വിദേശ പര്യടനത്തിന് മുമ്പ് തന്നെ തന്റെ ടീം സെലക്ഷനില്‍ പഴുതുകളില്ലെന്ന് ഉറപ്പു വരുത്തുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. യോ യോ ടെസ്റ്റില്‍ പാസാകാത്തവര്‍ക്ക് ടീമില്‍ ഇടമില്ലെന്ന് ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ ശാസ്ത്രി വ്യക്തമാക്കി.

”പാസായാല്‍ നിങ്ങള്‍ക്ക് കളിക്കാം. തോറ്റാല്‍ തോറ്റു,” എന്നായിരുന്നു യോ യോ ടെസ്റ്റിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ശാസ്ത്രിയുടെ മറുപടി. തന്റെ നിലപാടും ഫിലോസഫിയും വ്യക്തമാക്കുകയാണ് ഇതിലൂടെ ശാസ്ത്രി ചെയ്യുന്നത്. മുതിര്‍ന്ന താരങ്ങളടക്കം യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ടീമിന് പുറത്തായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ടെസ്റ്റില്‍ നിന്നും പിന്നോട്ടില്ലെന്ന് ശാസ്ത്രി നിലപാട് വ്യക്തമാക്കുന്നത്.

പരിശീലകന്റെ വാക്കുകളെ നായകന്‍ വിരാട് കോഹ്‌ലിയും അംഗീകരിക്കുന്നു. തീരുമാനം കടുത്തതാണെങ്കിലും ടീമിന് ഉപകരിക്കുന്നതാണെന്നും അതില്‍ വികാരം കൊണ്ടിട്ട് കാര്യമില്ലെന്നുമായിരുന്നു വിരാട് പറഞ്ഞത്.

”ഫിറ്റ്‌നസിന്റേയും കഴിവിന്റെ കോമ്പിനേഷനാണത്. ഫിറ്റാണെങ്കില്‍ കഴിവ് പുറത്തെടുക്കാന്‍ കഴിയും. അതാണ് യോ യോ ടെസ്റ്റില്‍ നിന്നും മനസിലാക്കിയിട്ടുള്ളത്. അതുകൊണ്ട് യോ യോ ടെസ്റ്റ് ഇവിടെ തന്നെയുണ്ടാകും. വെറുതെ ആണിതെന്ന് കരുതുന്നവര്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ് അത്തരക്കാര്‍ക്ക് മടങ്ങാം,” ശാസ്ത്രി പറയുന്നു.

”ഫിലോസഫി വളരെ ലളിതമാണ്. പാസായാല്‍ കളിക്കാം, പാസായില്ലെങ്കില്‍ പുറത്ത് ഇരിക്കാം. ക്യാപ്റ്റന്‍ തന്നെയാണ് മുന്നില്‍ നിന്നു നയിക്കുന്നത്. ഇക്കാര്യത്തില്‍ സെലക്‌ടര്‍മാരും ടീം മാനേജുമെന്റും യോജിപ്പിലുമാണ്.” ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ