ക്രിക്കറ്റ് ചരിത്രത്തിലെ 82 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ താരം യാസിർ ഷാ. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 200 വിക്കറ്റുകൾ തികയ്ക്കുന്ന താരമായാണ് യാസിർ ഷാ മാറിയത്. ന്യൂസിലൻഡിനെതിരെ അബുദാബിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിലാണ് യാസിർ ഷായുടെ ചരിത്ര വിക്കറ്റ് നേട്ടം.
അബുദാബി ടെസ്റ്റിന്റെ നാലാം ദിനം വില്യം സോമർവില്ലയെ പുറത്താക്കിയാണ് യാസിർ ഷാ 200 വിക്കറ്റുകൾ ടെസ്റ്റ് ക്രിക്കറ്റിൽ പൂർത്തിയാക്കിയത്. മത്സരത്തിൽ താരത്തിന്റെ അഞ്ചാം വിക്കറ്റുമായിരുന്നു അത്. 33 ടെസ്റ്റ് മത്സരങ്ങളിൽ നിന്നുമാണ് യാസിർ ഷാ 200 വിക്കറ്റ് നേട്ടത്തിലെത്തിയത്.
രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പ് 1936ൽ ഓസ്ട്രേലിയക്കാരൻ ക്ലാരി ഗ്രിമ്മെറ്റ് കുറിച്ച റെക്കോർഡാണ് യാസിർ തന്റെ പേരിൽ തിരുത്തിയെഴുതിയത്. 36 ടെസ്റ്റ് മത്സരങ്ങളിൽ നിന്നുമാണ് ഗ്രിമ്മെറ്റ് 200 വിക്കറ്റുകൾ തികച്ചത്.
നേരത്തെ ഇന്ത്യൻ സ്പിന്നർ ആർ അശ്വിനും റെക്കോർഡ് തിരുത്താൻ അവസരം ഉണ്ടായിരുന്നെങ്കിലും അന്ന് അശ്വിന് അത് സാധിച്ചിരുന്നില്ല. 2016 ലാണ് അശ്വിൻ റെക്കോർഡിന് അടുത്തെത്തിയത്. എന്നാൽ 37 മത്സരങ്ങളിൽ നിന്നുമാണ് അശ്വിൻ 200 വിക്കറ്റിലെത്തിയത്.
ഓസ്ട്രേലിയൻ ഇതിഹാസം ഡെന്നിസും പാക് പേസർ വഖാർ യൂനിസും 38 മത്സരങ്ങളിൽ കളിച്ച ശേഷമാണ് 200 വിക്കറ്റുകൾ നേടാനായതെങ്കിൽ. തീപ്പൊരി പന്തുകൾ കൊണ്ട് എതിരാളികളെ വിറപ്പിച്ച ഡെയ്ൽ സ്റ്റെയിൻ 39 മത്സരങ്ങളിൽ നിന്നുമാണ് നേട്ടത്തിലെത്തിയത്.