ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലിൽ ഇന്ത്യയുടെ കിരീട മോഹങ്ങൾ നേരത്തെ അവസാനിച്ചിരുന്നു. ലോകകപ്പിലേറ്റ തോൽവിയുടെ ആഘാതത്തിൽ നിന്ന് വിട്ടുമാറാൻ വിരാട് കോഹ്‌ലിക്കും സംഘത്തിനും ഉടൻ തന്നെ അവസരമുണ്ട്. വിൻഡീസിനെ അവരുടെ നാട്ടിൽ നേരിടാനൊരുങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം.

ഞായറാഴ്ചയാണ് വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. വിരാട് കോഹ്‌ലി നയിക്കുന്ന ടീമിൽ സീനിയർ താരങ്ങളായ ധോണിയും ഹർദിക് പാണ്ഡ്യയും മാത്രമാണുള്ളത്. 2023 ലോകകപ്പ് മുന്നിൽ കണ്ടുകൊണ്ട് തന്നെ യുവനിരയെ വളർത്തിയെടുക്കണമെന്ന ആവശ്യം തീരെ പരിഗണിക്കാതെയാണ് സെലക്ഷൻ കമ്മിറ്റി ഇത്തവണയും ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നതെന്ന വിമർശനം ശക്തമാവുകയാണ്. ലോകകപ്പിൽ ഇന്ത്യയെന്ന ടീമിന് തിളങ്ങാൻ സാധിച്ചെങ്കിലും ബാറ്റിങ്ങിൽ മധ്യനിര പൂർണ പരാജയമായിരുന്നു.

അതുകൊണ്ട് തന്നെ ശുഭ്മാൻ ഗില്ലിനെ പോലെയുള്ള താരങ്ങൾക്ക് അവസരം നൽകേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്. എന്നാൽ അത്തരത്തിൽ ഒരു നടപടിയല്ല സെലക്ഷൻ ബോർഡിന്റെ ഭാഗത്ത് നിന്നുണ്ടായത്. ലോകകപ്പിൽ ഒട്ടും തിളങ്ങാൻ സാധിക്കാതെ വന്ന കേദാർ ജാദവിനെ ടീമിലേക്ക് വീണ്ടും പരിഗണിച്ചതും ഇത്തരം വിമർശനങ്ങളുടെ മൂർച്ച കൂട്ടാൻ കാരണമായി. ടീമിൽ അർഹിച്ച സ്ഥാനം നഷ്ടമായ താരങ്ങൾ വേറെയാണ്.

ശുഭ്മാൻ ഗിൽ

ഇന്ത്യക്ക് 2018ൽ അണ്ടർ 19 ലോകകപ്പ് നേടിതരുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ശുഭ്മാൻ ഗിൽ. അന്നു മുതലാണ് ക്രിക്കറ്റ് ആരാധകരും താരത്തെ ശ്രദ്ധിച്ച് തുടങ്ങിയത്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമായി ഇതിനോടകം മികവ് തെളിയിച്ച് കഴിഞ്ഞു ശുഭ്മാൻ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇതിനോടകം മൂന്ന് സെഞ്ചുറികൾ തികച്ച താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ 268 ആണ്.

ഇന്ത്യൻ ടീമിൽ രണ്ട് തവണ അവസരം ലഭിച്ചിരുന്നെങ്കിലും താരത്തിന് തിളങ്ങാൻ സാധിച്ചിരുന്നില്ല. എന്നാൽ മികവ് കൈമുതലായുള്ള താരത്തിന് ഇനിയും അവസരം നൽകണമെന്ന് തന്നെയാണ് ക്രിക്കറ്റ് ആരാധകരും മുൻ താരങ്ങളും വാദിക്കുന്നത്.

മായങ്ക് അഗർവാൾ

ആഭ്യന്തര ക്രിക്കറ്റിൽ വർഷങ്ങളായി കളിക്കുന്ന മായങ്ക് അഗർവാളിന് എന്നാൽ രാജ്യന്തര തലത്തിൽ അവസരങ്ങൾ ലഭിച്ചിട്ടില്ല. 2018ൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ അരങ്ങേറിയ താരം രണ്ട് ടെസ്റ്റ് മത്സരങ്ങൾ കളിച്ചെങ്കിലും ഏകദിനത്തിൽ ഇതുവരെ കളിക്കാൻ സാധിച്ചിട്ടില്ല.

ലോകകപ്പിനിടിയിൽ വിജയ് ശങ്കർ പരുക്കേറ്റ് ടീമിൽ നിന്ന് പുറത്തായപ്പോൾ മായങ്ക് ടീമിനൊപ്പം ചേർന്നെങ്കിലും കളിച്ചിരുന്നില്ല. ടെക്നിക്കൽ സ്കില്ലോടുകൂടി ബാറ്റ് ചെയ്യാൻ സാധിക്കുന്ന താരമാണ് മായങ്ക്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook