മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ തിരിച്ചടി നേരിടുന്ന മുന്‍ ചാമ്പ്യന്മാരായ എഫ് സി ബാഴ്സലോണയുടെ പുതിയ പരിശീലകനായി സാവി ഹെര്‍ണാണ്ടസ് ചുമതലയേല്‍ക്കും. പ്രസ്തുത സീസണിലും വരാനിരിക്കുന്ന രണ്ട് സീസണിലേക്കുമായാണ് ബാഴ്സയും സാവിയും തമ്മിലുള്ള കരാര്‍. നിലവില്‍ ഖത്തര്‍ ക്ലബ്ബായ അല്‍ സദ്ദിന്റെ പരിശീലകനാണ് സാവി. രണ്ട് ദിവസമായി അല്‍ സദ്ദും ബാഴ്സയും തമ്മിലുള്ള ചര്‍ച്ചക്കൊടുവിലാണ് അന്തിമ തീരുമാനം ഉണ്ടായത്.
ഈ വാരാവസാനം സാവി ബാഴ്സലോണയില്‍ എത്തും. നവംബര്‍ എട്ടാം തിയതി ബാഴ്സയുടെ മൈതാനമായ ക്യാംപ് നൗവില്‍ നടക്കുന്ന പ്രത്യേക ചടങ്ങലായിരിക്കും സാവിയെ പരിശീലകനായി ടീം മാനേജ്മെന്റ് അവതരിപ്പിക്കുക. പരിപാടിക്ക് ശേഷം സാവി മാധ്യമങ്ങളെ കാണുമെന്നും ക്ലബ്ബ് അധികൃതര്‍ അറിയിച്ചു. സാവിയുടെ നിയമനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ബാഴ്സയുടെ യൂത്ത് ടീമില്‍ അംഗമായാണ് സാവി തന്റെ ക്ലബ്ബ് കരിയറിന് തുടക്കമിട്ടത്. ടീമിന്റെ ഇതിഹാസങ്ങളിലൊരാളായാണ് സാവിയെ വാഴ്ത്തപ്പെടുന്നത്. കറ്റാലന്മാര്ക്കായി 17 വര്‍ഷം ജേഴ്സിയണിഞ്ഞ സാവി 767 മത്സരങ്ങള്‍ കളിച്ചു. 25 കിരീടങ്ങളില്‍ ടീമിന്റെ ഭാഗമായി. ലാ ലിഗ കിരീടം (8), ചാമ്പ്യന്‍സ് ലീഗ് (4), കോപ്പ ഡെല്‍ റെ (3), ക്ലബ്ബ് ലോകകപ്പ് (2), യൂറോപ്യന്‍ സൂപ്പര്‍ കപ്പ് (2), സ്പാനിഷ് സൂപ്പര്‍ കപ്പ് (6) എന്നിങ്ങനെയാണ് കിരീട നേട്ടങ്ങള്‍.
അതേസമയം, സ്പാനിഷ് ലീഗിലേക്കെത്തുന്ന സാവിക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണ് ഉള്ളത്. 11 കളികളില്‍ നിന്ന് നാല് ജയം മാത്രമുള്ള ബാഴ്സ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്. ടീം തുടര്‍ തോല്‍വികളിലേക്ക് വീണതോടെയാണ് മുന്‍ പരിശീലകൻ റൊണാള്‍ഡ് കോമാനെ ക്ലബ്ബ് അധികാരികള്‍ പുറത്താക്കിയത്. പരിശീലകനെന്ന നിലയില്‍ രണ്ട് വര്‍ഷത്തിനിടെ ഏഴ് കിരീടങ്ങളാണ് സാവി നേടിയത്. ഇതില്‍ മൂന്നും 2021 ലാണ്.