പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ ഏറെ ആരാധകരുള്ള താരമായിരുന്നു യൂനിസ് ഖാൻ. ടെസ്റ്റിലും ഏകദിനത്തിലും മികച്ച ബാറ്റ്‌സ്‌മാനായിരുന്നു അദ്ദേഹം. എന്നാൽ, നാല് വർഷങ്ങൾക്കു മുൻപ് യൂനിസ് ഖാൻ പാക് ടീമിന്റെ കോച്ചിനു നേർക്ക് കത്തിയെടുത്ത സംഭവമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ച. യൂനിസ് ഖാൻ തന്റെ കഴുത്തിൽ കത്തിവച്ച സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ബാറ്റിങ് പരിശീലകനായ ഗ്രാന്റ് ഫ്‌ളവർ തന്നെയാണ്. 2014 മുതൽ 2019 വരെ പാക് ടീമിന്റെ ബാറ്റിങ് പരിശീലകനായിരുന്നു ഫ്‌ളവർ. ഇപ്പോൾ ശ്രീലങ്കയുടെ ബാറ്റിങ് പരിശീലകനാണ്.

Read Also: സച്ചിൻ നടത്തിയ ‘മോഷണം’; ആദ്യ ഓവറിനുശേഷം ഡ്രസിങ് റൂമിലേക്ക് ഓടിക്കയറി ശ്രീകാന്ത്, വെളിപ്പെടുത്തൽ

2016 ലെ ബ്രിസ്‌ബൻ ടെസ്റ്റിനിടെയാണ് സംഭവം. ഓസ്‌ട്രേലിയയായിരുന്നു പാക്കിസ്ഥാന്റെ എതിരാളികൾ. അന്നത്തെ സംഭവം താൻ കൃത്യമായി ഓർക്കുന്നതായി ഫ്‌ളവർ പറഞ്ഞു. “പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ ഞാന്‍ ബാറ്റിങ്ങിൽ ഉപദേശിക്കാനായി യൂനിസിന്റെ അടുത്തെത്തി. മറ്റ് താരങ്ങളും അവിടെയുണ്ടായിരുന്നു. കെെകാര്യം ചെയ്യാൻ അൽപ്പം ബുദ്ധിമുട്ടുള്ള താരമാണ് യൂനിസ് ഖാൻ. ഞാൻ ഉപദേശിക്കാനെത്തിയത് യൂനിസിന് അത്ര താൽപര്യപ്പെട്ടില്ല. ഉടൻ തന്നെ അയാൾ ഒരു കത്തിയെടുത്ത് എന്റെ കഴുത്തിൽവച്ചു. ആ സമയം കോച്ച് മിക്കി ആര്‍തറും അവിടെയുണ്ടായിരുന്നു. അദ്ദേഹം ഇടപെട്ടാണ് പ്രശ്‌നം തീര്‍ത്തത്. അന്നൊരു ഞെട്ടൽ തോന്നിയെങ്കിലും ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ രസകരമായ സംഭവമായാണ് തോന്നുന്നത്. ഇതെല്ലാം പരിശീലനത്തിന്റെ ഭാഗമാണ്.” ഫ്‌ളവർ പറഞ്ഞു.

കുഞ്ഞു രാജകുമാരിയെ പോലെ… ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയനടി

ബ്രിസ്‌ബനിലെ ആ ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്‌സിൽ യൂനിസ് ഖാൻ റൺസൊന്നുമെടുക്കാതെ പുറത്തായി. രണ്ടാം ഇന്നിങ്‌സിൽ 65 റൺസ് നേടി. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ 175 റൺസ് നേടുകയും ചെയ്‌തു. 175 റൺസ് പ്രകടനം യൂനിസ് ഖാന്റെ ടെസ്റ്റ് കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നാണ്. പാക്കിസ്ഥാനുവേണ്ടി 118 ടെസ്റ്റ് കളിച്ച യൂനിസ് 52.05 റണ്‍സ് ശരാശരിയില്‍ 10,099 റണ്‍സ് നേടിയിട്ടുണ്ട്. നിലവില്‍ പാക് ടീമിന്റെ ബാറ്റിങ് പരിശീലകനാണ് യൂനിസ് ഖാന്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook