എല്ലാ ഫോർമാറ്റുകളിലെയും നായകസ്ഥാനം ഒഴിഞ്ഞെങ്കിലും, വിരാട് കോഹ്‌ലി എന്നും തന്റെ ക്യാപ്റ്റനായിരിക്കുമെന്ന് ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് സിറാജ്. കോഹ്‌ലിയെ സൂപ്പർ ഹീറോ എന്ന് വിശേഷിപ്പിച്ചു കൊണ്ട് സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു സിറാജിന്റെ പ്രതികരണം.
കഴിഞ്ഞ വർഷം പരിമിത ഓവർ ക്രിക്കറ്റിൽ നിന്നും നായകസ്ഥാനം ഒഴിഞ്ഞ കോഹ്ലി, ശനിയാഴ്ചയാണ് ക്രിക്കറ്റ് ആരാധകരെ മുഴുവൻ അമ്പരപ്പിച്ചു കൊണ്ട് ടെസ്റ്റ് ക്യാപ്റ്റൻസി സ്ഥാനവും ഉപേക്ഷിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ 1-2 ന് തോറ്റതിന് തൊട്ടടുത്ത ദിവസമായിരുന്നു രാജി പ്രഖ്യാപനം.
“എന്റെ സൂപ്പർഹീറോയോട്, നിങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച പിന്തുണയ്ക്കും പ്രോത്സാഹനത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങൾ എപ്പോഴും എന്റെ മൂത്ത സഹോദരനെ പോലെയായിരുന്നു. “ഇത്രയും കാലം എന്നിൽ വിശ്വസിച്ചതിനും, എന്റെ ഏറ്റവും മോശമായ അവസ്ഥയിലും നല്ലത് കണ്ടതിനും നന്ദി. നിങ്ങൾ എപ്പോഴും എന്റെ ക്യാപ്റ്റനായിരിക്കും,” സിറാജ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
കോഹ്‌ലിയുടെ കീഴിലാണ് ടെസ്റ്റ്, ഏകദിന, ടി20 ക്രിക്കറ്റിൽ സിറാജ് അരങ്ങേറ്റം കുറിച്ചത്, ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലും കോഹ്ലിക്ക് കീഴിലായിരുന്നു സിറാജ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി കളിക്കുന്നത്.
കോഹ്‌ലിക്ക് കീഴിൽ എട്ട് ടെസ്റ്റുകൾ കളിച്ച സിറാജ്, 27.04 ശരാശരിയിൽ 23 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ബുധനാഴ്ച പാർലിൽ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കായി തയ്യാറെടുക്കുകയാണ് ഇരുവരും.
Also Read: ക്യാപ്റ്റന്‍ സ്ഥാനം ആരുടേയും ജന്മാവകാശമല്ല; കോഹ്ലി ബാറ്റിങ്ങില്‍ ശ്രദ്ധിക്കണം: ഗംഭീര്‍