ചാമ്പ്യന്‍സ് ലീഗിലെ റയല്‍ മാഡ്രിഡിന്‍റെ വിജയത്തെ പുകഴ്ത്തി ബാര്‍സിലോണയുടെ മുന്‍ താരമായിരുന്ന സാവി. വിജയിക്കുന്നതിനുള്ള ഒരു ജീന്‍ റയല്‍ മാഡ്രിഡിനുണ്ടെന്നാണ് സാവി പറഞ്ഞത്.

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെ 3-1 നു പരാജയപ്പെടുത്തിയാണ് റയല്‍ ജേതാക്കളായത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് റയല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തം തട്ടകത്തിലേക്ക് കൊണ്ട് വരുന്നത്.

ബാര്‍സിലോണയെ വിമര്‍ശിക്കാനും സാവി മറന്നില്ല. ബാര്‍സ ഉറങ്ങിക്കൊണ്ടിരിക്കുക ആണെന്നാണ്‌ ഫൈനല്‍ പോലും കാണാതെ പുറത്തായ തന്‍റെ മുന്‍ ടീമിനെ കുറിച്ച് താരം പ്രതികരിച്ചത്. നാല് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ ബാര്‍സിലോണ ടീമില്‍ സാവി ഉണ്ടായിരുന്നു.

“റയല്‍ മാഡ്രിഡിന്‍റെ കണ്‍വെട്ടത്ത് തന്നെ ഭാഗ്യമുണ്ടായിരുന്നു. നെയ്‌മര്‍, റോബന്‍, ബോയ്‌റ്റന്‍ എന്നീ താരങ്ങളുടെ പരുക്കുകള്‍, റഫറിമാരുടെ പിഴവുകള്‍ എല്ലാം റയലിന്റെ വിജയത്തില്‍ പങ്ക് വഹിക്കുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ലിവര്‍പൂള്‍ കളിക്കാരനായിരുന്ന സലാഹയുടെ പരുക്കാണ്” ചാമ്പ്യന്‍സ് ലീഗില്‍ മാഡ്രിഡിന് ലഭിച്ച ഭാഗ്യങ്ങളെപ്പറ്റി താരം പറഞ്ഞു.

“ബാര്‍സിലോണയ്ക്ക് വിജയിച്ച ചരിത്രം ഉണ്ടെന്നത് ശരി ആയിരിക്കാം, പക്ഷേ ഇപ്പോള്‍ അവര്‍ ഉറങ്ങിക്കൊണ്ടിരിക്കുക ആണെന്നാണ് തോന്നുന്നത്. കാരണം ചാമ്പ്യന്‍സ് ലീഗ് പോലുള്ള മൽസരങ്ങള്‍ ജയിക്കുന്നത് മറ്റുള്ളവരാണ്,” സാവി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook