ഐപിഎൽ താരലേലത്തിൽ ശരിക്കും താരമായത് ഉത്തർപ്രദേശുകാരൻ യശസ്വി ജയ്സ്വാളാണ്. പതിനേഴുകാരനായ ഈ വലംകയ്യൻ ബാറ്റ്സ്മാനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത് 2.4 കോടി രൂപയ്ക്കാണ്. ജീവിതം മുമ്പോട്ട് കൊണ്ടുപോകാൻ തെരുവിൽ പാനി പൂരി വിറ്റ് ജീവിച്ചിരുന്ന യശ്സ്വി കോടിപതിയായത് മിനിറ്റുകൾ മാത്രം നീണ്ട ലേലംവിളിയിലൂടെയാണ്. ആഭ്യന്തര ക്രിക്കറ്റിൽ തന്റെ സ്ഥാനം ഇതിനോടകം ഉറപ്പിച്ച യശസ്വിക്ക് ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ വലിയ നേട്ടങ്ങൾ കൊയ്യാമെന്ന പ്രതീക്ഷയിലാണ്.
20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന യശസ്വി ജയ്സ്വാളിനായി നിരവധി ടീമുകളാണ് രംഗത്തെത്തിയത്. ആദ്യം മുംബൈയാണ് താരത്തിനായി കരുക്കൾ നീട്ടിയത്. പിന്നാലെ രാജസ്ഥാൻ റോയൽസ്, കിങ്സ് ഇലവൻ പഞ്ചാബ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളും താരത്തിന്റെ വില കൂട്ടികൂട്ടി പോയി.
ഒടുവിൽ സ്റ്റീവ് സ്മിത്തിന്റെ രാജസ്ഥാൻ റോയൽസ് 2.4 കോടി രൂപയ്ക്ക് യശസ്വി ജയ്സ്വാളിനെ സ്വന്തമാക്കി. താരലേലത്തിൽ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയ താരങ്ങളുടെ പട്ടികയിലാണ് യശസ്വി ജയ്സ്വാളിന്റെ പേരും രേഖപ്പെടുത്തുന്നത്.
Also Read: IPL Auction 2020 LIVE Updates in Malayalam
2001 ഡിസംബർ 28ന് ഉത്തർപ്രദേശിലെ സുരിയാവാനിലാണ് ജയ്സ്വാളിന്റെ ജനനം. ആറു കുട്ടികളിൽ നാലാമനായ ജയ്‌സ്വാൾ ചെറിയ പ്രായത്തിൽ തന്നെ ക്രിക്കറ്റ് പരിശീലനത്തിന് മുംബൈയിലേക്ക് താമസം മാറി. അവിടെ പട്ടിണിയോട് മല്ലടിച്ചും പാനി പൂരി വിറ്റും അവൻ തന്റെ ലക്ഷ്യത്തിലേക്കുള്ള ചുവടുകൾ അടുപ്പിച്ചു. 2013ൽ ജ്വാല സിങ് രക്ഷാകർതൃത്വം ഏറ്റെടുത്തതോടെയാണ് ജയ്സ്വാളിന്റെ ക്രിക്കറ്റ് കരിയർ വഴിതിരിയുന്നത്.
Also Read: ആവേശം വേണ്ട അനിയാ; സമയമായിട്ടില്ലെന്ന് അയ്യരോട് കോഹ്‌ലി
മുംബൈയ്ക്കുവേണ്ടി കഴിഞ്ഞ രഞ്ജി ട്രോഫി സീസണിലായിരുന്നു ജയ്സ്വാളിന്രെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അരങ്ങേറ്റം. വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ട സെഞ്ചുറി നേടിയ താരം വീണ്ടും വാർത്തകളിൽ സജീവമായി. 154 പന്തിൽ നിന്ന് 203 റൺസാണ് താരം അടിച്ചെടുത്തത്. വരുൻ ആരോൺ, ഷഹ്ബാസ് നദീം എന്നിവരടങ്ങുന്ന ബോളിങ് നിരയ്ക്കെതിരെയായിരുന്നു യശസ്വി ജയ്സ്വാളിന്റെ വെടിക്കെട്ട്. നിലവിൽ 2020ൽ നടക്കുന്ന അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും ജയ്സ്വാൾ ഇടംപിടിച്ചിട്ടുണ്ട്.