രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ പത്ത് വിക്കറ്റ് നേട്ടം ആഘോഷിച്ച രണ്ട് താരങ്ങളാണുള്ളത്. ഇംഗ്ലണ്ടിന്റെ ജിം ലേക്കറാണ് ആ നേട്ടം കൈവരിച്ച ആദ്യ താരം. പിന്നീട് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബോളർമരിലൊരാളായ അനിൽ കുംബ്ലെയും പത്ത് വിക്കറ്റ് വീഴ്ത്തി ചരിത്രത്തിന്റെ ഭാഗമായി.

1999 ൽ പാക്കിസ്ഥാനെതിരെ ഒരു ഇന്നിങ്സിൽ മാത്രമല്ല ഒരു ദിവസം തന്നെ ബാറ്റിങ്ങിനെത്തിയ പത്ത് പേരെയും കുംബ്ലെ മടക്കി. ഏകദേശം 19 വർഷങ്ങൾക്കിപ്പുറം കുംബ്ലെയ്ക്ക് ഒരു പിൻഗാമിയെ ലഭിച്ചിരിക്കുകയാണ്, അതും പാക്കിസ്ഥാനിൽ നിന്ന് തന്നെ.

പാക് സ്പിന്നർ യാസിർ ഷായാണ് ഒരു ദിവസം തന്നെ പത്ത് വിക്കറ്റ് വീഴ്ത്തി ചരിത്രത്തിന്റെ ഭാഗമായത്. ന്യുസിലൻഡിനെതിരെ ദുബായിൽ നടക്കുന്ന രണ്ടാം ടെസ്റ്റിലാണ് യാസിർ ഷായുടെ പ്രകടനം. പാക്കിസ്ഥാൻ ഉയർത്തിയ 418 റൺസ് പിന്തുടർന്ന ന്യൂസിലൻഡിനെ 90 റൺസിന് പാക്കിസ്ഥാൻ പുറത്താക്കിയതിൽ നിർണ്ണായക പങ്ക് വഹിച്ചത് യാസിർ ഷാ ആയിരുന്നു.

ആദ്യ ഇന്നിങ്സിൽ ന്യൂസിലൻഡിന്രെ എട്ട് വിക്കറ്റ് വീഴ്ത്തിയ യാസിർ ഷാ, ഫോളോ ഓൺ ചെയ്ത കിവിസിന്റെ രണ്ട് ചിറകുകൾ രണ്ടാം ഇന്നിങ്സിലും അരിഞ്ഞു. ഇതോടെ കുംബ്ലെയ്ക്ക് ശേഷം ഒരു ദിവസം പത്ത് വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ താരമായി യാസിർ ഷാ മാറി. എന്നാൽ കുംബ്ലെയുടെ ഒരു ഇന്നിങ്സിലെ നേട്ടം എന്ന കടമ്പ കടക്കാൻ അദ്ദേഹത്തിന് ആയില്ല.

മികച്ച തുടക്കമാണ് ന്യൂസിലൻഡിന് ലഭിച്ചത്, ഒരു ഘട്ടത്തിൽ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 50 റൺസ് എന്ന നിലയിൽ ആയിരുന്ന കിവിസ് യാസിറിന്റെ സ്പിൻ തന്ത്രത്തിൽ തകരുകയായിരുന്നു. 27 പന്തുകൾക്കുള്ളിൽ 7 വിക്കറ്റാണ് താരം വീഴ്ത്തിയത്. ആദ്യ ഇന്നിങ്സിൽ 41 റൺസ് വിട്ട് നൽകിയാണ് എട്ട് വിക്കറ്റ് വീഴ്ത്തിയത്.

ആറ് ന്യൂസിലൻഡ് താരങ്ങളാണ് പൂജ്യത്തിന് പുറത്തായത്. ജീത്ത് റാവൽ, ടോം ലതാം, റോസ് ടെയ്‍ലർ, ഹെൻറി നിക്കോളാസ്, ഇഷ് സോധി, നീൽ വാഗ്നർ, അജാസ് പട്ടേൽ, ട്രെന്റ് ബോൾട്ട് എന്നിവരെ ആദ്യ ഇന്നിങ്സിൽ പുറത്താക്കിയ യാസിറിന്റെ രണ്ടാം ഇന്നിങ്സിലെ ഇരകൾ ജീത്ത് റാവലും നായകൻ വില്യംസണും ആയിരുന്നു.

1956 ൽ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു ജിം ലേക്കറുടെ പത്ത് ഇന്നിങ്സിലെ പത്ത് വിക്കറ്റ് നേട്ടം. രണ്ട് ഇന്നിങ്സുകളിലായി 19 വിക്കറ്റാണ് ലേക്കർ വീഴ്ത്തിയത്. 1999 ൽ ഡൽഹിയിൽ പാക്കിസ്ഥാനെതിരെയായിരുന്നു കുംബ്ലെയുടെ നേട്ടം. ഈ നൂറ്റാണ്ടിൽ പത്ത് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ താരമായും യാസിർ ഷാ മാറി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ