കൊല്‍ക്കത്ത: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വൃദ്ധിമാന്‍ സാഹ. 20 പന്തില്‍ നിന്നും സെഞ്ചുറി (102) നേടിയാണ് സാഹ ക്രിക്കറ്റ് ലോകത്തെ അത്ഭുതമായി മാറിയിരിക്കുന്നത്. ജെസി മുഖര്‍ജി ട്രോഫി ടൂര്‍ണമെന്റില്‍ മോഹന്‍ ബഗാനു വേണ്ടിയായിരുന്നു താരത്തിന്റെ വെടിക്കെട്ട് പ്രകടനം.

മോഹന്‍ ബഗാനും ബംഗാള്‍ നാഗ്പൂര്‍ റെയില്‍വേസും തമ്മില്‍ നടന്ന മൽസരത്തിലായിരുന്നു സാഹയുടെ പ്രകടനം. താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തില്‍ 152 റണ്‍സിന്റെ വിജയലക്ഷ്യം വെറും ഏഴ് ഓവറിലാണ് മോഹന്‍ ബഗാന്‍ മറികടന്നത്. 14 സിക്‌സുകളും നാല് ഫോറുകളും അടങ്ങുന്നതായിരുന്നു സാഹയുടെ തകര്‍പ്പന്‍ ഇന്നിങ്സ്. അമന്‍ പ്രൊസാദിന്റെ ഓവറില്‍ ആറില്‍ ആറും സിക്‌സു പറത്തിയാണ് സാഹ ഇന്നിങ്സ് അവസാനിപ്പിച്ചത്. ഒരു വൈഡും കൂടി 37 റണ്‍സാണ് ആ ഓവറില്‍ മാത്രം പിറന്നത്.

”ആദ്യ പന്തു മുതല്‍ തന്നെ എനിക്ക് ഉറപ്പുണ്ടായിരുന്നു അടിക്കാന്‍ പറ്റുമെന്ന്. ഞാനത് ചെയ്യുകയായിരുന്നു. റെക്കോര്‍ഡ് ആകുമോ എന്നറിയില്ല. എന്തായാലും ഐപിഎല്ലിന് മുന്നോടിയായി വലിയ പ്രകടനം നടത്താന്‍ സാധിച്ചു.” സാഹ പറയുന്നു.

നിലവില്‍ ട്വന്റി-20യിലെ അതിവേഗ സെഞ്ചുറി വിന്‍ഡീസ് താരം ക്രിസ് ഗെയിലിന്റെ പേരിലാണ്. 30 പന്തില്‍ നിന്നുമായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി ഗെയില്‍ സെഞ്ചുറി നേടിയത്. എന്നാല്‍ ഔദ്യോഗിക ടൂര്‍ണമന്റല്ലാത്തതിനാല്‍ സാഹയുടെ പ്രകടനം റെക്കോര്‍ഡ് ബുക്കില്‍ കയറില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ടെസ്റ്റ് ടീമില്‍ സ്ഥിരസാന്നിധ്യമായ സാഹ മുമ്പും ഐപിഎല്ലില്‍ വെടിക്കെട്ട് ബാറ്റിങ് കൊണ്ട് ആരാധകരെ ഞെട്ടിച്ചിട്ടുള്ള താരമാണ്. ഈ സീസണില്‍ അഞ്ച് കോടിയ്ക്ക് സാഹയെ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ