/indian-express-malayalam/media/media_files/uploads/2023/06/Rohit-3.jpg)
Photo: Screengrab
WTC Final 2023: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് വഴങ്ങിയ തോല്‍വിക്ക് പിന്നിലെ കാരണങ്ങള്‍ വെളിപ്പെടുത്തി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. പ്രധാനമായും രോഹിത് ചൂണ്ടിക്കാണിച്ച് ഇന്ത്യന്‍ ബാറ്റര്‍മാര്‍ അവസരത്തിനൊത്ത് ഉയരാത്തതാണ്. ബാറ്റിങ്ങിന് അനുകൂലമായ സാഹചര്യം ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്ന് രോഹിത് തുറന്ന് പറഞ്ഞു.
"ടോസ് വിജയിച്ച ശേഷം നന്നായി തുടങ്ങനായി. ആദ്യ സെഷനില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. എന്നാല്‍ പിന്നീട് അതിന് സാധിച്ചില്ല. എല്ലാം ക്രെഡിറ്റും ഓസ്ട്രിലേയന്‍ ബാറ്റര്‍മാര്‍ക്കാണ്. ഹെഡും സ്മിത്തും ചേര്‍ന്ന് കളി തട്ടിയെടുക്കുകയായിരുന്നു. തിരിച്ചുവരവ് കഠിനമാണെന്ന് ഞങ്ങള്‍ക്കറിയമായിരുന്നു, അവസാനം വരെ പൊരുതി," രോഹിത് വ്യക്തമാക്കി.
"ടെസ്റ്റിന്റെ അഞ്ച് ദിവസവും ബാറ്റിങ്ങിന് അനുകൂലമായിരുന്നു സാഹചര്യം. എന്നാല്‍ അത് കൃത്യമായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല," രോഹിത് കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായി രണ്ടാം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇടം നേടിയ ടീമിന്റെ പ്രകടനത്തെ രോഹിത് പ്രശംസിക്കാനും മറന്നില്ല.
"കഴിഞ്ഞ നാല് വര്‍ഷവും നന്നായി പ്രയത്നിച്ചു. രണ്ട് ഫൈനലുകള്‍ കളിക്കുക എന്നത് വലിയ നേട്ടം തന്നെയാണ്. എന്നാല്‍ ഞങ്ങള്‍ കുറച്ച് കൂടി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കഠിനാധ്വാനം കണ്ടില്ലെന്ന് നടിക്കാനാകില്ല. ഫൈനലില്‍ കിരീടം നേടാനാകാത്തത് നിരാശ തന്നെയാണ്," രോഹിത് പറഞ്ഞു.
അഞ്ച് ദിവസവും ടീമിന് പിന്തുണ നല്‍കിയ കാണികള്‍ക്കും രോഹിത് നന്ദി പറഞ്ഞു. "അഞ്ച് ദിവസവും ഗ്യാലറിയില്‍ നിന്ന് പിന്തുണയുണ്ടായി. ഞങ്ങള്‍ നേടിയ ഓരോ വിക്കറ്റിനും റണ്‍സിനും അവര്‍ കയ്യടിച്ചു. ടീം മാനേജ്മെന്റിന്റേയും ടീമിന്റേയും പേരില്‍ വലിയ നന്ദിയും സ്നേഹവും അറിയിക്കുന്നു," രോഹിത് അവസാനിപ്പിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.