മഹേന്ദ്ര സിങ് ധോണിയുടെ രാജ്യാന്തര ക്രിക്കറ്റിലെ വിരമിക്കൽ ഏറെ നാളായി ക്രിക്കറ്റ് ലോകത്തെ വലിയ ചർച്ചകളിൽ ഒന്നാണ്. സൗരവ് ഗാംഗുലി ഉൾപ്പടെയുള്ള ഇതിഹാസ താരങ്ങൾ നേരത്തെ തന്നെ വിഷയത്തിൽ അഭിപ്രായം പറഞ്ഞിരുന്നു. അടുത്തിടെ യുവരാജ് സിങ്ങിനോടു മാധ്യമ പ്രവർത്തകർ ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു “എനിക്കറിയില്ല ബോസ്. നിങ്ങളുടെ മഹാന്മാരായ സെലക്ടർമാരെ കാണുമ്പോൾ അവരോട് ചോദിക്കൂ. അത് അവരുടെ വിഷയമാണ്, എന്റേതല്ല.”

Read More: ‘ഞങ്ങള്‍ മുന്നോട്ട് പോവുകയാണ്’; എന്തുകൊണ്ട് ധോണിയില്ലെന്നതിന് മുഖ്യ സെലക്ടറുടെ മറുപടി

കളിക്കാർക്ക് പ്രചോദനം നൽകാൻ ഇന്ത്യയ്ക്ക് കുറച്ചുകൂടി മികച്ച സെലക്ടർമാരെ ആവശ്യമുണ്ടെന്നും യുവി അഭിപ്രായപ്പെട്ടു. “തീർച്ചയായും നമുക്ക് മികച്ച സെലക്ടർമാരെ ആവശ്യമുണ്ട്. സെലക്ടർമാരുടെ ജോലി അത്ര എളുപ്പമുള്ളതല്ല. അവർ 15 കളിക്കാരെ തിരഞ്ഞെടുക്കുമ്പോൾ, മറ്റ് 15പേർക്ക് എന്ത് സംഭവിച്ചുവെന്ന തരത്തിൽ സംസാരങ്ങൾ ഉണ്ടാകും. അത് ബുദ്ധിമുട്ടുള്ള​ ജോലിയാണ്. ഇന്നത്തെ ക്രിക്കറ്റ് ലോകത്ത് അവർ വേണ്ടത്ര ചിന്തിക്കുന്നില്ല. ഇത് എന്റെ അഭിപ്രായമാണ്” യുവരാജ് വ്യക്തമാക്കി.

Read More: ചാംപ്യന്മാർ ഒന്നും വേഗം അവസാനിപ്പിക്കില്ല; ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ഗാംഗുലി

“ഞാൻ എപ്പോഴും കളിക്കാരെ സംരക്ഷിക്കണമെന്ന് അഭിപ്രായമുള്ള ആളാണ്. അവരെക്കുറിച്ച് പോസിറ്റീവ് ആയേ ചിന്തിക്കുന്നുള്ളൂ. നിങ്ങളുടെ കളിക്കാരെ കുറിച്ചും ടീമിനെ കുറിച്ചും നെഗറ്റീവായി സംസാരിക്കുന്നത് വളരെ മോശമാണ്. കാര്യങ്ങൾ ശരിയാകാതെ വരുമ്പോൾ നിങ്ങൾ കളിക്കാർക്ക് പ്രചോദനം നൽകണം. മോശം സമയത്ത് എല്ലാവരും മോശമായേ സംസാരിക്കൂ. നമുക്ക് തീർച്ചയായും നല്ല സെലക്ടർമാരെ ആവശ്യമുണ്ട്.”

ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടറെ പോലെ ഒരിക്കലും ഒരു ഇന്ത്യന്‍ താരത്തിന്‌ ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കാൻ കഴിയില്ല. തന്റെ അവസരം നഷ്ടപ്പെടുമെന്ന ഭയമാണ് അവർക്കെന്നും യുവരാജ് സിങ് പറഞ്ഞു.

“പുറത്ത് കാണുന്നത് പോലെ കളിക്കാർക്ക് ക്ഷീണമുണ്ടെങ്കിലോ മാനസികമായ തളർച്ചയുണ്ടെങ്കിലോ മാറി നിൽക്കാൻ ഇവിടെ സാധിക്കില്ല. ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ കാര്യത്തിൽ നമ്മൾ കണ്ടതാണ്. അദ്ദേഹം ഇടവേള എടുത്തു. നമ്മുടെ കളിക്കാർക്ക് അത് ചെയ്യാൻ കഴിയില്ല. കാരണം അവർക്ക് തങ്ങളുടെ സ്ഥാനം നഷ്ടപ്പെടുമെന്ന ഭയമാണ്. അതിനാൽ കളിക്കാരുടെ ഒരു അസോസിയേഷൻ വളരെ പ്രധാനമാണ്” യുവരാജ് അഭിപ്രായപ്പെട്ടു.

മാനസികാരോഗ്യ ബുദ്ധിമുട്ടുകളാൽ മാക്‌സ്‌വെൽ അടുത്തിടെ ക്രിക്കറ്റിൽ നിന്ന് ഒരു ചെറിയ ഇടവേള എടുത്തിരുന്നു. മാക്‌സ്‌വെല്ലിനെ ടീമില്‍ നിന്നു മാറ്റി നിര്‍ത്തുകയാണെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് പിന്നീട് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. മാനസികനില തൃപ്തികരമല്ലാത്തതിനാലാണ് താരത്തെ മാറ്റി നിര്‍ത്തുന്നതെന്നും കുറച്ചു നാളത്തേക്ക് താരം ടീമിന്റെ ഭാഗമായിരിക്കില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook