ഇന്‍റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് ഫുട്ബോളില്‍ ലിവർപൂളിന് തകർപ്പൻ ജയം. ഒന്നിനെതിര നാലു ഗോളുകൾക്കാണ് പ്രിമീയർ ലീഗിലെ എതിരാളികളായ മാഞ്ചസ്റ്റ‍ർ‍ യൂണൈറ്റഡിനെ ലിവർപൂൾ പരാജയപ്പെടുത്തിയത്.

അമേരിക്കയിൽ നടന്ന മത്സരത്തിൽ ഇരുപത്തെട്ടാം മിനിറ്റിൽ സെന​ഗൽ താരം സാദിയോ മാനെയുടെ പെനാൽറ്റിയിലൂടെ ലിവർപൂൾ മുന്നിലെത്തി. എന്നാൽ മൂന്ന് മിനിറ്റിനകം ആന്ദ്രേസ് പെരേര യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. ലിവർപൂൾ രണ്ടാം പകുതിയിലാണ് അടുത്ത മൂന്ന് ഗോളുകൾ നേടിയത്.

ഷാഖിരി നൽകിയ പാസ് വലയിലാക്കിയാണ് സ്റ്ററിഡ്‌ജ് രണ്ടാം പകുതിയിൽ ലിവർപൂളിനെ മുന്നിലെത്തിച്ചത്. ഇതിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും പെനാൽറ്റി വഴങ്ങി. കിക്കെടുത്ത ഷെയി ഓജോ ലക്ഷ്യം കണ്ടതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി ഉറപ്പിച്ചതാണ്.

എന്നാൽ തകർപ്പനൊരു ബൈസൈക്കിൾ കിക്കിലൂടെ ഷാഖിരി, യുണൈറ്റഡിന്റെ പെട്ടിയിൽ അവസാന ആണിയും അടിച്ചു. മറ്റൊരു മത്സരത്തിൽ  ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിനെ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റി തകർത്തത്.

ബയേണിനെതിരെ രണ്ട് ​ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു സിറ്റി ജയിച്ച് കയറിയത്. മെരിറ്റൻ ഷബാനി, ആര്യൻ റോബൻ എന്നിവരുടെ ​ഗോളുകളിൽ മുന്നിലായിരുന്നു ബയേൺ. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബെർണാർഡോ സിൽവ ഗോൾ മടക്കി.

രണ്ടാം പകുതിയിൽ, ലൂക്കാസ് മെഷയും പിന്നീട് സിൽവ തന്നേയും നേടിയ ​ഗോളുകളോടെ സിറ്റി വിജയം പിടിച്ചുവാങ്ങി. മറ്റ് പ്രധാന മത്സരങ്ങളിൽ യുവന്റസ് ബെൻഫിക്കയേയും ചെൽസി ഇന്റർ മിലാനേയു പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook