ഇതിഹാസ താരം സാവി ഹെർണ്ണാഡസ് ബാഴ്സിലോണയുടെ പരിശീലകനായി തിരിച്ചെത്തും. പറയുന്നത് മറ്റാരുമല്ല ബാഴ്സിലോണയുടെ ക്ലബ് പ്രസിഡൻഡ് ജോസപ് ബാർറ്റൊമേയോ തന്നെയാണ്. കൂടുതൽ കിരീടങ്ങൾ നേടാൻ സാവി ക്ലബിന്റെ പരിശീലകനായി എത്തുമെന്ന് അസോസിയേറ്റ് പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് ജോസപ് ബാർറ്റൊമേയോ വെളിപ്പെടുത്തിയത്.

പരിശീലകനായുള്ള തയ്യാറെപ്പിലാണ് സാവി, ഖത്തർ ക്ലബായ അൽസാദത്തിന് വേണ്ടി കളിക്കുന്ന സാവി താരങ്ങളെ പരീശിലിപ്പിക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് എന്നും ബാഴ്സ പ്രസിഡൻഡ് പറഞ്ഞു. 1991ല്‍ ബാഴ്സയുടെ യൂത്ത് അക്കാദമിയിലൂടെ പന്ത് തട്ടിത്തുടങ്ങിയ ഈ മുപ്പത്തഞ്ചുകാരന്‍ 2015 ലാണ് ക്ലബ് വിട്ടത്. കളത്തില്‍ തികഞ്ഞ മാന്യന്‍. സ്പെയിനിന്റെയും ബാഴ്സയുടെയും ടിക-ടാക കളിയെ കളത്തില്‍ കാണിച്ച താരം. മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍, രണ്ട് യുവേഫ സൂപ്പര്‍ കപ്പ്, രണ്ട് ക്ലബ്ബ് ലോകകപ്പ്, 9 സ്പാനിഷ് ലീഗ്, 3 കിങ്സ് കപ്പ്, ആറ് സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നിവ ഈ കാലയളവില്‍ ബാഴ്സയ്ക്കൊപ്പം സാവി നേടി

1991ലായിരുന്നു സാവി ബാഴ്സ അക്കാദമിയില്‍ എത്തുന്നത്. 1998ല്‍ ബാഴ്സയുടെ മുന്‍നിര ടീമില്‍ ഇടംനേടി. ഇതുവരെ 700 മത്സരങ്ങള്‍ കളിച്ചു. ആകെ 82 ഗോള്‍ നേടി. അവസരങ്ങളൊരുക്കുന്നതില്‍ എല്ലാവരെക്കാളും മുമ്പന്‍. അമ്പതോളം കളിക്കാര്‍ക്കായി 180 ഗോളവസരങ്ങള്‍ സാവി ഒരുക്കി. ക്ലബ്ബ് കുപ്പായത്തിലെന്നപോലെ ദേശീയ ടീമിനും സാവി മികച്ച സംഭാവനകള്‍ നല്‍കി. ലോകകപ്പും രണ്ടു യൂറോ കപ്പും സ്പെയിന്‍ നേടുമ്പോള്‍ സാവിയുടെ പങ്ക് വലുതായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ