/indian-express-malayalam/media/media_files/uploads/2023/06/WTC-Final.jpg)
Photo: ICC
WTC Final 2023: രണ്ട് വര്‍ഷം നീണ്ട ടൂര്‍ണമെന്റ്, ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍, ഒടുവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അവശേഷിക്കുന്നത് ഇന്ത്യയും ഓസ്ട്രേലിയയും മാത്രം. കഴിഞ്ഞ തവണ ന്യൂസിലന്‍ഡിനോട് അടിയറവ് പറഞ്ഞെങ്കിലും ഇത്തവണ ഓസ്ട്രേലിയയെ മറികടന്ന് കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് രോഹിത് ശര്‍മയും കൂട്ടരും.
ടൂര്‍ണമെന്റില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചത് ഇന്ത്യയും ഓസ്ട്രേലിയയും തന്നെയായിരുന്നു. ബാറ്റുകൊണ്ടും ബോളുകൊണ്ടും സ്വന്തം മണ്ണിലും എതിരാളികളുടെ മൈതാനത്തും ആധിപത്യം സ്ഥാപിക്കാന്‍ ഇരുടീമുകള്‍ക്കുമായി. എങ്കിലും ഇംഗ്ലണ്ടിലെ ഓവലില്‍ നടക്കുന്ന ഫൈനലില്‍ ഓസ്ട്രേലിയക്ക് നേരിയ മുന്‍തൂക്കമുണ്ടെന്നാണ് വിലയിരുത്തല്‍.
അതിന് തക്കതായ കാരണവുമുണ്ട്. ഒന്നാമത്തേത് ഇന്ത്യന്‍ ടീമിലെ പ്രമുഖ താരങ്ങളുടെ അഭാവമാണ്. വിദേശ പിച്ചുകളില്‍ മികവ് പുലര്‍ത്തുന്ന റിഷഭ് പന്ത്, ജസ്പ്രിത് ബുംറ, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരുടെ സേവനം ഇന്ത്യക്കില്ല. പന്തിന് കാറപകടത്തില്‍ പരുക്കേറ്റ് വിശ്രമത്തിലാണ്. മറ്റ് മൂന്ന് താരങ്ങളും കളിക്കിടയില്‍ സംഭവിച്ച പരുക്കില്‍ നിന്ന് മുക്തി നേടിയിട്ടില്ല.
രണ്ടാമത്തേത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനാറാം സീസണിന് ശേഷമാണ് ടീം എത്തുന്നത്. ക്രിക്കറ്റിന്റെ ചെറിയ ഫോര്‍മാറ്റില്‍ നിന്ന് ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റിലേക്കാണ് ഇന്ത്യയുടെ കാല്‍വെപ്പ്. എത്ര താരങ്ങള്‍ക്ക് വേഗത്തില്‍ പൊരുത്തപ്പെടാനാകുമെന്ന് കണ്ട് തന്നെ അറിയണം. പ്രത്യേകിച്ചും ബാറ്റിങ്ങിന് പ്രതികൂലമായ പിച്ചില്‍.
മത്സരം സമനിലയിലായാല്‍ കിരീടം ആര്‍ക്ക്
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജൂണ്‍ ഏഴ് മുതല്‍ 11 വരെയാണ്. ചരിത്രം ഉറങ്ങുന്ന ഓവല്‍ സ്റ്റേഡിയത്തിലാണ് മത്സരം. പ്രതികൂല കാലാവസ്ഥ മൂലം പ്രതിദിന ഓവര്‍ നിരക്ക് പൂര്‍ത്തീകരിക്കാനായല്ലെങ്കില്‍ റിസര്‍വ് ദിനം ഇത്തവണയും അനുവദിച്ചിട്ടുണ്ട്. ജൂണ്‍ 12-ാം തീയതിയാണ് ഐസിസി അനുവദിച്ചിരിക്കുന്ന റിസര്‍വ് ദിനം.
കളി സമനിലയില്‍ കലാശിച്ചാല്‍ എന്താകും സ്ഥിതി എന്ന കാര്യത്തില്‍ ഏവര്‍ക്കും സംശയമുണ്ടാകും. സമനിലയെങ്കില്‍ ഇരുടീമുകള്‍ക്കും കിരീടം പങ്കിടാന്‍ സാധിക്കും. ഇങ്ങനെയാണ് ഫൈനല്‍ അവസാനിക്കുന്നതെങ്കില്‍ പത്ത് വര്‍ഷത്തെ ഐസിസി കിരീട വരള്‍ച്ചയ്ക്ക് അവസാനം കുറിക്കാന്‍ രോഹിതിനാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.