scorecardresearch
Latest News

22 മാസങ്ങള്‍ക്ക് ശേഷം സാഹ ഇന്ത്യന്‍ ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ പന്ത് കളിക്കില്ല

സാഹ ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണെന്നു വിരാട് കോഹ്ലി

22 മാസങ്ങള്‍ക്ക് ശേഷം സാഹ ഇന്ത്യന്‍ ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ പന്ത് കളിക്കില്ല

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഋഷഭ് പന്ത് കളിക്കില്ല. പരുക്കുമാറിയെത്തുന്ന വൃദ്ധിമാന്‍ സാഹയായിരിക്കും ഇന്ത്യയ്ക്കായി വിക്കറ്റ് കീപ്പ് ചെയ്യുകയെന്നു നായകന്‍ വിരാട് കോഹ്‌ലി അറിയിച്ചു. 22 മാസത്തെ ഇടവേളയ്ക്ക് ശേഷമാണു സാഹ ഇന്ത്യയ്ക്കായി കളിക്കുന്നത്.

സാഹ പരുക്കില്‍ നിന്നും മുക്തനായതോടെ ടീം മാനേജ്‌മെന്റ് താരത്തിന് അവസരം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. സ്പിന്നിന് അനുകൂലമായ സാഹചര്യം കൂടി കണക്കിലെടുത്താണ് പന്തിന് പകരം സാഹയെ കളിപ്പിക്കാനുള്ള തീരുമാനത്തില്‍ ടീം മാനേജ്‌മെന്റ് എത്തിയത്.

”സാഹ കളിക്കാന്‍ തയ്യാറാണ്. പരമ്പരയില്‍ ആദ്യം മുതലുണ്ടാകും. അവന്റെ കീപ്പിങ് മികവ് എല്ലാവര്‍ക്കും അറിയാം. അവസരം കിട്ടിയപ്പോഴൊക്കെ ബാറ്റു കൊണ്ടും തിളങ്ങിയിട്ടുണ്ട്. അവന് പരുക്ക് പറ്റിയത് നിര്‍ഭാഗ്യമാണ്. എന്റെ അഭിപ്രായത്തില്‍ അവന്‍ ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ്” ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പറഞ്ഞു.

Also Read: എനിക്ക് പറ്റിയ തെറ്റ് നീ ആവര്‍ത്തിക്കരുത്; രോഹിത് ശര്‍മ്മയ്ക്ക് ലക്ഷ്മണിന്റെ ഉപദേശം

കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിലായിരുന്നു സാഹ അവസാനമായി കളിച്ചത്. പിന്നാലെ തോളിന് പരുക്കേറ്റു. ഋഷഭ് പന്തിന്റെ പക്വതയില്ലായ്മയ്‌ക്കെതിരെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് സാഹയെ ഇറക്കാന്‍ തീരുമാനിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

സമ്മർദ ഘട്ടങ്ങളിലെല്ലാം സാഹ ഇന്ത്യയ്ക്കായി നന്നായി കളിച്ചിട്ടുണ്ടെന്നും താരത്തെ തിരികെ ടീമിലെടുക്കാനായി കാത്തിരിക്കുകയായിരുന്നുവെന്നും വിരാട് പറഞ്ഞു. ഇതാണ് ശരിയായ സമയമെന്നും ഇന്ത്യന്‍ നായകന്‍ അഭിപ്രായപ്പെട്ടു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Wriddhiman saha to replace rishabh pant for series opener against south africa