വിജയം വരിച്ചവന്‍, നിഹാല്‍ എന്ന പേരിന് അറബിയിലെ അര്‍ത്ഥമിതാണ്. നിഹാല്‍ സരിനെന്ന പന്ത്രണ്ടു വയസ്സുകാരന് ചെസ് കളങ്ങളില്‍ വരിച്ചു കൊണ്ടിരിക്കുന്ന വിജയങ്ങള്‍ അവനെ റെക്കോര്‍ഡു പുസ്തകത്തില്‍ ലോകചാമ്പ്യന് മാഗ്നസ് കാള്സന് ഒപ്പമിരുത്തി. രണ്ടു പേരും ഒരേ പ്രായത്തില്‍ ചെസിലെ ഇന്റര്‍നാഷണല്‍ മാസ്റ്ററായി. 12 വയസ്സും എട്ടുമാസം പ്രായവുമുള്ളപ്പോഴാണ് ഇരുവരും ഐഎം പദവിയിലെത്തുന്നത്. നിഹാലിനെ അതിന് സഹായിച്ചതാകട്ടെ റഷ്യയില്‍ നടന്ന ഫ്ളോട്ട് ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റില്‍ ഗ്രാന്റ് മാസ്റ്റര്‍മാര്‍ അടക്കമുള്ളവരെ അട്ടിമറിച്ച് നേടിയ വിജയങ്ങള്‍.
അഞ്ചാം വയസ്സിലാണ് നിഹാല്‍ ചെസ് ബോര്‍ഡിലെ അറുപത്തിനാല് കളങ്ങളിലെ തന്ത്രങ്ങളുടെ ലോകത്തിലേക്ക് എത്തിച്ചേരുന്നത്. അതിന് വഴിതെളിച്ചതാകട്ടെ നിഹാലിന്റെ ഹൈപ്പര്‍ ആക്ടിവിട്ടിയും. അതിനുള്ള മറുമരുന്നായി പിതാവ് സരിനാണ് ചെസ് ബോര്‍ഡ് നിഹാലിന് സമ്മാനിക്കുന്നത്. ആദ്യപാഠങ്ങള്‍ പകര്‍ന്നു നല്കിയതാകട്ടെ മുത്തച്ഛന് ഉമ്മറും. ആദ്യയാഴ്ച്ചയില് തന്നെ ആ അഞ്ചു വയസ്സുകാരന് മുത്തച്ഛനെ മലര്‍ത്തിയടിച്ചു. ആദ്യ തോല്‍വികള്‍ രോഷാകുലനാക്കിയിരുന്നുവെങ്കിലും ഒരാഴ്ച കൊണ്ട് മുത്തച്ഛനെ ചെറുമകന് തോല്‍പ്പിച്ചെന്ന് അമ്മ ഡോക്ടര്‍ ഷിജിന് ഓര്‍മ്മിക്കുന്നു.
ചെറുപ്രായത്തിലെ നിഹാലിന്റെ തേരോട്ടങ്ങള്‍ ചെസിന്റെ കളങ്ങളിലൊതുങ്ങുന്നില്ല. മൂന്നു വയസ്സിനു മുമ്പു തന്നെ 191 രാജ്യങ്ങളുടെ പേരും പതാകയും മനപ്പാഠമാക്കിയ നിഹാല്‍ അഞ്ചു വയസ്സിനുള്ളില്‍ 150 നാടോടിക്കഥകളും ഹൃദിസ്ഥമാക്കി. താല്പര്യങ്ങള് അതിവേഗം മാറിക്കൊണ്ടിരുന്ന ബാല്യമായിരുന്ന നിഹാലിന്റേത്. ക്രിക്കറ്റ്, നീന്തല്‍, ചിത്രരചന, ഗുണനപ്പട്ടിക ഹൃദിസ്ഥമാക്കല്‍ അങ്ങനെ ഒന്നില്‍ നിന്ന് ഒന്നിലേക്ക് അതിവേഗം നിഹാല്‍ കരുക്കള്‍ നീക്കിയിരുന്നു. എന്നാല്‍ ആ അതിവേഗതയെ ചതുരംഗ കളത്തിലേക്ക് മാറ്റിവിടാന്‍ മുത്തച്ഛന് ഉമ്മറിന് കഴിഞ്ഞു. യുകെജിയിലെ വേനല്‍ അവധിക്കാലത്താണ് പിതാവ് ഡോക്ടര്‍ സരിന് നിഹാലിന് ചെസ് ബോര്‍ഡ് സമ്മാനമായി നല്‍കുന്നത്.
ഒന്നാം ക്ലാസില്‍ കോട്ടയത്തെ എക്സലക്സിയ മൗണ്ട് സ്കൂളില്‍ നിഹാല്‍ ചേര്‍ന്നു. അവിടെ അഞ്ചാം ക്ലാസു മുതല്‍ കുട്ടികള്‍ പാഠ്യേതര വിഷയങ്ങള്‍ തെരഞ്ഞെടുക്കണമെന്നത് നിര്‍ബന്ധമായിരുന്നു. താഴേക്കുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ബാധകമാക്കിയിരുന്നില്ല. എന്നാല്‍ മുത്തച്ഛന്റെ നിര്‍ദ്ദേശ പ്രകാരം മാതാപിതാക്കള്‍ സ്കൂള്‍ അധികൃതകരെ സമീപിച്ചു. ചെസ്സിലെ നിഹാലിന്റെ മിടുക്ക് തിരിച്ചറിഞ്ഞ അധികൃതര്‍ അവനുവേണ്ടി നിയമം മാറ്റിയെഴുതുകയും സ്കൂളിലെ ചെസ് പരിശീലകനായ മാത്യു പി ജോസഫ് പരിശീലനം നല്‍കുകയുമായിരുന്നു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ജോലി കിട്ടിയതു കാരണം മാതാപിതാക്കള്‍ നിഹാലിനെ ദേവമാത സിഎംഐ സ്കൂളില്‍ ചേര്‍ത്തു.
ഇപ്പോള്‍ നിഹാലിനെ പരിശീലിപ്പിക്കുന്നത് ഉക്രെയ്നിലെ ഗ്രാന്‍ഡ് മാസ്റ്ററായ ദിമിത്രി കൊമറോവ് ആണ്. ഓണ്‍ലൈന്‍ വഴിയാണ് പരിശീലനം. ഇരുവരും തമ്മില്‍ കണ്ടുമുട്ടുന്നത് ഷാര്‍ജയിലെ ഒരു ടൂര്‍ണമെന്റില്‍ വച്ചാണ്. അവിടെ സ്വന്തം ശിഷ്യരുമായി എത്തിയിരുന്നു ദിമിത്രി. അദ്ദേഹം ക്ലാസ് എടുക്കുന്നത് നിഹാല്‍ പതിവായി നിരീക്ഷിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട ദിമിത്രി നിഹാലിനെ പരിചയപ്പെടുകയും പരിശീലനം നല്കാന് സമ്മതിക്കുകയുമായിരുന്നു.
ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ 10 വയസ്സിനു താഴെയുള്ളവരിലെ ചാമ്പ്യനായ നിഹാല്‍ ലോക അണ്ടര്‍ 10 വിഭാഗം ബ്ലിറ്റ്സ് ചാമ്പ്യന്‍, ഏഷ്യന്‍ അണ്ടര്‍ 10 വിഭാഗം ബ്ലിറ്റ്സ്, റാപ്പിഡ് ചാമ്പ്യന്‍, ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒട്ടേറേ വിജയങ്ങള്‍ നിഹാല്‍ കരസ്ഥമാക്കിയിട്ടുണ്ട്.