scorecardresearch
Latest News

WTC Final: വെളിച്ചക്കുറവിനെത്തുടർന്ന് മത്സരം നിർത്തിവച്ചു; ന്യൂസീലൻഡിന് 101 റൺസ്

കനത്ത മഴ മൂലം മത്സരത്തിന്റെ ആദ്യ ദിനം ടോസ് പോലും സാധ്യമാകാതെ ഉപേക്ഷിച്ചിരുന്നു

WTC Final: വെളിച്ചക്കുറവിനെത്തുടർന്ന് മത്സരം നിർത്തിവച്ചു; ന്യൂസീലൻഡിന് 101 റൺസ്

WTC Final: ഇന്ത്യ-ന്യൂസീലൻഡ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം ഞായറാഴ്ചയും വെളിച്ചക്കുറവിനെത്തുടർന്ന് നിർത്തിവച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ പിന്തുടർന്ന കിവീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എന്ന സ്കോറിൽ നിൽക്കവേയാണ് മത്സരം നിർത്തിവച്ചത്.

ടോം ലാതമിന്റെയും ഡെവോൺ കോൺവേയുടെയും വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. ലാതം 104 പന്തിൽ നിന്ന് 30 റൺസും കോൺവേ 153 പന്തിൽ നിന്ന് 54 റൺസും നേടി.

നായകൻ കെയിൻ വില്യംസണും റോസ് ടെയ്ലറുമാണ് ക്രീസിൽ. 37 പന്തിൽ നിന്ന് 12 റൺസാണ് വില്യംസൺ നേടിയത്. ടെയ്ലർ രണ്ട് പന്തിൽ നിന്ന് റണ്ണൊന്നും നേടിയില്ല.

ഇന്ത്യ ആദ്യ ഇന്നിങ്സിൽ 217 റൺസിന് പുറത്തായി. 92.1 ഓവറിലാണ് ഇന്ത്യ 217 റൺസ് നേടിയത്.

കഴിഞ്ഞ ദിവസം വെളിച്ചക്കുറവിനെത്തുടർന്ന് മത്സരം നിർത്തിവച്ചിരുന്നു. 55.3 ഓവർ പിന്നിടുമ്പോളാണ് മത്സരം നിർത്തിവച്ചത്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 120 റൺസായിരുന്നു അപ്പോൾ ഇന്ത്യയുടെ സ്കോർ. രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് കഴിഞ്ഞ ദിവസം നഷ്ടമായത്.

68 പന്തിൽനിന്ന് 34 റൺസ് നേടിയാണ് ജെയ്മിസണിന്റെ പന്തിൽ രോഹിത് ശർമ പുറത്തായത്. 64 പന്തിൽ നിന്ന് 28 റൺസ് നേടിയ ശുഭ്മാൻ നീൽ വാഗ്നറുടെ പന്തിൽ പുറത്തായി. ട്രെന്റ് ബൗൾട്ടിന്റെ പന്തിൽ എൽബി ഡബ്ല്യുവിലാണ് പൂജാര പുറത്തായത്. 45 പന്തിൽനിന്ന് എട്ട് റൺസാണ് പൂജാര നേടിയത്.

മൂന്നാം ദിനമായി ഇന്ന് നായകൻ വിരാട് കോഹ്ലി അടക്കമുള്ളവരുടെ വിക്കറ്റ് നഷ്ടമായി. വിരാട് കോഹ്ലി 132 പന്തിൽ നിന്ന് 44 റൺസ് നേടി. അജിങ്ക്യ രഹാനെ 117 റൺസിൽ നിന്ന് 49 റൺസ് നേടി. റിഷഭ് പന്ത് 16 പന്തിൽനിന്ന് നാല് റൺസും, രവീന്ദ്ര ജഡേജ 53 പന്തിൽ നിന്ന് 15 റൺസും, ആർ അശ്വിൻ 27 പന്തിൽ നിന്ന് 22 റൺസും നേടി. ഇഷാന്ത് ശർമയും മുഹമ്മദ് ഷമിയും നാല് റൺസ് വീതമെടുത്തു. ജസ്പ്രീത് ബുംറ റണ്ണൊന്നുമെടുക്കാതെ പുറത്തായി.

മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. കനത്ത മഴ മൂലം മത്സരത്തിന്റെ ആദ്യ ദിനം ടോസ് പോലും സാധ്യമാകാതെ ഉപേക്ഷിച്ചിരുന്നു. നാല് ഫാസ്റ്റ് ബോളർമാരുമായാണ് ന്യൂസിലൻഡ് ഇറങ്ങുന്നത്. ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പ്ലെയിങ് ഇലവനിൽ മാറ്റമില്ലാതെയാണ് ഇറങ്ങുന്നത്.

ക്രിക്കറ്റിന്റെ ചരിത്രം പേറുന്ന വെള്ളക്കുപ്പായത്തിന്റെ അധിപര്‍ ആരെന്നറിയാനുള്ള പോരാട്ടത്തിന് സതാംപ്ടണില്‍ ഇന്നു തുടക്കം. പോരാട്ട വീര്യത്തിന്റെ അവസാന വാക്കായ വിരാട് കോഹ്ലി. ഏത് സാഹചര്യത്തേയും ലളിതമായി കാണുന്ന കെയിന്‍ വില്യംസണ്‍. ഇരുവരും ഏറ്റുമുട്ടുമ്പോള്‍ മറ്റൊരു ആവേശപ്പോരാട്ടത്തിന് തിരി തെളിയും.

ടോസ് നേടുക എന്നത് ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ഏറെ നിര്‍ണായകമാണ്. ബോളിങ്ങിന് അനുകൂലമായ പിച്ചില്‍ ടോസ് നേടിയാല്‍ ബാറ്റിങ് തിരഞ്ഞെടുക്കുന്നതാണ് ഉത്തമമെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടിരുന്നു. ന്യൂസിലന്‍ഡിനെതിരെ കോഹ്ലിപ്പട ടോസ് നേടിയ മത്സരങ്ങളെല്ലാം ജയിച്ചിട്ടുണ്ട് എന്നതും വസ്തുതയാണ്.

പ്രതിഭാധനരായ ന്യൂസിലന്‍ഡ് ടീമിന് ഇതുവരെ ഒരു ഐസിസി ട്രോഫി പോലും നേടാനായിട്ടില്ല. ഇംഗ്ലണ്ടിന്റെ മണ്ണില്‍ 2019 ലോകകപ്പ് നഷ്ടപ്പെട്ടതിന്റെ മുറിവുകള്‍ ഇന്നും അവശേഷിക്കുന്നുണ്ട്. ആദ്യമായൊരു രാജ്യാന്തര കിരീടം നേടുക എന്ന ഭാരം വില്യംസണിന് മുകളിലുണ്ട്. എക്കാലത്തെയും മികച്ച ഇന്ത്യയുടെ ബോളിങ് നിരയെ മറികടക്കുക എന്നതാണ് പ്രധാന കടമ്പ.

ഇന്ത്യയുടെ ബാറ്റിങ് നിരയും ന്യൂസിലന്‍ഡ് പേസ് നിരയും തമ്മിലുള്ള പോരാട്ടത്തിനാകും സതാംപ്ടണ്‍ വേദിയാകുക. അണ്ടര്‍ 19 ലോകകപ്പ് മുതല്‍ കോഹ്ലിയും ടിം സൗത്തിയും തുടങ്ങിയ പോരാട്ടം ഇന്നും തുടരുന്നു. പതിറ്റാണ്ട് പിന്നിടുമ്പോള്‍ കോഹ്ലിയുടെ ബാറ്റിന്റെ ചൂട് സൗത്തി ഒരുപാട് അറിഞ്ഞു. എന്നാല്‍ കോഹ്ലിയെ വീഴ്ത്താന്‍ സൗത്തിയോളം മിടുക്കന്‍ ന്യൂസിലന്‍ഡ് നിരയില്‍ ആരെന്ന ചോദ്യത്തിന് ഉത്തരമില്ല.

ഇതിനോടകം തന്നെ ക്രിക്കറ്റ് നിരീക്ഷകര്‍ക്കിടയിലെ ചര്‍ച്ച രോഹിത് ശര്‍മയും ട്രെന്റ് ബോള്‍ട്ടും തമ്മിലുള്ള മത്സരമാണ്. ഇരുവരും മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലില്‍ ഒരുമിച്ചു കളിച്ച പരിചയവും ഉണ്ട്. പരിശീലനത്തിനിടെ ബോള്‍ട്ടിന്റെ പന്ത് രോഹിതിന്റെ സ്റ്റമ്പ് തെറിപ്പിച്ചിരുന്നു. ബോള്‍ട്ടിന്റെ ഇന്‍ സ്വിങ്ങിനെ പ്രതിരോധിക്കാനായാല്‍ രോഹിതിന് ഫൈനലില്‍ തിളങ്ങാം.

വില്യംസണും – ബുംറയും. കളിയിലെ ആവേശമല്ല, തന്ത്രങ്ങളാണ് ഇരുവരുടേയും കരുത്ത്. വില്യംസണും ബുംറയും തമ്മിലുള്ള പോരാട്ടവും കാണികളുടെ ശ്രദ്ധയാകര്‍ഷിക്കുമെന്നതില്‍ തര്‍ക്കമില്ല.

ഇന്ത്യന്‍ ടീം: വിരാട് കോഹ്ലി (C), രോഹിത് ശര്‍മ, ഷുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (VC), റിഷഭ് പന്ത് (WK), രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രിത് ബുംറ

ന്യൂസിലൻഡ് ടീം: ടോം ലാതം, ഡെവോൺ കോൺവേ, കെയ്ൻ വില്യംസൺ (C), റോസ് ടെയ്‌ലർ, ഹെൻറി നികോളിസ്, ബിജെ വാറ്റ്ലിങ് (WK), കോളിൻ ഡി ഗ്രാൻഡോം, കെയിൽ ജാമിസൺ,നീൽ വാഗ്നർ, ടിം സൗത്തീ, ട്രെന്റ് ബോൾട്ട്

What time will the World Test Championship final begin? ലോക ടെസ്റ്റ് ചൈമ്പ്യന്‍ഷിപ്പ് ഫൈനല്‍ സമയം?

ഇന്ത്യന്‍ സമയം വൈകുന്നേരം 3.30 നാണ് ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനലിന് തുടക്കമാകുക.

Where to watch the World Test Championship final? ലോക ടെസ്റ്റ് ചൈമ്പ്യന്‍ഷിപ്പ് ഫൈനല്‍ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം ?

ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സംപ്രേക്ഷണം ചെയ്യുന്നത്.

Where to watch the World Test Championship final live streaming? ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

ഡിസ്നി+ഹോട്സ്റ്റാര്‍ ആപ്ലിക്കേഷനില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കും.

Also Read: WTC Final: ബോളിങ് അനുകൂല സാഹചര്യത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്നത് ഉത്തമം: ഗാംഗുലി

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Wtc final india vs new zealand live score updates day 2