ആരാധകരെ ഞെട്ടിച്ച് താന്‍ രക്താര്‍ബുദ ബാധിതനാണെന്ന് വെളിപ്പെടുത്തി ഡബ്ല്യു ഡബ്ല്യു ഇ ഗുസ്തി താരം റോമന്‍ റെയിന്‍സ്. മണ്ടേ നൈറ്റ് റോയിലാണ് അദ്ദേഹം ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. യൂണിവേഴ്സല്‍ ചാംപ്യന്‍ഷിപ്പ് ഉപേക്ഷിക്കുന്നതായും താത്കാലികമായി ഡബ്ല്യു ഡബ്ല്യു ഇയില്‍ നിന്നും വിട്ടു നില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

വൈകാരികമായ അദ്ദേഹത്തിന്റെ വാക്കുകള്‍ തരിച്ചിരുന്നാണ് കാണികള്‍ കേട്ടത്. 33കാരനായ റോമന്‍ റെയിന്‍സിന്റെ യഥാര്‍ത പേര് ജോ അന്നോ എന്നാണ്. 11 വര്‍ഷമായി ബാധിച്ചിരുന്ന രോഗം വീണ്ടും തിരികെ വന്നതായി അദ്ദേഹം പറഞ്ഞു.

“11 വര്‍ഷമായി രക്താര്‍ബുദ ബാധിതനായിരുന്നു. നിര്‍ഭാഗ്യവശാല്‍ രോഗം വീണ്ടും തിരികെ എത്തി. യൂണിവേഴ്സല്‍ ചാംപ്യന്‍ഷിപ്പ് ഞാന്‍ ഉപേക്ഷിക്കുകയാണ്”, റെയിന്‍സ് പറഞ്ഞു. മൂന്ന് കുട്ടികളുടെ പിതാവായ റെയിന്‍സ് റിങ്ങില്‍ നിന്നും താത്കാലികമായി മാറി നില്‍ക്കുകയാണെന്നും അറിയിച്ചു.

 

“എല്ലാവരോടും ഞാന്‍ തീര്‍ച്ചയായും ക്ഷമാപണം നടത്തണം. മാസങ്ങളായി ഞാന്‍ നിങ്ങളോട് പറയുന്നുണ്ട്, റോമന്‍ റെയിന്‍സ് എന്ന ഞാന്‍ എല്ലാ ആഴ്ച്ചയും ഇവിടെ എത്തി പോരാടുന്ന ചാമ്പ്യന്‍ ആകുമെന്ന്, നന്നായി മത്സരിക്കുമെന്ന്, എന്നാല്‍ എല്ലാം കള്ളമായിരുന്നു. കാരണം യഥാര്‍ത്ഥത്തില്‍ എന്റെ പേര് ജോ എന്നാണ്. കഴിഞ്ഞ 11 വര്‍ഷക്കാലമായി രക്താര്‍ബുദ ബാധിതനാണ് ഞാന്‍. നിര്‍ഭാഗ്യവശാല്‍ അത് വീണ്ടും തിരികെ വന്നിരിക്കുന്നു”, റെയിന്‍സ് കൂട്ടിച്ചേര്‍ത്തു.

“രക്താര്‍ബുദ ബാധിതന്‍ ആയത് കൊണ്ട് തന്നെ എന്റെ ലക്ഷ്യത്തിലെത്താന്‍ എനിക്കാവില്ല. ഒരു പോരാളിയായി തുടരാനാവില്ല. ഞാന്‍ എന്റെ യൂണിവേഴ്സല്‍ ചാംപ്യന്‍ഷിപ്പ് ഉപേക്ഷിക്കുകയാണ്. ഞാന്‍ കളളം പറയില്ല. നിങ്ങളുടെ ഓരോ പ്രാര്‍ത്ഥനയും ഞാന്‍ കൂടെ കൂട്ടും. നിങ്ങളുടെ സഹതാപം എനിക്ക് വേണ്ട. എന്നെ ഓര്‍ത്ത് നിങ്ങള്‍ വിഷമിക്കണെന്ന് ഞാന്‍ കരുതുന്നില്ല, കാരണം എനിക്ക് വിശ്വാസമുണ്ട്”, റെയിന്‍സ് പറഞ്ഞു.

WWE star Roman Reigns announces he has leukemia, relinquishes universal title on Raw

“22ാം വയസില്‍ രോഗനിര്‍ണയം നടത്തിയെങ്കിലും ചികിത്സയ്ക്ക് ശേഷം മോചനം ലഭിച്ചിരുന്നു. നിങ്ങളോട് ഞാന്‍ കള്ളം പറയുന്നില്ല. അന്നായിരുന്നു എന്റെ ജീവിതത്തിലെ ദുര്‍ഘടമായ ദിനങ്ങള്‍. എനിക്ക് അന്ന് ജോലി ഉണ്ടായിരുന്നില്ല. എന്റെ കൈയില്‍ പണം ഉണ്ടായിരുന്നില്ല. ഒരു വീടുണ്ടായിരുന്നില്ല. എന്നാല്‍ ഡബ്ല്യു ഡബ്ല്യു ഇ ആണ് എനിക്ക് അവസരം നല്‍കിയത്. റോഡില്‍ നിന്ന എന്നെ അവര്‍ നിങ്ങള്‍ക്ക് മുമ്പിലെത്തിച്ചു. എന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത് നിങ്ങളാണ്. ഇപ്പോള്‍ എനിക്ക് ചെയ്യാന്‍ കഴിയുന്നത് കുടുംബത്തോടൊപ്പം ചെലവഴിച്ച് ആരോഗ്യം ശ്രദ്ധി്ക്കുക എന്നതാണ്”, റെയിന്‍ കണ്ണ് നിറഞ്ഞ് കൊണ്ട് പറഞ്ഞു.

നിരവധി ഡബ്ല്യു ബഡ്ല്യു ഇ താരങ്ങള്‍ നടുക്കം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. ജോണ്‍ സീന അടക്കമുലളവര്‍ റെയിന്‍സിന് രോഗമുക്തി ആശംസിച്ച് രംഗത്തെത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook