മുംബൈ: ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവതാരത്തിന് ദാരുണാന്ത്യം. മുംബൈയിലെ ഒരു പ്രാദേശിക ടൂര്‍ണമെന്റിനിടെയായിരുന്നു സംഭവം.
സെന്‍ട്രല്‍ മുംബൈയിലെ ഭന്‍ഡപ്പ് മേഖലയില്‍ നടന്ന ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയായിരുന്നു സംഭവം. 24 കാരനായ വൈഭവ് കേസര്‍ക്കാരാണ് മരിച്ചത്. കളിക്കിടെ താരത്തിന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. എന്നാല്‍ വേദന സാരമാക്കാതെ വൈഭവ് കളി തുടര്‍ന്നു.
നെഞ്ച് വേദന അസഹ്യമായതോടെ വൈഭവിനെ സുഹൃത്തുകള്‍ ചേര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തും മുമ്പു തന്നെ വൈഭവ് മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം യൂട്യൂബിലുണ്ടായിരുന്നു. താരത്തെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പുറത്തേക്ക് കൊണ്ടു പോകുന്നതായി വീഡിയോയില്‍ കാണാം. മുംബൈയിലെ പ്രാദേശിക ക്രിക്കറ്റിലെ താരമായിരുന്നു വൈഭവ്. ക്രിക്കറ്റ് ലോകത്ത് വൈഭവിന് നല്ലൊരു ഭാവിയുണ്ടാകുമെന്ന് പലരും വിലയിരുത്തിയിരുന്നു.