/indian-express-malayalam/media/media_files/uploads/2023/06/Head-2.jpg)
Photo: Facebook/ Australian Men's Cricket Team
WTC Final 2023, India vs Australia Live Score Updates: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് ആധിപത്യം. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ 327-3 എന്ന നിലയിലാണ് ഓസ്ട്രേലിയ. സ്റ്റീവ് സ്മിത്ത് (95), ട്രാവിസ് ഹെഡ് (146) എന്നിവരാണ് ക്രീസില്‍.
സെഷന്‍ ഒന്ന്: ഓസ്ട്രേലിയന്‍ പ്രതിരോധം
ടോസ് നഷ്ടപ്പെട്ട് ഓവലിലെ ദുഷ്കരമായ പിച്ചില്‍ ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് തുടക്കം പാളുകയായിരുന്നു. മുഹമ്മദ് ഷമി - മുഹമ്മദ് സിറാജ് സഖ്യത്തിന്റെ കൃത്യതയാര്‍ന്ന ബോളിങ്ങിന് മുന്നില്‍ ഡേവിഡ് വാര്‍ണറും ഉസ്മാന്‍ ഖാവാജയും ഓവലിലെ തണപ്പില്‍ പോലും വിയര്‍ക്കുകയായിരുന്നു.
ആദ്യ വിക്കറ്റ് വീഴാന്‍ ഇന്ത്യക്ക് കാത്തിരിക്കേണ്ടി വന്നത് നാല് ഓവര്‍ മാത്രം. സിറാജിന്റെ പന്തില്‍ ഡിഫന്‍സിന് ശ്രമിച്ച ഖവാജ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന്റെ കൈകളിലൊതുങ്ങി. പത്ത് പന്തില്‍ റണ്ണൊന്നുമെടുക്കാതെയായിരുന്നു ഖവാജയുടെ മടക്കം. മോശം ഫുട്ട്വര്‍ക്കായിരുന്നു താരത്തിന് തിരിച്ചടിയായത്.
മൂന്നാമനായി ലെബുഷെയിന്‍ എത്തിയതോടെ കളിമാറി. ഷമിയുടേയും സിറാജിന്റേയും കൃത്യതയാര്‍ന്ന ബോളിങ്ങിനെ അതിജീവിക്കുക എന്ന വെല്ലുവിളി ലെബുഷെയിനും വാര്‍ണറും ഏറ്റെടുത്തു. ഇരുവരുടേയും ആദ്യ സ്പെല്‍ അവസാനിക്കുന്ന വരെ കരുതലോടെയായിരുന്നു ബാറ്റ് വീശിയത്. എന്നാല്‍ ഉമേഷ് യാദവും ശാര്‍ദൂല്‍ താക്കൂറുമെത്തിയതോടെ ഇരുവരും സ്കോറിങ്ങിന് വേഗം കൂട്ടി.
ഉമേഷ് യാദവിനെ ഒരു ഓവറില്‍ തുടരെ മൂന്ന് തവണയാണ് വാര്‍ണര്‍ ബൗണ്ടറി കടത്തിയത്. ലെബുഷെയിനെതിരെ രണ്ട് തവണ എല്‍ബിഡബ്യു റിവ്യു ഇന്ത്യ നടത്തിയെങ്കിലും പാഴായി. ഒരു റിവ്യു ഇന്ത്യക്ക് നഷ്ടമാകുകയും ചെയ്തു. ഓസ്ട്രേലിയ കരുത്താര്‍ജിക്കെയാണ് ശാര്‍ദൂല്‍ വാര്‍ണറിനെ വീഴ്ത്തിയത്.
60 പന്തില്‍ 43 റണ്‍സെടുത്ത വാര്‍ണര്‍ ഭരതിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. എട്ട് ബൗണ്ടറികള്‍ താരത്തിന്റെ ഇന്നിങ്സിലുണ്ടായി. 108 പന്തുകള്‍ അതിജീവിച്ച കൂട്ടുകെട്ടില്‍ 69 റണ്‍സായിരുന്നു പിറന്നത്. ആദ്യ ഇടവേളയ്ക്ക് മുന്‍പ് കൂടുതല്‍ അപകടം ഉണ്ടാകാതെ നോക്കാന്‍ ലെബുഷെയിനും സ്റ്റീവ് സ്മിത്തിനുമായി.
സെഷന്‍ മൂന്ന്: ഹെഡ് - സ്മിത്ത് ആധിപത്യം
മൂന്നാം സെഷനില്‍ തിരിച്ചുവരവ് സ്വപ്നം കണ്ട ഇന്ത്യയെ കാത്തിരുന്നത് ഏകദിന ശൈലിയില്‍ ബാറ്റ് വീശുന്ന ഹെഡായിരുന്നു. ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് ഒരു പഴുതും നല്‍കാതെയായിരുന്നു ഹെഡിന്റേയും സ്മിത്തിന്റേയും ബാറ്റിങ്. 170-3 എന്ന നിലയില്‍ അവസാന സെഷന്‍ ആരംഭിച്ച ഓസീസ് ബാറ്റര്‍മാര്‍ കലാശപ്പോരില്‍ തങ്ങള്‍ തന്നെയായിരിക്കും രാജാവെന്ന് ഊട്ടിയുറപ്പിച്ചു.
വൈകാതെ തന്നെ സ്മിത്ത് അര്‍ദ്ധ സെഞ്ചുറി നേടി. ക്ഷമയുടേയും കരുതലിന്റേയും ഇന്നിങ്സ്, 144 പന്തുകളില്‍ നിന്നായിരു്നു നേട്ടം. 60 പന്തില്‍ അര്‍ദ്ധ സെഞ്ചുറി പിന്നിട്ട ഹെഡിന് മൂന്നക്കത്തിലേക്ക് കടക്കാന്‍ ആവശ്യമായത് കേവലം 46 പന്തുകള്‍ മാത്രമായിരുന്നു. ഇംഗ്ലണ്ടിലെ ആദ്യ സെഞ്ചുറിയില്‍ 14 ഫോറും ഒരു സിക്സും ഉള്‍പ്പെട്ടു.
സെഞ്ചുറിയും അര്‍ദ്ധ സെഞ്ചുറിയും താരങ്ങള്‍ പിന്നിട്ടതോടെ സ്കോറിങ്ങിന്റെ വേഗത ഒന്നുകൂടി വര്‍ധിച്ചു. ആദ്യ ദിനം കളിയവസാനിച്ചപ്പോള്‍ ഹെഡ് 146 റണ്‍സെടുത്താണ് പുറത്താകാതെ നില്‍ക്കുന്നത്. സ്മിത്ത് 95 റണ്‍സിലും. 251 റണ്‍സാണ് നാലാം വിക്കറ്റില്‍ ഇതുവരെ ഇരുവരും ചേര്‍ത്തത്.
സെഷന്‍ രണ്ട്: ഹെഡ് കരുത്തില്‍ ഓസ്ട്രേലിയ
രണ്ടാം സെഷന് ഉജ്വല തുടക്കമായിരുന്നു ഇന്ത്യക്ക് ലഭിച്ചത്. ആദ്യ പന്തില്‍ തന്നെ 26 റണ്‍സെടുത്ത ലെബുഷെയിനെ പറഞ്ഞയച്ചു മുഹമ്മദ് ഷമി. മത്സരത്തിലേക്ക് ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവായിരുന്നു അത്. നായകന്‍ രോഹിതിന്റെ കണക്കു കൂട്ടലുകള്‍ തെറ്റിക്കുകയായിരുന്നു അഞ്ചാമനായി എത്തിയ ട്രാവിസ് ഹെഡ്.
സ്റ്റീവ് സ്മിത്ത് പ്രതിരോധത്തില്‍ ഊന്നിയപ്പോള്‍ ഹെഡ് ആക്രമിച്ച് കളിച്ചു. ഷമി, സിറാജ്, ശാര്‍ദൂല്‍, ഉമേഷ് തുടങ്ങിയ ഇന്ത്യന്‍ പേസ് ബോളര്‍മാരെല്ലാം ഹെഡിന്റെ ബാറ്റിന്റ് ചൂടറിഞ്ഞു. കൗണ്ടര്‍ അറ്റാക്കിങ്ങിലൂടെ കളിയില്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു ഹെഡ്. അനായാസം ബൗണ്ടറികള്‍ ഹെഡ് നേടിക്കൊണ്ടിരുന്നു.
കേവലം 60 പന്തിലായിരുന്നു ഹെഡ് ഫൈനലിലെ അര്‍ദ്ധ സെഞ്ചുറി കുറിച്ചത്. ഹെഡ് ആക്രമണം തുടര്‍ന്നെങ്കിലും മോശംം പന്തുകളെ മാത്രം ശിക്ഷിച്ചായിരുന്നു സ്മിത്തിന്റെ ബാറ്റിങ്. രണ്ടാം സെഷനില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സായിരുന്നു ഓസ്ട്രേലിയ നേടിയത്. കൂട്ടുകെട്ട് നൂറിലേക്ക് അടുക്കുമ്പോള്‍ ഓസ്ട്രേലിയ ശക്തമായ നിലയിലേക്കും നീങ്ങുകയാണ്.
ടീം ലൈനപ്പ്
ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, ശ്രീകർ ഭരത്, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ഓസ്‌ട്രേലിയ: ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, മാർനസ് ലെബുഷെയിന്‍, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്‌സ് കാരി, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്‌കോട്ട് ബോളണ്ട്.
പ്രിവ്യു
രണ്ട് വര്‍ഷം നീണ്ടു നിന്ന് ടൂര്‍ണമെന്റ്, ജീവന്‍ മരണ പോരാട്ടങ്ങള്‍, ഒടുവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടത്തിനായുള്ള കലാശപ്പോരിലെത്തിയത് ഇന്ത്യയും ഓസ്ട്രേലിയയും. ലണ്ടണിലെ ഓവലില്‍ കഴിഞ്ഞ തവണ കൈവിട്ട് പോയ കിരീടം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാകും രോഹിത് ശര്‍മയും കൂട്ടരും കളത്തിലിറങ്ങുക.
ബാറ്റിങ്ങും ബോളിങ്ങും ഇരുകൂട്ടര്‍ക്കും നിര്‍ണായകമാണ്. ഇന്ത്യക്ക് മികച്ച തുടക്കം നല്‍കാന്‍ രോഹിത് - ശുഭ്മാന്‍ ഗില്‍ സഖ്യം ബാധ്യസ്ഥരാണ്. മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും ചേര്‍ന്ന് നയിക്കുന്ന ഓസ്ട്രേലിയയുടെ പേസ് നിരയെ ആദ്യ മണിക്കൂറില്‍ നേരിടുക എന്നതെ വെല്ലുവിളിയാണ്. അതിജീവിക്കാനായാല്‍ ഇന്ത്യക്ക് സാവാധാനം മേല്‍ക്കൈ നേടാം.
മധ്യനിര ശക്തമാണ് ഇന്ത്യയുടെ. മൂന്നാമനായി ചേതേശ്വര്‍ പൂജാരയും നാലാമനായി വിരാട് കോഹ്ലിയുമാണ് എത്തുന്നത്. കൗണ്ടി ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാകും പൂജാര. ഐപിഎല്ലിലെ മിന്നും ഫോമിലാണ് കോഹ്ലിയും എത്തുന്നത്. ഇരുവരുടേയും പ്രകടനം ഫൈനലില്‍ ഏറെ നിര്‍ണായകമാകുമെന്ന് തീര്‍ച്ചയാണ്.
പൂജാരയ്ക്കും കോഹ്ലിക്കും പിന്നിലായി ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ മടങ്ങിയെത്തിയ അജിങ്ക്യ രഹാനെയായിരിക്കും. ഐപിഎല്ലിലേയും ആഭ്യന്തര ക്രിക്കറ്റിലേയും ബാറ്റിങ് മികവ് പൂജാരയുടെ ആത്മവിശ്വാസം കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. വിക്കറ്റ് കീപ്പറായി ആരെന്നതില്‍ വ്യക്തതയില്ലെങ്കിലും ശ്രീകര്‍ ഭരതിനാണ് ഇഷാന്‍ കിഷാനേക്കാള്‍ സാധ്യത.
ഇടം കയ്യനാണെന്ന ആനുകൂല്യം ഇഷാനുണ്ട്. റിഷഭ് പന്തിന്റെ അഭാവം നികത്തുക എന്നത് ഇരുവര്‍ക്കും മുന്നിലെ ബാലികേറാമലയാണ്. രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ സ്പിന്‍ ദ്വയത്തില്‍ നിന്ന് വിക്കറ്റുകള്‍ മാത്രല്ല ബാറ്റ് കൊണ്ട് റണ്‍സും ഇന്ത്യന്‍ നായകന്‍ പ്രതീക്ഷിക്കുന്നുണ്ട്. മുഹമ്മദ് ഷമിക്കായിരിക്കും പേസ് നിരയുടെ ചുമതല.
ഷമിക്കൊപ്പം മുഹമ്മദ് സിറാജും ഉമേഷ് യാദവും എത്താനാണ് കൂടുതല്‍ സാധ്യത. മറുവശത്ത് നീണ്ട ഇടവേളയ്ക്ക ശേഷമാണ് ഓസ്ട്രേലിയ കളത്തിലിറങ്ങുന്നത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയ ടീമിന് ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ കൂടുതല്‍ ആനുകൂല്യമുണ്ടെന്നാണ് വിലയിരുത്തല്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.