ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിലെ രണ്ടാം മത്സരത്തിൽ ഋഷഭ് പന്തിന് പകരം വൃദ്ധിമാൻ സാഹയെ കളിപ്പിക്കണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരം സെയ്ദ് കിർമാണി. ഋഷഭ് പന്തിന് ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും വൃദ്ധിമാൻ സാഹ എന്തുകൊണ്ടും യോഗ്യനാണെന്നും കിർമാണി അഭിപ്രായപ്പെട്ടു. ഏറ്റവും പ്രയാസമേറിയ ഫീൾഡിലെ പൊസിഷനാണ് വിക്കറ്റ് കീപ്പറുടേതെന്നും ഏതൊരാൾക്കും രണ്ട് ഗ്ലൗസണിഞ്ഞ് വന്ന് കീപ്പിങ് ചെയ്യാൻ സാധിക്കില്ലെന്നും കിർമാണി കൂട്ടിച്ചേർത്തു.

പന്തിന്റെ സ്ഥിരതയില്ലായ്മ ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. പ്രത്യേകിച്ച് ലോകകപ്പിലും ഇപ്പോൾ നടക്കുന്ന വിൻഡീസ് പര്യടനത്തിലും താരം തിരഞ്ഞെടുക്കുന്ന ഷോട്ടുകൾ തന്നെ ഉദ്ദാരണമാണ്. പന്ത് ദൈവാനുഗ്രഹമുള്ള താരമാണെന്നും എന്നാൽ ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കേണ്ടതുണ്ടെന്നും കിർമാണി വ്യക്തമാക്കി.

Also Read: ഐസിസി ടെസ്റ്റ് റാങ്കിങ്ങ്: കോഹ്‌ലി തന്നെ ഒന്നാം സ്ഥാനത്ത്, കുതിപ്പ് നടത്തി രഹാനെയും ബുംറയും

“നിർഭാഗ്യവച്ചാൽ വൃദ്ധിമാൻ സാഹക്ക് പരിക്കിന്റെ പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിനും ഒരുപോലെ അവസരങ്ങൾ നൽകണം. സാഹയ്ക്ക് അവസരങ്ങൾ നൽകുന്നില്ലെങ്കിൽ അദ്ദേഹത്തെ ടീമിൽ നിലനിർത്തുന്നത് എന്തിനാണ്?” കിർമാണി ചോദിച്ചു.

വിൻഡീസിനെതിരെ കാര്യമായ പ്രകടനം പുറത്തെടുക്കാൻ പന്തിന് സാധിച്ചിരുന്നില്ല. ആദ്യ ഇന്നിങ്സിൽ 24 റൺസിനും രണ്ടാം ഇന്നിങ്സിൽ 7 റൺസിനും താരം പുറത്തായിരുന്നു. വിക്കറ്റിന് പിന്നിലും എടുത്തുപറയത്തക്ക പ്രകടനം പുറത്തെടുക്കുന്നതിൽ പന്ത് പരാജയപ്പെട്ടു.

ആന്റിഗ്വാ ടെസ്റ്റിൽ 318 റൺസിനാണ് കോഹ്‌ലിപ്പട ആതിഥേയരെ കീഴ്‌പ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 419 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന്റെ രണ്ടാം ഇന്നിങ്സ് 100 റൺസിൽ അവസാനിച്ചു. ഇന്ത്യൻ പേസ് നിരയ്ക്ക് മുന്നിൽ വിൻഡീസ് പട അതിവേഗം കീഴടങ്ങുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത ജസപ്രീത് ബുംറയുടെ പ്രകടനമാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook