മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പഠാന് ബിസിസിഐയുടെ വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് വിലക്ക്. അഞ്ച് മാസത്തേയ്ക്കാണ് ബിസിസിഐ വിലക്ക് ഏർപ്പെടുത്തിയത്. ബിസിസിഐ ഈ വാർത്ത സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യവും ഐപിഎല്ലിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരവുമാണ് യൂസഫ് പഠാൻ.

കഴിഞ്ഞ വർഷം ആദ്യമാണ് യൂസഫ് പഠാൻ നിരോധിത മരുന്ന് ഉപയോഗിച്ചത്. പനി ബാധിച്ച സമയത്ത് കഴിച്ച മരുന്നാണ് പഠാനെ ചതിച്ചത്. പനി മാറാൻ പഠാൻ കഴിച്ച ബ്രൊസീറ്റ് എന്ന മരുന്നിൽ നിരോധിത മരുന്നായ ടെർബുറ്റലിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. കായിക താരങ്ങൾ ഈ മരുന്ന് ഉപയോഗിക്കണമെങ്കിൽ മുൻകൂട്ടി അനുമതി വാങ്ങണം. എന്നാൽ യൂസഫ് പഠാൻ ഇത് ചെയ്തിരുന്നില്ല.

yusuf pathan

കഴിഞ്ഞ വർഷം നടന്ന ഒരു ആഭ്യന്തര മൽസരത്തിനിടെയാണ് നിരോധിത മരുന്നിന്റെ അംശം പഠാന്റെ ശരീരത്തിൽ നിന്ന് കണ്ടെത്തിയത്. പിന്നീട് പഠാനെ രഞ്ജി ട്രോഫിക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. ബിസിസിഐയുടെ നിർദ്ദേശ പ്രകാരമാണ് പഠാനെ ഒഴിവാക്കിയത്.

കഴിഞ്ഞ വർഷം ഇതേ നിരോധിത മരുന്ന് ഉപയോഗിച്ചതിന് ഇന്ത്യൻ ഗോൾകീപ്പർ സുബ്രതോപാൽ പിടിക്കപ്പെട്ടിരുന്നു. സുബ്രതോപാലിന് ജലദോഷത്തിന് നൽകിയ മരുന്നിലാണ് നിരോധിത മരുന്ന് കണ്ടെത്തിയത്. താരത്തെ ഇടക്കാലത്തേക്ക് വിലക്കുകയും ചെയ്തിരുന്നു.

ഇന്ത്യക്കായി 57 ഏകദിനങ്ങളിലും, 22 ട്വന്റി-20കളിലും യൂസഫ് പഠാൻ കളിച്ചിട്ടുണ്ട്. ആദ്യ ട്വന്റി-20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു യൂസഫ്. 28 വർഷത്തിന് ശേഷം ഇന്ത്യ ഏകദിന ലോകകപ്പ് കിരീടം നേടിയപ്പോഴും യൂസഫ് പഠാൻ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ