മുൻ ഇന്ത്യൻ നായകൻ എം.എസ്.ധോണിക്കെതിരെ യുവരാജ് സിങ്ങിന്രെ പിതാവും മുൻ ഇന്ത്യൻ താരവുമായ യോഗ്‌രാജ് സിങ്. അമ്പാട്ടി റായിഡു വിരമിക്കൽ തീരുമാനം പിൻവലിക്കണമെന്നും യോഗ്‌രാജ് ആവശ്യപ്പെട്ടു. നേരത്തെയും നിരവധി തവണ ധോണിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുള്ള ആളാണ് യോഗ്‌രാജ്.

“അമ്പാട്ടി റായിഡു കളി തുടരണമായിരുന്നു. രഞ്ജി ട്രോഫിയിലും, ഇറാനി ട്രോഫിയിലും ദുലീപ് ട്രോഫിയിലും കളിച്ച് സെഞ്ചുറികളും ഡബിൾ സെഞ്ചുറികളും ട്രിപ്പിൾ സെഞ്ചുറികളും നേടണം. അതിന് സാധിക്കുന്ന താരമാണ് റായിഡു. പ്രിയപ്പെട്ട മകനെ നീ തീരുമാനം പിൻവലിക്കണം, തിരികെ വരണം നിനക്ക് എന്ത് സാധിക്കുമെന്ന് തെളിയിച്ച് കൊടുക്കണം. ധോണിയെ പോലുള്ള മാലിന്യങ്ങൾ എന്നും നിലനിൽക്കില്ല,” യോഗ്‌രാജ് പറഞ്ഞു.

അടുത്തിടെയാണ് മധ്യനിര ബാറ്റ്സ്മാൻ അമ്പാട്ടി റായിഡു രാജ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ലോകകപ്പ് ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയിട്ടും താരത്തെ പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് അമ്പാട്ടി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ഇനി മുതല്‍ അമ്പാട്ടി റായിഡു ഉണ്ടാകില്ല.

പരുക്കേറ്റ് മടങ്ങുന്ന വിജയ് ശങ്കറിന് പകരമായി റായിഡുവിനെ പരിഗണിക്കാതെ മായങ്ക് അഗര്‍വാളിനെ ടീമിലെടുക്കാനുള്ള തീരുമാനത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോൾ യോഗ്‌രാജ് കൂടി ധോണിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook