ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ നിറം മങ്ങിപ്പോയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്ലിയെ വില കുറച്ച് കാണരുതെന്ന മുന്നറിയിപ്പുമായി മുൻ ഓസ്ട്രേലിയൻ താരം മൈക് ഹസ്സി. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ നായകനെ വിലകുറച്ച് കാണുന്ന എതിരാളികൾ തന്നെ അതിന് വില നൽകേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

“അദ്ദേഹം ഒന്നാന്തരം കളിക്കാരനാണ്. വിലകുറച്ച് കാണുന്ന എതിരാളികൾ അപമാന ഭാരത്തോടെ സ്വയം മാപ്പ് ചോദിക്കേണ്ടി വരും” എന്ന് മുൻ ഓസ്ട്രേലിയൻ ബാറ്റ്സ്മാനായ മൈക് ഹസ്സി പറഞ്ഞു. “ഒരു മികച്ച താരം ഒരുപാട് കാലം ഫോം ഔട്ട് ആയിരിക്കില്ലെന്ന് വിശദീകരിച്ച അദ്ദേഹം ഇംഗ്ലണ്ടിൽ കോഹ്ലി ഉജ്ജ്വല പ്രകടനം കാഴ്ചവയ്ക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. വാർത്ത ഏജൻസിയായ പിടിഐ യോട് സംസാരിക്കുകയായിരുന്നു താരം.

ഐപിഎല്ലിലെ മങ്ങിയ പ്രകടനം ചാംപ്യൻസ് ട്രോഫിയിൽ ആവർത്തിക്കില്ലെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. “ടൂർണ്ണമെന്റിലും, ടീമിലും, കളിക്കളത്തിലും എല്ലാം അതുകൊണ്ട് തന്നെ ഇന്ത്യൻ നായകനിൽ നിന്ന് മങ്ങിയ പ്രകടനമല്ല പ്രതീക്ഷിക്കുന്നത്. സമയമെടുത്ത് കരുതലോടെ ബാറ്റ് വീശിയാൽ മികച്ച ഇന്നിംഗ്സ് പടുത്തുയർത്താനാകും” എന്നും അദ്ദേഹം പറഞ്ഞു.

ബെർമിംഗ്ഹാം, ഓവൽ, കാർഡിഫ് എന്നിവിടങ്ങളിലായി സ്പിന്നർമാർക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തവണ സ്റ്റീവ് സ്മിത്തിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയൻ ടീം ചാംപ്യൻസ് ട്രോഫി നേടാൻ സജ്ജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. “ടൂർണമെന്റിൽ നന്നായി തുടങ്ങി ആത്മവിശ്വാസം വർദ്ധിപ്പിക്കാനായാൽ ഓസ്ട്രേലിയൻ ടീമിന് വിജയിക്കാനാകും” അദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലാണ് ഫൈനൽ മത്സരമെങ്കിൽ പരിമിത ഓവറിലെ ആഷസ് മത്സരമാകും ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ