മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് അനിൽ കുംബ്ലെ കർക്കശക്കാരനായിരുന്നില്ലെന്ന് ഇന്ത്യൻ താരം വൃദ്ധിമാൻ സാഹ. എന്നാൽ ടീമിലെ ചില താരങ്ങൾക്ക് അദ്ദേഹം കർക്കശക്കാരനായിട്ടാണ് തോന്നിയതെന്നും സാഹ പറഞ്ഞു.
ജൂൺ മാസത്തിലാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും കോച്ച് അനിൽ കുംബ്ലെയും തമ്മിൽ സ്വരച്ചേർച്ചയിലല്ലെന്ന് വാർത്തകൾ പുറത്തുവന്നത്. ചാംപ്യൻസ് ട്രോഫിക്ക് പിന്നാലെ അനിൽ കുംബ്ലെ രാജിവച്ചതോടെ ഈ സംഭവം വലിയ വിവാദമായി. ഇന്ത്യൻ നായകന്റെ താത്പര്യം കൂടി പരിഗണിച്ച് രവി ശാസ്ത്രിക്ക് ടീമിന്റെ ചുമതല കൈമാറിയ ശേഷമാണ് കോച്ച് വിവാദം കെട്ടടങ്ങിയത്.
അനിൽ കുംബ്ലെ കർക്കശക്കാരനായ കോച്ചായിരുന്നുവോ എന്ന ചോദ്യത്തിനാണ് തനിക്കങ്ങിനെ തോന്നിയിട്ടില്ലെന്ന് സാഹ മറുപടി പറഞ്ഞത്. “എനിക്കങ്ങിനെ തോന്നിയിട്ടില്ല. ഒരു കോച്ച് എന്ന നിലയിൽ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ അദ്ദേഹം കാർക്കശ്യം കാണിച്ചേ പറ്റൂ. ചിലർക്ക് അദ്ദേഹം കാർക്കശ്യക്കാരനായി തോന്നി. ചിലർക്ക് അങ്ങിനെ തോന്നിയില്ല. എന്റെ അഭിപ്രായത്തിൽ അദ്ദേഹം കാർക്കശ്യക്കാരനായിരുന്നില്ല”, സാഹ അഭിപ്രായപ്പെട്ടു.
എന്നാൽ രണ്ട് കോച്ചുമാരും തമ്മിലുള്ള വ്യത്യാസവും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സാഹ പങ്കുവച്ചു. “അനിൽ ഭായി എപ്പോഴും 400, 500, 600 റൺസ് സ്കോർ ചെയ്യാനാണ് ആവശ്യപ്പെടാറുള്ളത്. അതുപോലെ എതിരാളിയെ 150 നും 200 നും ഇടയിൽ എറിഞ്ഞിടാനും അദ്ദേഹം ആവശ്യപ്പെടുമായിരുന്നു. അതെപ്പോഴും സാധ്യമല്ല. എന്നാൽ രവി ഭായി പരമാവധി റൺസ് സ്കോർ ചെയ്യാൻ മാത്രമേ ആവശ്യപ്പെടാറുള്ളൂ,” ഇതാണ് ഇരുവരിലും തനിക്ക് തോന്നിയ ഒരേയൊരു വ്യത്യാസം.
“വിരാട് കകോഹ്ലി ക്യാപ്റ്റനെന്ന നിലയിൽ നാൾക്കുനാൾ മെച്ചപ്പെടുന്നുണ്ട്. ടീമംഗങ്ങളുമായി കൂടുതൽ അടുത്തിടപഴകാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. ഞങ്ങൾ ഒരുമിച്ചാണ് ഭക്ഷണം കഴിക്കുന്നത്. ഒരുമിച്ചാണ് പുറത്തുപോകാറുള്ളതുമെല്ലാം.”