അത്തരം പ്രസ്താവനകള്‍ ഒരിക്കലും ദ്രാവിഡ് നടത്തില്ല; ശാസ്ത്രിയെ വിമര്‍ശിച്ച് ഗംഭീര്‍

കഴിഞ്ഞ ട്വന്റി 20 ലോകകപ്പോടെയാണ് രവി ശാസ്ത്രി ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്

Rahul Dravid, Gautam Gambhir

ന്യൂഡല്‍ഹി: കഴിഞ്ഞ ട്വന്റി 20 ലോകകപ്പോടെയാണ് രവി ശാസ്ത്രി ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്. ലോകകപ്പിലാവട്ടെ അപ്രതീക്ഷിതമായി ഇന്ത്യ സെമി ഫൈനല്‍ കാണാതെ പുറത്താവുകയും ചെയ്തു. എന്നാല്‍ ശാസ്ത്രിയുടെ കീഴില്‍ ഇന്ത്യ സുപ്രധാനമായ പല നേട്ടങ്ങളും കൊയ്തു. ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തി. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ പരമ്പരകളും സ്വന്തമാക്കി.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഒരു കാലത്ത് സ്വപ്നം പോലും കാണാന്‍ കഴിയാതിരുന്ന കാര്യങ്ങള്‍ നേടിയിട്ടും പോരായ്മകള്‍ നിലനിന്നു ശാസ്ത്രിയുടെ കാലത്ത്. ഒരു ഐസിസി ട്രോഫി പോലും നേടാനായില്ല. 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍, 2019 ലോകകപ്പില്‍ സെമി ഫൈനല്‍, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ എന്നിങ്ങനെയാണ് ഐസിസി ടൂര്‍ണമെന്റുകളിലെ ഇന്ത്യയുടെ പ്രകടനം. അതുകൊണ്ടു തന്നെ ശാസ്ത്രിക്ക് നേരെ വിമര്‍ശനങ്ങളുമുണ്ട്.

ഇന്ത്യയുടെ വിജയങ്ങള്‍ക്ക് പിന്നാലെ ശാസ്ത്രി നടത്തിയ പുകഴ്ത്തല്‍ പ്രസ്താവനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുകയാണ് മുന്‍താരം ഗൗതം ഗംഭീര്‍. ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത് 1983 ലോകകപ്പ് നേട്ടത്തിനേക്കാള്‍ വലുതാണെന്നായിരുന്നു ശാസ്ത്രിയുടെ വാക്കുകള്‍.

“ഞാന്‍ വളരെ യാദൃശ്ചികമായി കണ്ടെത്തിയ ഒന്നാണിത്. നന്നായി കളിക്കുമ്പോള്‍ നമ്മള്‍ സ്വയം പുകഴ്ത്തി പറയാറില്ല. മറ്റുള്ളവര്‍ നമ്മുടെ വിജയത്തെക്കുറിച്ച് സംസാരിക്കുന്നതാണ് നല്ലത്. ലോകകപ്പ് നേടിയപ്പോള്‍ ആരും ഇതാണ് ഏറ്റവും മികച്ച ടീമെന്ന അവകാശ വാദവുമായി എത്തിയില്ല,” ഗംഭീര്‍ ടൈംസ് നൗ നവഭാരതിനോട് പറഞ്ഞു.

“നിങ്ങള്‍ ഓസ്ട്രേലിയയില്‍ ചരിത്രപരമായ നേട്ടം കുറിച്ചു. അത് വലിയ ജയമെന്നതില്‍ സംശയമില്ല. നിങ്ങള്‍ ഇംഗ്ലണ്ടിലും ജയിച്ചു. അതും മികച്ച പ്രകടനം തന്നെയായിരുന്നു. ജയിക്കുമ്പോള്‍ സ്വയം പ്രശംസിക്കുന്നതെന്തിനാണ്. മറ്റുള്ളവര്‍ പറയട്ടെ. ഇത്തരം പ്രസ്താവനകള്‍ ഒരിക്കലും രാഹുല്‍ ദ്രാവിഡ് നടത്തില്ല. ഇന്ത്യ നന്നായി കളിച്ചാലും ഇല്ലെങ്കിലും ദ്രാവിഡിന്റെ വാക്കുകള്‍ സന്തുലിതമായിരിക്കും. അത് കളിക്കാരിലും പ്രതിഫലിക്കും,” താരം കൂട്ടിച്ചേര്‍ത്തു.

Also Read: IND vs NZ: മൂന്നാം ട്വന്റി 20യില്‍ കൂറ്റന്‍ ജയം; പരമ്പര തൂത്തുവാരി ഇന്ത്യ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: You wont hear such statements from dravid says gambhir

Next Story
ഐഎസ്എൽ: ഈസ്റ്റ് ബംഗാൾ-ജംഷധ്പൂർ മത്സരം സമനിലയിൽISL, Indian Super League, Jamshedpur FC, East Bengal, ഈസ്റ്റ് ബെഗാൾ, ജംഷധ്പൂർ, എഫ്സി, ഐഎസ്എൽ, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com