ഏറെക്കാലത്തിനു ശേഷം ബാഡ്‌മിന്റൺ​ കോർട്ടുകളിൽ ഇന്ത്യയുടെ സ്വപ്നത്തൂവലുകൾ പറന്നുയുരുകയാണ്. പ്രകാശ് പദുക്കോൺ, മലയാളിയായ യു.വിമൽകുമാർ, സയ്യിദ് മോഡി,അപർണപോപ്പോട്ട്,  പുല്ലേല ഗോപിചന്ദ് തുടങ്ങിയ പേരുകളോടെ വിരമിച്ചു തുടങ്ങിയ ഇന്ത്യ​ൻ ബാഡ്‌മിന്റണെ പുതിയ തലമുറ വീണ്ടും വിജയങ്ങളുടെയും നേട്ടങ്ങളുടെയും ലോകത്തേയ്ക്ക് പറത്തി ഉയർത്തുന്നു. സൈന നെഹ്‌വാൾ, പി.വി. സിന്ധു, ബി സായ് പ്രണീത്, കെ.ശ്രീകാന്ത് എന്നിവർ. ഇന്ത്യയുടെ താരകങ്ങളായി മാറുകയാണ് ഈ താരങ്ങൾ. ഇന്ത്യൻ ഓപ്പൺ നേടിയ സിന്ധു, സിംഗപ്പൂർ ഓപ്പണിൽ രണ്ടാംസ്ഥാനത്തെത്തി. അതിന് തൊട്ടുപിന്നാലെയാണ് സിംഗപ്പൂർ ഓപ്പണിൽ പുരുഷ വിഭാഗത്തിന്റെ ആദ്യ രണ്ട് സ്ഥാനവും ഇന്ത്യ നേടിയത്.  ഇന്ത്യയുടെ സായ് പ്രണീത് ഇന്ത്യയുടെ തന്നെ കിഡംബി ശ്രീകാന്തിനെയാണ് ഫൈനലിൽ തോൽപ്പിച്ചത്. ബാഡ്‌മിന്റൺ കോർട്ടിന്റെ ലോകത്ത് ഇടവേളയ്ക്കു ശേഷം ഇന്ത്യയുടെ ഫോർഹാൻഡ് ആണ് ദൃശ്യമാകുന്നത്.

സിംഗപ്പൂര്‍ ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യയുടെ തന്നെ ടോപ്പ് സീഡ് കിഡംബി ശ്രീകാന്തിനെ മറികടക്കാനായതിന്റെ ആവേശത്തിലാണ് സായി പ്രണീത്. ആദ്യ ഗെയിം കൈവിട്ട ശേഷമാണ് മുന്‍ ലോക മൂന്നാം നമ്പര്‍ താരത്തെ പ്രണീത് അട്ടിമറിച്ചത്. ഇതിനു മുന്‍പ് അഞ്ച് തവണയാണ് ഈ ആന്ധ്രാ -തെലങ്കാന താരങ്ങള്‍ നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ നാല് തവണയും ജയം പ്രണീതിനൊപ്പം നിന്നു. 2012 ഏപ്രിലില്‍ യോനെക്‌സ് സണ്‍റൈസ് ഇന്ത്യ ഓപ്പണില്‍ ആയിരുന്നു ഇരുവരും ആദ്യമായി ഏറ്റുമുട്ടിയത്. അന്ന് ലോക റാങ്കിങ്ങില്‍ 256 ആം സ്ഥാനത്തായിരുന്ന കിഡിംബി ശ്രീകാന്തിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് 79 ആം സ്ഥാനത്തായിരുന്ന സായ് പ്രണീത് മറികടന്നത് (21-12, 21-18). അതേവര്‍ഷം തന്നെ ഇരുവരും രണ്ട് തവണ കൂടി ഏറ്റുമുട്ടിയെങ്കിലും പ്രണിതിന്റെ കരുത്തുറ്റ ഫോര്‍ ഹാന്‍ഡുകളും സര്‍വീസുകളും മറികടക്കാന്‍ ശ്രീകാന്തിനായില്ല.

ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ ചാലഞ്ചില്‍ 21-18, 21-18 എന്ന സ്‌കോറില്‍ വിജയിച്ചപ്പോള്‍ ഡിസംബറില്‍ നടന്ന ടാറ്റാ ഓപ്പണില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ശേഷമായിരുന്നു ശ്രീകാന്ത് അടിയറവു പറഞ്ഞത്. സ്‌കോര്‍ 21-19, 16-21, 21-19. പിന്നീട് ഇവര്‍ നേര്‍ക്കുനേര്‍ വന്നത് 12 മാസങ്ങള്‍ക്ക് ശേഷം 2014 ജനുവരിയില്‍ നടന്ന ഇന്ത്യ ഗ്രാന്റ് പ്രീ ഗോള്‍ഡില്‍ ആയിരുന്നു. 12 മാസത്തെ ഇടവേളയില്‍ കരിയിറില്‍ കാര്യമായി മുന്നേറ്റമുണ്ടാക്കിയ ശ്രീകാന്ത് 30ആം റാങ്കില്‍ എത്തിയിരുന്നു. അന്ന് റാങ്കിങ്ങില്‍ 59 ആം സ്ഥാനത്തായിരുന്ന സായി പ്രണീതിനെ മൂന്നു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ശ്രീകാന്ത് മറികടന്നു. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു ശ്രീകാന്തിന്റെ ഉജ്ജ്വല തിരിച്ചുവരവ് സ്‌കോര്‍ 15-21, 21-10, 21-17. അവിഭക്ത ആന്ധ്രാതാരങ്ങളായി ഇരുവരും നേര്‍ക്കുനേരെത്തിയ അവസാന മത്സരമായിരുന്നു അത്.

2014 ജനുവരിക്ക് ശേഷം ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണില്‍ കിഡംബി ശ്രീകാന്തിന്റെ തേരോട്ടമായിരുന്നു. 2014 ലെ ചൈനാ ഓപ്പണില്‍ കിരീടം നേടിയ ശ്രീകാന്ത് 2015 ല്‍ സ്വിസ്സ് ഓപ്പണിലും ഇന്ത്യന്‍ ഓപ്പണിലും കിരീടം നേടി. 2016 ല്‍ സയദ് മോദി ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്‍്, സ്ൗത്ത് ഏഷ്യന്‍ ഗെയിസ് എന്നീ ടൂര്‍ണമെന്റുകളിലും ശ്രീകാന്ത് ജയം കുറിച്ചു. ഈ കാലഘട്ടത്തില്‍ ഒരു ഇന്ത്യന്‍ ബാഡ്മിന്റന്‍ താരത്തിന്റെ ഏറ്റവും മികച്ച റാങ്കിംഗായ മൂന്നാം സ്ഥാനത്തും ശ്രീകാന്ത് എത്തി.

മറുവശത്ത് സായി പ്രണീതിന്റെ നേട്ടങ്ങള്‍ 2015 ലെ മൂന്ന് ബിഡബ്ല്യൂഎഫ് ഇന്റര്‍നാഷണല്‍ ചലഞ്ച് സീരിസുകളിലും 2016 ലെ കാനഡ ഓപ്പണിലും ഒതുങ്ങി.  2014 ന് ശേഷം ഇരുവരും കോര്‍ട്ടില്‍ ഏറ്റുമുട്ടിയത് 2017 സയ്യിദ് മോഡി ഇന്റര്‍നാഷല്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ ആയിരുന്നു. ആദ്യ ഗെയിം 21-15ന് നേടിയ ശ്രീകാന്ത് ജയപ്രതീക്ഷ ഉയര്‍ത്തിയെങ്കിലും പിന്നീടുള്ള രണ്ട് ഗെയിമുകളിലും മികച്ച പ്രകടനം പുറത്തെടുത്ത പ്രണീത് അട്ടിമറി ജയം പിടിച്ചെടുത്തു.

അതേസമയം ഇന്നത്തെ സിംഗപ്പൂര്‍ ഓപ്പണിലെ ഇന്ത്യന്‍ ഫൈനല്‍ ഗോപീചന്ദ് അക്കാദമിയുടെ മികവിനുള്ള അംഗീകാരം കൂടിയായി. ചൈനാ, ഡെന്‍മാര്‍ക്ക്, ഇന്തോനേഷ്യാ എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇതിനു മുന്‍പ് രണ്ട് താരങ്ങളെ ഫൈനലില്‍ എത്തിച്ചിട്ടുള്ളത്. ഈ പട്ടികയിലേക്കാണ് ഗോപീചന്ദിന്റെ കുട്ടികള്‍ കളിച്ചു കയറിയത്. ജയത്തോടെ സൂപ്പര്‍ സിരീസ് നേടുന്ന ആദ്യം ഇന്ത്യന്‍ പുരുഷ താരമെന്ന ബഹുമതിയും പ്രണീതിനെ തേടിയെത്തിയിട്ടുണ്ട്.

ഇരുവരും ഐക്യ ആന്ധ്രസംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ഇരുപത്തിനാല് വയസ്സാണ് ഇരുവർക്കും. ലോകറാങ്കിങിൽ കെ. ശ്രീകാന്തിന് 29 ആം സ്ഥാനത്താണ്. സായ് പ്രണീത് മുപ്പതാം സ്ഥാനത്ത്. തൊട്ടുപിന്നിൽ തന്നയെുണ്ട്. തെലങ്കാനയിലെ ഹൈദരാബാദാണ് പ്രണീതിന്റെ ജന്മസ്ഥലം. ആന്ധ്രയിലെ ഗുണ്ടൂരിലാണ് ശ്രീകാന്തിന്റെ ജനനം. സയ്യിദ് മോഡി ഇന്റർനാഷണൽ 2016ൽ ശ്രീകാന്ത് നേടി. തൊട്ടടുത്ത വർഷം 2017ൽ ഈ നേട്ടം പ്രണീത് സ്വന്തമാക്കി. ഇരുവരും ഒന്നിച്ച് ഗോപിചന്ദ് അക്കാദമിയിൽ കളിച്ചു വളർന്നവരാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook