ന്യൂഡൽഹി: തോളെല്ലിനേറ്റ പരിക്കിനെ തുടർന്ന് മാസങ്ങളായി കളത്തിന് പുറത്തിരിക്കുന്ന ഇന്ത്യൻ താരം വൃദ്ധിമാൻ സാഹയ്ക്ക് മാഞ്ചസ്റ്ററിൽ ചികിത്സ. താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് ബിസിസിഐ അറിയിച്ചു. കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലേറ്റ പരിക്ക് ഐപിഎല്ലിനിടെ ഗുരുതരമായതാണ്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ താരത്തിന് പങ്കെടുക്കാനാവില്ലെന്ന സ്ഥിതി വന്നതോടെയാണ് ബിസിസിഐ പരിക്കിനെ ഗൗരവത്തോടെ സമീപിച്ചത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ പരിക്കേറ്റെങ്കിലും ഐപിഎല്ലിൽ കളിക്കാനായി താരം വേദനസംഹാരികളും മറ്റും ഉപയോഗിച്ചിരുന്നു. എന്നാൽ നിരന്തരം ഉപയോഗിച്ചിട്ടും ഇത് യാതൊരു ഗുണവും ചെയ്തില്ലെന്ന് മാത്രമല്ല, ഇപ്പോൾ സാഹയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കാതെയുമായി.
ഈ മാസം അവസാനത്തോടെയോ അല്ലെങ്കിൽ അടുത്ത മാസം ആദ്യ വാരമോ ശസ്ത്രക്രിയ നടക്കുമെന്നാണ് വിവരം. വെസ്റ്റ് ബംഗാളിൽ നിന്നുളള 33 കാരനായ ഈ താരത്തിന് ദേശീയ അക്കാദമിയിലാണ് വൈദ്യസംഘം ആദ്യ ചികിത്സ നൽകിയിരുന്നത്.