മുംബൈ: ഇന്ത്യയുടെ 2007, 2011 ലോകകപ്പ് നേട്ടങ്ങളിലെ നിര്‍ണ്ണായക സാന്നിധ്യമായിരുന്ന ഗൗതം ഗംഭീറിന് ആശംസകള്‍ നേര്‍ന്ന് ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഖാന്‍. ഐപിഎല്ലില്‍ ഗംഭീര്‍ നായകനായിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമയാണ് ഷാരൂഖ്. ഗംഭീറിനെ സ്‌പെഷ്യല്‍മാന്‍ എന്നാണ് ഷാരൂഖ് വിശേഷിപ്പിച്ചത്.
”നിങ്ങള്‍ തന്ന സ്‌നേഹത്തിനും ലീഡര്‍ഷിപ്പിനും നന്ദി എന്റെ ക്യാപ്റ്റന്‍. നിങ്ങളൊരു സ്‌പെഷ്യല്‍മാന്‍ ആണ്. ദൈവം നിങ്ങള്‍ക്ക് നല്ലത് വരുത്തട്ടെ. പിന്നെ, നിങ്ങള്‍ കുറച്ച് കൂടെയൊക്കെ ചിരിക്കണം” എന്നായിരുന്നു ഗംഭീറിനുള്ള ഷാരൂഖിന്റെ സന്ദേശം. ഇതിന് മുമ്പും ഷാരൂഖ് ഗംഭീറിനോട് ചിരിക്കുന്നത് കൂട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുവെ അധികം ചിരിച്ചു കാണാത്ത താരമാണ് ഗംഭീര്‍. കെകെആറിനായി രണ്ട് ഐപിഎല്‍ കിരീടം നേടിക്കൊടുത്ത നായനാകനായിരുന്നു ഗംഭീര്‍. കഴിഞ്ഞ സീസണോടെ തന്റെ ആദ്യ ടീമായ ഡല്‍ഹിയിലേക്ക് ഗംഭീര്‍ മടങ്ങിയെങ്കിലും കൊല്‍ക്കത്തക്കാര്‍ക്ക് ഗംഭീറിനെ മറക്കാനാകില്ല.
ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലുമായി ഇന്ത്യക്ക് വേണ്ടി പതിനായിരത്തിലധികം റണ്‍സ് നേടിയ താരമാണ് ഗംഭീര്‍. ഇന്ത്യക്കായി 58 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച 4154 റണ്‍സ് നേടിയപ്പോള്‍, 147 മത്സരങ്ങളില്‍ ഇന്ത്യയുടെ നീലകുപ്പായത്തില്‍ താരം അടിച്ചുകൂട്ടിയത് 5238 റണ്‍സാണ്. 37 ടി20 മത്സരങ്ങളില്‍ നിന്നും 932 റണ്‍സും നേടി.
@GautamGambhir Thank u for the love & leadership my Captain.U r a special man and may Allah always keep & happy…& u should smile a bit more
— Shah Rukh Khan (@iamsrk) December 4, 2018
ഇന്ത്യ ലോകകിരീടം ഉയര്‍ത്തിയ 2011ല്‍ ടീമിലെ നിര്‍ണ്ണായക സാന്നിധ്യമായിരുന്നു ഗംഭീര്‍. ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ അതിവേഗം ഇന്ത്യയുടെ ഓപ്പണര്‍മാര്‍ മടങ്ങിയപ്പോള്‍ ക്രീസില്‍ നിലയുറപ്പിച്ച് ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച താരമാണ് ഗംഭീര്‍. സെഞ്ചുറിക്കരികില്‍ ഗംഭീര്‍ വീണെങ്കിലും വിജയതീരത്ത് ഇന്ത്യയെ എത്തിക്കുന്നതില്‍ ഗംഭീറിന്റെ ഇന്നിങ്‌സ് നിര്‍ണ്ണായകമായി.
പ്രഥമ ടി20 ലോകകപ്പ് 2007ല്‍ ഇന്ത്യന്‍ മണ്ണിലെത്തിക്കുന്നതിനും ഗംഭീര്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിരേന്ദര്‍ സെവാഗുമൊത്തുള്ള ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യന്‍ ആരാധകരെ ഏറെക്കാലം ത്രസിപ്പിച്ചിരുന്നു.
ബംഗ്ലാദേശിനെതിരെ 2003ലായിരുന്നു ഗംഭീറിന്റെ രാജ്യന്തര അരങ്ങേറ്റം. പിന്നീട് ഏറെക്കാലം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്ന താരമാണ് ഗംഭീര്‍. ടീമിന്റെ താല്‍ക്കാലിക നായകനായും ഗംഭീര്‍ തിളങ്ങി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി, കൊല്‍ക്കത്ത ടീമുകളുടെ ഭാഗമായിരുന്ന ഗംഭീര്‍ 2016ലാണ് അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കളത്തിലിറങ്ങിയത്.