ന്യൂഡല്‍ഹി: സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ഡയറക്ടർ ജനറൽ സന്ദീപ് പ്രധാൻ ഉൾപ്പെടെയുള്ള രണ്ട് പേരടങ്ങുന്ന പ്രതിനിധി സംഘം ജന്തര്‍ മന്തറിലെത്തി ഗുസ്തി താരങ്ങളുടെ ഉപദേശക സമിതിയുമായി കൂടിക്കാഴ്ച നടത്തി. ചർച്ചയിൽ തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഗുസ്തി താരങ്ങളുടെ ആവശ്യങ്ങള്‍ മാത്രമാണ് മുന്നോട്ട് വച്ചതെന്ന് സാക്ഷി മാലിക്ക് അറിയിച്ചു. ചര്‍ച്ചയ്ക്ക് ശേഷം സായ് അധികൃതര്‍ ഗുസ്തി താരങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല.
ലൈംഗികാരോപണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷന്‍ തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നതുള്‍പ്പടെയുള്ള ആവശ്യങ്ങളാണ് മുന്നോട്ട് വച്ചത്. ബ്രിജ് ഭൂഷണെതിരായ സാക്ഷി മാലിക്ക്, വിനേഷ് ഫോഘട്ട്, ബജറംഗ് പൂനിയ തൂടങ്ങിയ താരങ്ങളുടെ നേതൃത്വത്തിലുള്ള സമരം ഇന്ന് 17-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
കര്‍ഷക സംഘടനകളുടേയും ഖാപ് നേതാക്കളുടെയും പിന്തുണയും നിലവില്‍ സമരത്തിനുണ്ട്. ഗുസ്തി താരങ്ങളുടെ അടുത്ത നീക്കം തീരുമാനിക്കുന്നതിനായി സംഘടിപ്പിച്ച മഹാപഞ്ചായത്തിന് ശേഷം സമരത്തിന് കൂടുതല്‍ പിന്തുണ ലഭിക്കുന്നുണ്ട്. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിന് ഗുസ്തിതാരങ്ങളെ സഹായിക്കുന്നതിനായി 31 അംഗ കമ്മിറ്റിയും രൂപീകരിച്ചു.
തിങ്കളാഴ്ച സമരം നടക്കുന്ന സ്ഥലത്തേക്ക് എത്തുന്നതിനായി കര്‍ഷകര്‍ പൊലീസ് ബാരിക്കേഡുകള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സുരക്ഷ വീഴ്ച സംഭവിക്കാതിരിക്കാനുള്ള നടപടികള്‍ ഡല്‍ഹി പൊലീസും സ്വീകരിച്ചു. വരും ദിവസങ്ങളില്‍ ജന്തര്‍ മന്തറിന് സമീപം കൂടുതല്‍ പൊലീസിനെ വിന്യസിച്ചേക്കും. സമരത്തിന് വര്‍ധിച്ചു വരുന്ന പിന്തുണ കണക്കിലെടുത്താണിത്.
ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു), സംയുക്ത കിസാന്‍ മോര്‍ച്ച (എസ് കെ എം) തുടങ്ങിയ സംഘടനകള്‍ മേയ് 21 വരെ സമരം തുടരുമെന്നും സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
കര്‍ഷകര്‍ സമരത്തെ ഹൈജാക്ക് ചെയ്യുകയാണോ എന്ന ചോദ്യവും വിവിധ കോണില്‍ നിന്ന് ഉയരുന്നുണ്ട്. എന്നാല്‍ തങ്ങളെല്ലാവരും തന്നെ കര്‍ഷക കുടുംബങ്ങളില്‍ നിന്നാണ് വരുന്നതെന്നും ഇത്തരം ആരോപണങ്ങള്‍ തെറ്റാണെന്നും വിനേഷ് ഫോഘട്ട് വ്യക്തമാക്കി.