ക്രിക്കറ്റ് മൈതാനത്ത് അത്ഭുത പ്രകടനവുമായി കൗമാരതാരം. മുംബൈയുടെ ഓപ്പണറായ യശസ്വി ജെയ്സ്വാളാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ ഡബ്ബിള്‍ സെഞ്ചുറി നേടിയതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്സ്മാനായി മാറിയിരിക്കുകയാണ് ജെയ്സ്വാള്‍. 17 വയസാണ് ജെയ്സ്വാളിന്. ലിസ്റ്റ് എയുടെയും ഏകദിനത്തിന്റെയും ചരിത്രത്തില്‍ ഡബ്ബിള്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമായി മാറിയിരിക്കുകയാണ് ജെയ്സ്വാള്‍.
12 സിക്സും 17 ഫോറുമടക്കം 154 പന്തുകളില്‍നിന്നു 203 റണ്‍സാണ് ജെയ്സ്വാള്‍ നേടിയിരിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയുടെ ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ജെയ്സ്വാളിന്റെ ഉരട്ട സെഞ്ചുറിയുടെ കരുത്തില്‍ ജാര്‍ഖണ്ഡിനെതിരെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സാണ് നേടിയത്.
ടൂര്‍ണമെന്റില്‍ ഇത് മൂന്നാം തവണയാണ് ജെയ്സ്വാള്‍ സെഞ്ചുറി കടക്കുന്നത്. ലിസ്റ്റ് എയില്‍ വിജയ് ഹസാരെയിലൂടെ അരങ്ങേറിയ ജെയ്സ്വാള്‍ അഞ്ച് മത്സരം മാത്രം കളിച്ച് 585 റണ്‍സാണ് ഇതുവരെ നേടിയത്. വിജയ് ഹസാരെ ട്രോഫിയിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ തമിഴ് നാടിന്റെ ബാബ അപാരജിത്തിനെ മറികടന്ന് ഒന്നാം സ്ഥാനത്തേക്കും ജെയ്സ്വാള്‍ ഇതോടെ എത്തി.
അതിവേഗം ഡബ്ബിള്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് മലയാളി താരം സഞ്ജു സാംസണ് സ്വന്തമാക്കി ദിവസങ്ങള്‍ക്ക് പിന്നാലെയാണ് ജെയ്സ്വാളിന്റെ പ്രകടനം. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഡബ്ബിള്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമാണ് ജെയ്സ്വാള്‍. വിജയ് ഹസാരെ ട്രോഫിയുടെ ചരിത്രത്തിലെ മൂന്നാമത്തെ മാത്രം ഡബ്ബിള്‍ സെഞ്ചുറിയാണ് ജെയ്സ്വാളിന്റേത്.
നേരത്തെ, ഇംഗ്ലണ്ടിനും ബംഗ്ലാദേശിനുമെതിരായ അണ്ടര്‍ 19 ത്രിരാഷ്ട്ര പരമ്പരയില്‍ നാല് അര്‍ധ സെഞ്ചുറികളും ജെയ്സ്വാള്‍ നേടിയിരുന്നു. യുവതാരങ്ങള്‍ ഒന്നിന് പുറമെ ഒന്നായി മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടുമ്പോള്‍ ഇന്ത്യയുടെ ഭാവി ശോഭനമാണെന്ന് ഉറപ്പിച്ചു പറയാനാകും.