സൗരവ് ഗാംഗുലി ഇന്ത്യന്‍ ടീം നായകനായിരുന്ന സമയത്ത് രാജ്യാന്തര ക്രിക്കറ്റില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് യുവരാജ് സിങ്. ഗാംഗുലി ഉയര്‍ത്തിക്കൊണ്ടുവന്ന യുവതാരങ്ങളില്‍ ഏറ്റവും കഴിവുള്ള താരം കൂടിയാണ് ഏറെ ആരാധകരുള്ള യുവി. ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലി എത്തിയതോടെ തന്റെ മുന്‍ ക്യാപ്റ്റന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ദാദയുടെ സ്വന്തം യുവി.

ഇന്ത്യന്‍ ടീമില്‍ നിന്നുള്ള വിരമിക്കല്‍ തനിക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും പ്രതീക്ഷിച്ചതുപോലെയുള്ള പരിഗണന അവസാന സമയത്ത് തനിക്ക് ടീം മാനേജുമെന്റിൽ നിന്ന് ലഭിച്ചില്ലെന്നും യുവി നേരത്തെ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഗാംഗുലിയുടെ ബിസിസിഐ പ്രസിഡന്റെ സ്ഥാനത്തെ കുറിച്ചുള്ള യുവിയുടെ പുതിയ കമന്റ്. നിര്‍ണായകമായ യോ യോ ടെസ്റ്റിന്റെ സമയത്ത് ഗാംഗുലിയായിരുന്നു ബിസിസിഐ പ്രസിഡന്റെങ്കിൽ…എന്നാണ് യുവി ട്വീറ്റ് ചെയ്തിരിക്കുന്നത്. യോ യോ ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയിട്ടും ടീം മാനേജുമെന്റ് തന്നെ പരിഗണിച്ചില്ല എന്നായിരുന്നു യുവി നേരത്തെ പറഞ്ഞത്. ആ സമയത്ത് ഗാംഗുലിയായിരുന്നു ബിസിസിഐ പ്രസിഡന്റെങ്കിൽ തനിക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടായിരുന്നു എന്നാണ് യുവിയുടെ ട്വീറ്റില്‍ നിന്ന് വ്യക്തമാകുന്നത്.

Read Also: കുട്ടികള്‍ക്കൊപ്പം രാഹുലിന്റെ ക്രിക്കറ്റ് കളി; ഗാംഗുലി കാണുന്നുണ്ടോയെന്ന് സോഷ്യല്‍ ലോകം, വീഡിയോ

ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലി എത്തിയതിനെയും യുവി അഭിനന്ദിക്കുന്നു. “ഇന്ത്യന്‍ നായകന്‍ മുതല്‍ ബിസിസിഐ പ്രസിഡന്റ് വരെ. മഹാനായ മനുഷ്യന്റെ മഹത്തായ യാത്ര! കളിക്കാരുടെ കാഴ്ചപ്പാട് മനസിലാക്കി അവരെ നയിക്കാന്‍ കഴിവുള്ള ഒരാള്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തുള്ളത് നല്ല ലക്ഷണമാണ്. യോ യോ ടെസ്റ്റ് ആവശ്യപ്പെട്ട സമയത്ത് നിങ്ങള്‍ ബിസിസിഐ പ്രസിഡന്റ് ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു. എല്ലാവിധ ആശംസകളും ദാദീ” യുവി ട്വിറ്ററില്‍ കുറിച്ചു.

സെപ്റ്റംബര്‍ 29 ന് ആജ് തക്കിനു നല്‍കിയ അഭിമുഖത്തിലാണ് ക്രിക്കറ്റില്‍ നിന്നുള്ള തന്റെ പടിയിറക്കം ഏറെ വേദനയോടെയായിരുന്നെന്ന് യുവരാജ് സിങ് വെളിപ്പെടുത്തിയത്. തന്നെ ടീമില്‍ നിന്ന് ഓരോ കാരണങ്ങള്‍ കണ്ടെത്തി ഒഴിവാക്കുകയായിരുന്നു എന്ന് യുവരാജ് സിങ് പറഞ്ഞു. 2015 ലെ ലോകകപ്പില്‍ കളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും അത് നഷ്ടപ്പെട്ടപ്പോള്‍ വേദന തോന്നിയെന്നും യുവരാജ് സിങ് പറഞ്ഞു. നിര്‍ണായകമായ യോ യോ ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷവും തന്നെ ടീമിലെടുത്തില്ലെന്നും യുവരാജ് തുറന്നടിച്ചു. 2015 ലെയും 2019 ലെയും ലോകകപ്പില്‍ കളിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു എന്നും യുവരാജ് സിങ് വെളിപ്പെടുത്തി.

Read Also: വിഷമമുണ്ട്, സേവാഗിനോടും സഹീറിനോടും ഇത് തന്നെയാണ് ചെയ്തത്: യുവരാജ് സിങ്

2017ലെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷം ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ”ചാംപ്യൻസ് ട്രോഫിക്ക് ശേഷം കളിച്ച രണ്ട് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടും ടീമിൽ ഇടം നേടാതെ പോകുമെന്ന് കരുതിയതേയില്ല”- അഭിമുഖത്തിൽ  യുവരാജ് പറഞ്ഞു.

“തീര്‍ച്ചയായും, 2019 ലെ ലോകകപ്പില്‍ കളിക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. 2015 ലെ ലോകകപ്പില്‍ കളിക്കാന്‍ സാധിക്കാതെ വന്നപ്പോഴും വലിയ വിഷമം തോന്നി. തന്നെ ഒഴിവാക്കുകയായിരുന്നു. 15-17 വര്‍ഷം ഇന്ത്യന്‍ ടീമിനു വേണ്ടി കളിച്ച ഒരു താരത്തോട് കാണിച്ച നീതികേടാണിത്. ഒഴിവാക്കുന്നതിനെ കുറിച്ച് ആരും ഒന്നും പറഞ്ഞില്ല. എനിക്ക് മാത്രമല്ല, വീരേന്ദര്‍ സേവാഗിനും സഹീര്‍ ഖാനും ഇതു തന്നെയാണ് അനുഭവം. അവരോടും ഇങ്ങനെ തന്നെയാണ് ചെയ്തത്. ഒഴിവാക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ചുമതലയുള്ളവര്‍ അത് തങ്ങളോട് പറയേണ്ടതായിരുന്നു. എന്നാല്‍, ആരും ഒന്നും പറഞ്ഞില്ല. അത് ചെയ്യാതിരുന്നത് വലിയ വിഷമമുണ്ടാക്കി” യുവരാജ് സിങ് പറഞ്ഞു.

2011 ലെ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ താരമാണ് യുവരാജ് സിങ്. ക്യാന്‍സറിനെ അതിജീവിച്ച് യുവരാജ് നടത്തിയ പ്രകടനം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും മറക്കില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook