ലണ്ടൻ: ചാമ്പ്യൻസ് ട്രോഫി കിരീടം പാക്കിസ്ഥാന്. കലാശക്കളിയിൽ ചിരവൈരികളായ ഇന്ത്യയെ 180 റൺസിന് തകർത്താണ് പാക്കിസ്ഥാൻ കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 4 വിക്കറ്റ് നഷ്ടത്തിൽ 338 റൺസാണ് നേടിയത്. പാക്കിസ്ഥാൻ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 158 റൺസിന് പുറത്താവുകയായിരുന്നു. ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നതിന് മുൻപ് റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തായിരുന്ന പാക്കിസ്ഥാന് ഈ കിരീടം അഭിമാനനേട്ടമാണ്.

ഫൈനലിൽ സെഞ്ചുറി നേടിയ ഫഖാർ സമാനാണ് ക​ളിയിലെ താരം. ടൂർണ്ണമെന്റിലെ ഗോൾഡൻ ബാറ്റ് ഇന്ത്യയുടെ ശിഖർ ധവാനാണ് നേടിയത്. ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഹസൻ അലിയാണ് ഗോൾഡൻ ബോൾ സ്വന്തമാക്കിയത്. ടൂർണ്ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ഹസൻ അലിയാണ് സ്വന്തമാക്കിയത്.

പാക്കിസ്ഥാൻ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുർന്ന ഇന്ത്യൻ ടീമിന് തുടക്കം തന്നെ പാളി. റൺസ് എടുക്കുത്തതിന് മുൻപ് രോഹിത്ത് ശർമ്മയേയും, 5 റൺസ് എടുത്ത വിരാട് കോഹ്‌ലിയേയും വീഴ്ത്തി മുഹമ്മദ് ആമിർ ഇന്ത്യയെ വിറപ്പിച്ചു. ടൂർണ്ണമെന്റിലുട നീളം ഇന്ത്യക്കായി റൺസ് കണ്ടെത്തിയ ശിഖർ ധവാനെയും ആമിർ മടക്കിയതോടെ ഇന്ത്യ തോൽവി മണത്തു. 22 റൺസ് എടുത്ത യുവരാജ് സിങ്ങും, 4 റൺസ് എടുത്ത ധോണിയും, 9 റൺസ് എടുത്ത കേദാർ ജാദവും വിക്കറ്റുകൾ വലിച്ചെറിഞ്ഞതോടെ ഇന്ത്യ മുട്ടുകുത്തി.

43 പന്തിൽ 76 റൺസ് എടുത്ത ഹർദ്ദിഖ് പാണ്ഡ്യയാണ് പരാജയഭാരം കുറച്ചത്. മികച്ച രീതിയിൽ കളിച്ച പാണ്ഡ്യ ജഡേജയുമായുള്ള ആശയക്കുഴപ്പത്തെ തുടർന്ന് റണ്ണൗട്ടാവുകയായിരുന്നു. പാക്കിസ്ഥാനായി മുഹമ്മദ് ആമിറും ഹസൻ​ അലിയും 3 വിക്കറ്റുകളും വീഴ്ത്തി. ഷബാബ് ഖാൻ രണ്ടും ജുനൈദ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ നിശ്ചിത 50 ഓവറിൽ പാക്കിസ്ഥാൻ നാലു വിക്കറ്റ് നഷ്ടത്തിൽ 338 റൺസ് നേടി. ഫഖാർ സമാൻ (114), അസ്ഹർ അലി (59), മുഹമ്മദ് ഹഫീസ് (57) എന്നിവരാണ് പാക്കിസ്ഥാനെ മികച്ച സ്കോർ നിലയിലെത്തിച്ചത്.

ടോസ് നേടിയ ഇന്ത്യ പാക്കിസ്ഥാനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. എന്നാൽ പാക്കിസ്ഥാന്റെ തുടക്കം മോശമായില്ല. ഫഖാർ ഖാനും അസ്ഹർ അലിയും പാക്കിസ്ഥാൻ റൺവേട്ടയ്ക്ക് തുടക്കമിട്ടു. ഇരുവരും ചേർന്നുണ്ടാക്കിയ കൂട്ടുകെട്ടിൽ പാക്കിസ്ഥാന്റെ സ്കോർനില മുന്നോട്ടു കുതിച്ചു. ഇന്ത്യൻ ബോളർമാരെ ഇരുവരും തലങ്ങും വിലങ്ങും പായിച്ചു. 22-ാം ഓവറിൽ പാക്കിസ്ഥാന്റെ ആദ്യ വിക്കറ്റ് വീണു. വിക്കറ്റ് മാത്രമല്ല മികച്ചൊരു കൂട്ടുകെട്ട് കൂടിയാണ് തകർന്നത്. അസ്ഹർ അലിയെ ഇന്ത്യൻ താരങ്ങൾ റണ്ണൗട്ടിലൂടെ പുറത്താക്കി. അപ്പോഴേക്കും പാക്കിസ്ഥാന്റെ സ്കോർനില 128 ൽ എത്തിയിരുന്നു.

അസ്ഹർ അലിയുടെ അസാന്നിധ്യം പാക്കിസ്ഥാനെ ബാധിച്ചില്ല എന്ന വിധത്തിലായിരുന്നു പിന്നീടുളള ഫഖാർ സമാന്റെ പ്രകടനം. ബോളുകൾ സിക്സറും ഫോറും കടത്തി ഇന്ത്യൻ ടീമിനെ വീണ്ടും പ്രതിസന്ധിയിലാക്കി. സെഞ്ചുറി നേടിയ ഫഖാറിനു മുന്നിൽ ഇന്ത്യൻ ബോളർമാർക്ക് ഒന്നും ചെയ്യാനായില്ല. ഫഖാറിന് പിന്തുണയുമായി ബാബർ അസമും ഒപ്പം നിന്നു. ഒടുവിൽ ഹാർദിക് പാണ്ഡ്യയുടെ ബോളിൽ ഫഖാർ വീണു. 114 റൺസുമായി നിന്ന ഫഖാറിനെ പാണ്ഡ്യ ഒടുവിൽ ജഡേജയുടെ കൈകളിൽ എത്തിച്ചു. അതോടെ പാക്കിസ്ഥാന് നെടുതൂൺ നഷ്ടമായി. പക്ഷേ അപ്പോഴേക്കും പാക്കിസ്ഥാന്റെ സ്കോർനില 200 ൽ എത്തി.

പിന്നാലെ ഇറങ്ങിയ ഷൊയ്ബ് മാലിക് ബാബർ അസമുവായി ചേർന്ന് കൂട്ടുകെട്ടുണ്ടാക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മാലിക്കിനെ (12) ഭുവനേശ്വർ കുമാർ പുറത്താക്കി. ബാബർ അസം 46 റൺസെടുത്ത് പുറത്തായി. കേദാർ ജാദവിനായിരുന്നു വിക്കറ്റ്. പിന്നീട് കളി മുഹമ്മദ് ഹഫീസും മാദ് വസിമും ചേർന്ന് ഏറ്റെടുത്തു. ഇരുവരും പാക്കിസ്ഥാൻ സ്കോർനില 300 ൽ കടത്തി. മുഹമ്മദ് ഹഫീസ് അർധ സെഞ്ചുറി നേടി. ഹഫീസ് പുറത്താകാതെ 57 റൺസും ഇമാദ് വസിം പുറത്താകാതെ 25 റൺസും നേടി.

ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ, കേദാർ ജാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook