പൊച്ചെഫ്സ്ട്രൂം: തുടർച്ചയായ രണ്ടാം ലോകകിരീടം ലക്ഷ്യമിട്ട് അണ്ടർ 19 ലോകകപ്പിന്റെ കലാശപോരാട്ടത്തിനിറങ്ങിയ ഇന്ത്യയ്ക്ക് ബംഗ്ലാദേശിന് മുന്നിൽ കാലിടറിയെങ്കിലും അഭിമാനമായി യശസ്വി ജയ്സ്വാൾ. ഫൈനൽ പോരാട്ടത്തിലും അർധസെഞ്ചുറി പ്രകടനവുമായി തിളങ്ങിയ യശസ്വി ടൂർണമെന്റിലെ മികച്ച താരവുമായി തിരഞ്ഞെടുക്കപ്പെട്ടു. ആറു മത്സരങ്ങളിൽ നിന്ന് 400 റൺസുമായാണ് ഇന്ത്യയുടെ ഈ യുവതാരം ലോകകപ്പ് വേദിയിൽ ടോപ് സ്കോററായി മാറിയത്.

ഇന്ത്യൻ ബാറ്റിങ് നിരയിൽ വന്നവർ വന്നവർ കൂടാരം കയറിയപ്പോൾ ക്രീസിൽ നിലയുറപ്പിച്ച് കളിച്ച യശസ്വിയായിരുന്നു ബംഗ്ലാദേശിനെതിരെ ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 121 പന്തിൽ 88 റൺസാണ് താരം നേടിയത്. ഇതിൽ എട്ട് ഫോറും ഒരു സിക്സും ഉൾപ്പെടുന്നു. പാക്കിസ്ഥാനെതിരെ യശസ്വിയുടെ സെഞ്ചുറിയായിരുന്നു ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

Also Read: കലാശപോരാട്ടത്തിന് ശേഷം കയ്യാങ്കളി; മൈതാനത്ത് ഏറ്റുമുട്ടി ഇന്ത്യ-ബംഗ്ലാദേശ് താരങ്ങൾ

പാക്കിസ്ഥാനെതിരെ 113 പന്തിൽ എട്ടു ഫോറും നാലു സിക്സും സഹിതം 105 റൺസുമായി ജയ്സ്വാൾ പുറത്താകാതെ നിന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ശ്രീലങ്കയ്‌ക്കെതിരെ 59 , ജപ്പാനെതിരെ 29*, ന്യൂസീലൻഡിനെതിരെ 57*, ക്വാർട്ടർ ഫൈനലിൽ ഓസ്ട്രേലിയയ്‌ക്കെതിരെ 62 എന്നിങ്ങനെയായിരുന്നു ജയ്സ്വാളിന്റെ ടൂർണമെന്റിലെ പ്രകടനം. ജപ്പാനെതിരെ മാത്രമാണ് ജയ്സ്വാളിന് അർധസെഞ്ചുറി കടക്കാനാകാതെ പോയത്. അന്ന് ജപ്പാനെ ഇന്ത്യ 41 റൺസിന് പുറത്താക്കിയതാണ് തിരിച്ചടിയായത്.

Also Read: പാനി പൂരി വിൽപ്പനക്കാരിൽ നിന്ന് കോടിപതിയിലേക്ക്; ഐപിഎൽ ലേലത്തിൽ താരമായി യശസ്വി ജയ്‌സ്വാൾ

അണ്ടർ 19 ലോകകപ്പിൽ ടൂർണമെന്റിലെ താരമാകുന്ന നാലമത്തെ ഇന്ത്യൻ താരമാണ് യശസ്വി. യുവരാജ്, ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ എന്നീ താരങ്ങളാണ് ഇതിനുമുമ്പ് അണ്ടർ 19 ലോകകപ്പിൽ മികച്ച താരങ്ങളായ തികഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാർ.

Also Read: കണ്ണീർ’മഴ’യിൽ ഇന്ത്യ; ചരിത്രമെഴുതി ബംഗ്ലാദേശിന് അണ്ടർ 19 ലോക കിരീടം

ഇന്ത്യൻ നായകൻ വിരാട് കോലി റൺ ചേസിങ്ങിലെ രാജാവാണെങ്കിൽ, രാജകുമാരനാണ് യശ്വസി ജയ്‌സ്വാൾ. യൂത്ത് ഏകദിനത്തിൽ ജയ്‌സ്വാൾ ഇതുവരെ നേടിയത് മൂന്നു സെഞ്ചുറികളാണ്. മൂന്നും രണ്ടാമതു ബാറ്റു ചെയ്യുമ്പോഴാണെന്നു മാത്രമല്ല, ടീമിനു വിജയവും സമ്മാനിച്ചു. ഉന്മുക്ത് ചന്ദിനുശേഷം യൂത്ത് ഏകദിനത്തിൽ രണ്ടാമതു ബാറ്റു ചെയ്യുമ്പോൾ മൂന്ന് സെഞ്ചുറികൾ നേടുന്ന ആദ്യ താരമാണ് ജയ്‌സ്വാൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook