സെഞ്ചൂറിയൻ: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിൽ പിന്നിലായ ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും തിരിച്ചടി. എബി ഡിവില്ലിയേഴ്സ്, ഫാഫ് ഡുപ്ലെസി എന്നീ സൂപ്പർ താരങ്ങളെക്കൂടാതെ പരുക്ക് മൂലം ഒരു താരത്തിനെക്കൂടെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്റൺ ഡിക്കോക്കാണ് പരുക്ക് മൂലം ഏകദിന പരമ്പരയിൽ നിന്ന് പിന്മാറിയത്.

കൈക്കുഴയ്ക്ക് ഏറ്റ പരുക്കാണ് ഡിക്കോക്കിന് വിനയായത്. ഇന്ത്യക്കെതിരായുളള ട്വന്റി-20 പരമ്പരയിലും ഡിക്കോക്ക് കളിക്കില്ല. പരുക്ക് ഗുരുതരമാണെന്ന് സ്കാനിങ്ങിൽ വ്യക്തമായിട്ടുണ്ട്. ഡിക്കോക്കിന്റെ പകരക്കാരനെ തീരുമാനിച്ചിട്ടില്ല. ഇന്ത്യക്കെതിരെ മികച്ച റെക്കോർഡുളള താരമാണ് ഇടങ്കയ്യൻ ബാറ്റ്സ്മാനായ ഡിക്കോക്ക്.

ഏകദിന പരമ്പര ആരംഭിക്കുന്നതിന് മുൻപാണ് പരുക്ക് മൂലം എബി ഡിവില്ലിയേഴ്സ് പിന്മാറിയത്. ആദ്യ ഏകദിന മൽസരത്തിൽ ഏറ്റ പരുക്കാണ് ഫാഫ് ഡുപ്ലെസിക്ക് തിരിച്ചടിയായത്. ഡുപ്ലെസിക്ക് പകരം ഏയ്ഡൻ മർക്രാമാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. മർക്രാം നയിച്ച രണ്ടാം ഏകദിനത്തിലും ദക്ഷിണാഫ്രിക്ക തോറ്റിരുന്നു.

രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 119 റൺസ് വിജയലക്ഷ്യം ഇന്ത്യ 9 വിക്കറ്റ് ശേഷിക്കെ മറികടക്കുകയായിരുന്നു. 5 വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചഹലാണ് കളിയിലെ താരം.

ദക്ഷിണാഫ്രിക്ക ഉയർത്തിയ 119 റൺസ് വിജയലക്ഷ്യം അനായാസമാണ് ഇന്ത്യ മറികടന്നത്. 15 റൺസ് എടുത്ത രോഹിത് ശർമ്മയുടെ വിക്കറ്റ് നഷ്ടമായെങ്കിലും അർധ സെഞ്ചുറി നേടിയ ശിഖർ ധവാനും വിരാട് കോഹ്‌ലിയും ഇന്ത്യയെ വിജയത്തിൽ എത്തിക്കുകയായിരുന്നു. 56 പന്തിൽ 9 ഫോറുകൾ ഉൾപ്പടെ 51 റൺസാണ് ധവാൻ നേടിയത്. 50 പന്തിൽ 4 ഫോറും 1 സിക്സറും അടക്കം 46 റൺസാണ് കോഹ്‌ലിയുടെ സമ്പാദ്യം. ജയത്തോടെ 6 മൽസരങ്ങളുളള പരമ്പരയിൽ ഇന്ത്യ 2-0 ന് മുന്നിൽ എത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ