മുൻ ലോകചാംപ്യൻ അന്രോനേറ്റ സ്റ്റെഫനോവയെ അട്ടിമറിയിലൂടെ പരാജയപ്പെടുത്തിയിരിക്കുകയാണ് യുവ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ.വൈശാലി. എഫ്ഐഡിഇ ചെസ് ഡോട്ട് കോം സംഘടിപ്പിച്ച വനിതകളുടെ സ്പീഡ് ചെസ് ചാംപ്യൻഷിപ്പിന്റെ ആദ്യ റൗണ്ടിലായിരുന്നു വൈശാലിയുടെ ഞെട്ടിപ്പിക്കുന്ന വിജയം. അതേസമയം, രാജ്യത്തെ മികച്ച താരങ്ങളിലൊരാളായ കൊനേറു ഹംപി ആദ്യ മത്സരത്തിൽ തന്നെ പരാജയപ്പെട്ട് പുറത്തായി.
ചെന്നൈ സ്വദേശിനിയായ വൈശാലി രാജ്യാന്തര വേദികളിൽ ഇതിനോടകം തന്നെ തന്റെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞ താരമാണ്. ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ മംഗോളിയയുടെ ഇന്റർനാഷ്ണൽ മാസ്റ്റർ മുൻക്സുൽ തുർമുൻഖിനെ നേരിടും. 2017ൽ നടന്ന ഏഷ്യൻ ബ്ലിറ്റ്സ് ചാംപ്യൻഷിപ്പിലെ വിജയിയായ ആർ.പ്രഗ്ഗനാന്ദയുടെ സഹോദരിയാണ് വൈശാലി. വ്യാഴാഴ്ചയാണ് വൈശാലിയുടെ മംഗോളിയൻ മാസ്റ്ററിനെതിരായ ക്വാർട്ടർ പോരാട്ടം.
യോഗ്യത മത്സരങ്ങളിൽ കരുത്തരായ വാലന്റീന ഗുനിനയെയും അലിന കഷ്ലിൻസ്കയെയും പരാജയപ്പെടുത്തിയാണ് വൈശാലി പ്രീക്വാർട്ടർ പോരാട്ടത്തിനെത്തിയത്. ബൾഗേറിയൻ താരം അന്രോനേറ്റ സ്റ്റെഫനോവയിക്കെതിരെ 6-5ന്റെ വിജയമാണ് ഇന്ത്യൻ താരം നേടിയത്.