ഇന്ത്യയുടെ കളികള്‍ കാണാന്‍ ഗ്യാലറിയിലേക്ക് വരണമെന്ന് ആരാധകരോട് അഭ്യര്‍ഥിച്ചു കൊണ്ടുള്ള വീഡിയോയ്‌ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. തന്റെ പ്രായവും ഒഴിഞ്ഞ വയറുമാണ് അത്തരത്തിലൊരു വീഡിയോ പോസ്റ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് ഛേത്രി പറയുന്നത്. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് നേടിയതിന് പിന്നാലെ ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഛേത്രിയുടെ വെളിപ്പെടുത്തല്‍.

എന്തുകൊണ്ട് അത്തരത്തിലൊരു വീഡിയോ പോസ്റ്റ് ചെയ്‌തെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. തമാശ രൂപേണയായിരുന്നു താരത്തിന്റെ മറുപടി.

”എനിക്ക് പ്രായമായി കൊണ്ടിരിക്കുകയാണ്. രാവിലെ ബ്രേക്ക് ഫാസ്റ്റ് കൃത്യസമയത്ത് കിട്ടിയില്ലെങ്കില്‍ ഇതുപോലുള്ള ചിന്തകളൊക്കെ വരുന്നത് അതുകൊണ്ടാണ്. അങ്ങനെയാണ് വീഡിയോ ഒക്കെ പോസ്റ്റ് ചെയ്യുന്നത്,” അദ്ദേഹം ചിരിച്ചു കൊണ്ട് പറയുന്നു.

”എന്തു ചെയ്യാം പ്രായമായി വരികയല്ലേ, പോരാത്തതിന് ഞാനിപ്പോള്‍ വിവാഹിതനുമാണ്,” എന്നും ഛേത്രി കൂട്ടിച്ചേര്‍ത്തു. പ്രായമായെന്ന് പറഞ്ഞ ഛേത്രിയോട് വിരമിക്കലിനെ കുറിച്ച് ചോദിച്ചപ്പോള്‍ യാതൊരു സാധ്യതയുമില്ലെന്ന് വ്യക്തമാക്കി താരം.

”അതൊരു തമാശയായിരുന്നു. ഞാന്‍ എവിടേയും പോകുന്നില്ല. ഇവിടെ തന്നെ എന്റെ കളി കളിച്ചു കൊണ്ടുണ്ടാകും,” ഛേത്രി വ്യക്തമാക്കുന്നു. അതേസമയം, തന്റെ മാതാപിതാക്കള്‍ എങ്ങനെയാണ് തന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്തുണ നല്‍കിയതെന്നും ഛേത്രി പറഞ്ഞു.

”ഫുട്‌ബോള്‍ കളിക്കണമെന്ന് അറിയിച്ചപ്പോള്‍ എന്റെ മാതാപിതാക്കള്‍ ഒപ്പം നില്‍ക്കുകയായിരുന്നു. എന്റെ അമ്മ നേപ്പാള്‍ നാഷണല്‍ ടീമില്‍ കളിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ക്ക് അറിയാം രാജ്യത്തിന് വേണ്ടി കളിക്കുക എന്നു പറഞ്ഞാല്‍ എന്താണെന്ന്”, താരം പറയുന്നു.

അതുപോലെ തന്നെ മറ്റ് രക്ഷിതാക്കളോടും തങ്ങളുടെ മക്കളുടെ സ്വപ്‌നങ്ങളെ പിന്തുണയ്‌ക്കാന്‍ താന്‍ ആവശ്യപ്പെടുന്നുവെന്നും താരം പറഞ്ഞു. അത് ഭാവിയില്‍ കുട്ടികള്‍ തനിക്ക് ബൈജുങ് ബൂട്ടിയ ആകണമെന്ന് പറയുന്ന സാഹചര്യമുണ്ടാക്കുമെന്നും ഛേത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ