന്തമാക്കുന്ന അപൂർവ്വ താരങ്ങളിൽ ഒരാളാണ് ആരാധകരുടെ പ്രിയ താരമായ യുവി. മുപ്പത്തിയാറാം വയസ്സിലും ക്രിക്കറ്റിൽ സജീവമായിരിക്കുന്ന താരം ഒരിക്കൽക്കൂടി ദേശീയ ടീമിലേക്ക് തിരികെ എത്താനുളള കഠിന്വാധനത്തിലാണ്.

വിരമിക്കലിന് ശേഷം താൻ എന്ത് ചെയ്യുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആരാധകർക്ക് സന്തോഷം നൽകുന്ന മറുപടിയാണ് യുവി നൽകിയത്. പാഡഴിച്ചതിന് ശേഷം ഒരു പരിശീലകൻ ആവാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് യുവരാജ് സിങ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

കഴിവുളള പാവപ്പെട്ട താരങ്ങളെ കണ്ടെത്തി അവർക്ക് പരിശീലനം നൽകുകയാവും തന്റെ പ്രഥമ പരിഗണനയെന്ന് താരം പറയുന്നു. അവരുടെ കായിക വിദ്യാഭ്യാസത്തിന് തന്നാൽ കഴിയുന്നത് ചെയ്യുമെന്നും അവരുടെ പഠന ചിലവുകൾ താൻ തന്നെ വഹിക്കുമെന്നും യുവരാജ് കൂട്ടിച്ചേർത്തു.

കാൻസർ രോഗികളെ സഹായിക്കുന്നതിനായി ആരംഭിച്ച YouWeCaN എന്ന സംരംഭത്തിന്റെ പ്രവർത്തനത്തിലും സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു. കാൻസർ രോഗം ബാധിച്ചവർക്ക് മാനസികമായുളള കരുത്ത് നൽകുകയാണ് പ്രധാനമെന്ന് തന്റെ ജീവിതകഥ അതിന് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യക്കായി 304 ഏകദിന മൽസരങ്ങളും, 40 ടെസ്റ്റ് മൽസരങ്ങളും, 58 ട്വന്റി-20 മൽസരങ്ങളും യുവരാജ് കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിന് വേണ്ടിയാണ് യുവരാജ് കളിക്കുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Yuvraj hopes to play in wc

Next Story
പോർട്ട് എലിസബത്തിലെ സെഞ്ചുറിക്ക് പിന്നിലെ മൗനം, കാരണം വെളിപ്പെടുത്തി രോഹിത് ശർമ്മ
The moderation of comments is automated and not cleared manually by malayalam.indianexpress.com