ട്വന്റി-20 ലോകകപ്പില്‍ ഗ്രൂപ്പ് ചാമ്പ്യനെ കണ്ടെത്താനുള്ള പോരാട്ടത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 48 റണ്‍സ് വിജയം. അര്‍ദ്ധ സെഞ്ചുറി നേടിയ ഓപ്പണര്‍ സ്മൃതി മന്ദാനയുടെയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റയും മികച്ച ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. ഇതോടെ നാല് കളിയും ജയിച്ച് ഇന്ത്യ ഗ്രൂപ്പ് ബി ജേതാക്കളായി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഇരുപത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 119 റണ്‍സിന് പുറത്തായി. ഇരു ടീമുകളും നേരത്തെ സെമിഫൈനല്‍ ഉറപ്പിച്ചിരുന്നു.
എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 167 റണ്‍സെടുത്തത്. ഓപ്പണര്‍ സ്മൃതി മന്ദാനയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും കത്തിക്കയറിയതോടെയാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ നേടാനായത്. അതേസമയം, മന്ദാനയും ഹര്‍മനും ഒഴികെ മറ്റാരും പിടിച്ചു നില്‍ക്കാതെ മടങ്ങിയതോടെ ഇന്ത്യയ്ക്ക് അര്‍ഹമായിരുന്ന വമ്പന്‍ സ്‌കോര്‍ നഷ്ടമായി.
55 പന്തില്‍ നിന്നും 83 റണ്‍സെടുത്ത മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 9 ഫോറും 3 സിക്‌സുമടങ്ങുന്നതാണ് മന്ദാനയുടെ ഇന്നിങ്‌സ്. തുടക്കത്തില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ചത് ഹര്‍മന്‍ ആയിരുന്നു. ഹര്‍മന്‍ 27 പന്തില്‍ നിന്നും മൂന്ന് ഫോറും മൂന്ന് സിക്‌സുമായി 43 റണ്‍സെടുത്തു. എന്നാല്‍ റെയ്ച്ചല്‍ ഹെയ്‌നസിന്റെ പന്തില്‍ ഹര്‍മന്‍ പുറത്തായതോടെ മന്ദാന ആക്രമണം ഏറ്റെടുക്കുകയായിരുന്നു.
ഹര്‍മനും മന്ദാനയും വെടിക്കെട്ട് ബാറ്റിങ് കാഴ്ച വച്ചപ്പോള്‍ ബാറ്റിങ് നിരയില്‍ മറ്റുള്ളവരെല്ലാം പരാജയമായിരുന്നു. മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ലെന്നത് തന്നെ ടീം മന്ദാനയോടും ഹര്‍മനോടും എത്ര കടപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്. ഓസീസിനായി ഗാര്‍ഡനറും ഡെല്ലിസ കിമ്മിന്‍സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.