ഞാൻ മരിച്ചതുപോലെയാണ് എന്നോട് പെരുമാറുന്നത്, ഒരു മെഡൽ നഷ്ടമായി, എല്ലാം തീർന്നു: വിനേഷ് ഫോഗട്ട്

ടോക്കിയോ ഒളിംപിക്സിൽ വനിതാ വിഭാഗം ഗുസ്തിയിൽ 53 കിലോ വിഭാഗത്തിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്

ഒളിമ്പിക്സ് പൂർത്തിയാക്കി നാട്ടിൽ എത്തിയ ഇന്ത്യൻ താരങ്ങൾക്ക് രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും ധാരാളം അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. ഒരോ കോണുകളിലും നിന്നും അവർക്ക് ലഭിക്കുന്ന അഭിനന്ദന പ്രവാഹങ്ങൾക്കിടയിൽ സ്വപ്‌നങ്ങൾ തകർന്നടിഞ്ഞവരുടെ ശബ്‌ദങ്ങൾ കേൾക്കാതെ പോകുന്നു. മെഡൽ ലഭിക്കാത്തവർ തങ്ങൾക്ക് പിഴച്ചത് എവിടെയാണെന്ന് അറിയാതെ അതിന്റെ വേദന പേറി നടക്കുകയാണ്. അതിനിടയിൽ അവരെ വിമർശിച്ചും പലരും രംഗത്ത് വരുന്നുണ്ട്. അങ്ങനെ വിമർശനം നേരിടുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ടോക്കിയോയിൽ നിന്നും പുറത്തായതിനു ശേഷം തന്റെ ഫോൺ പോലും ശബ്‌ദിക്കാതെ ആയെന്നാണ് അവർ പറയുന്നത്.

“ഞാൻ ഒരു സ്വപ്നത്തിൽ ഉറങ്ങുകയാണെന്ന് തോന്നുന്നു, ഒന്നും ആരംഭിച്ചിട്ടില്ലാത്ത പോലെ. ഞാൻ ശൂന്യയാണ്. ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. കഴിഞ്ഞ ഒരാഴ്ചയായി മനസ്സിൽ എന്തൊക്കെയോ നടക്കുന്നു. ഇത് രണ്ട് ഹൃദയങ്ങളുടെയും രണ്ട് മനസ്സുകളുടെയും കഥയാണ്. ഞാൻ ഗുസ്തിക്ക് വേണ്ടി എല്ലാം നൽകി, എന്നാൽ അത് നിർത്താനുള്ള സമയമായി. മറുവശത്ത്, ഞാൻ അത് നിർത്തുകയും അതിനു വേണ്ടി പോരാടാതിരിക്കുകയും ചെയ്താൽ അത് എനിക്ക് വലിയ നഷ്ടമായിരിക്കും.”

“ഇപ്പോൾ, ഞാൻ ശരിക്കും എന്റെ കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ, ഞാൻ ഇല്ലാത്ത പോലെയാണ് പുറത്തുനിന്നുള്ള എല്ലാവരും എന്നോട് പെരുമാറുന്നത്. അവർ എന്തും എഴുതുന്നു, ചെയ്യുന്നു … എനിക്കറിയാമായിരുന്നു, ഇന്ത്യയിൽ ഉയർച്ച ഉണ്ടാകുന്നത് പോലെ തന്നെ വേഗത്തിൽ വീഴുമെന്ന്. ഒരു മെഡൽ (നഷ്ടപ്പെട്ടു) എല്ലാം പൂർത്തിയായി.”

“ഗുസ്തി വിടാം, ഒരു സാധാരണക്കാരനായിരിക്കട്ടെ, എന്താണ് സംഭവിച്ചതെന്ന് സഹ കായികതാരങ്ങൾ ചോദിക്കുന്നില്ല, ഞാൻ ചെയ്ത തെറ്റാണ് അവർ പറയുന്നത്. അവർ അവരുടേതായ കാഴ്ചപ്പാട് ഉണ്ടാക്കിയത് കണ്ട് ഞാൻ ഞെട്ടി. അവിടെ എന്താണ് സംഭവിച്ചതെന്ന് എന്നോട് ചോദിക്കൂ. അല്ലാതെ നിങ്ങളുടെ അഭിപ്രായങ്ങൾ എന്റെ വായിൽ തിരുകാൻ ശ്രമിക്കരുത്. ഞാൻ ചെയ്തില്ല. ക്ഷമിക്കണം.”

“അവിടെ എന്താണ് സംഭവിച്ചതെന്ന് എന്നെക്കാൾ നന്നായി മറ്റാർക്കും അറിയില്ല. റിയോയ്ക്ക് ശേഷം, എന്നെ എല്ലാവരും എഴുതിത്തള്ളി എന്നിട്ടും ഞാൻ തിരിച്ചെത്തി. ഒളിമ്പിക്സിൽ ഒരു കായികതാരവും സമ്മർദ്ദത്തിൽ അല്ലാതാകുന്നില്ല. “

“ടോക്കിയോയിലും റിയോയിലും ഞാൻ സമ്മർദ്ദത്തിലായിരുന്നു. പക്ഷേ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം. റിയോയിൽ എനിക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല, പക്ഷേ ഇവിടെ ഞാൻ ചെയ്തു. ഞാൻ അത് വീണ്ടും ചെയ്യും. സമ്മർദ്ദം കാരണം വിനേഷ് തോറ്റിട്ടില്ല. ടോക്കിയോയിൽ വേണ്ട എല്ലാ മുൻകരുതലുകളും എടുത്തിരുന്നു. കുഴപ്പമുണ്ടായിരുന്നില്ല, പിന്നീട് ഉണ്ടായ ആരോഗ്യ പ്രശ്നങ്ങളാണ് മത്സരത്തെ ബാധിച്ചത്.”

“ഞാൻ ടീമിന് വേണ്ടി എല്ലാം ചെയ്യാറുണ്ട്, ഞങ്ങൾ പെൺകുട്ടികൾ ഒരുമിച്ചാണ് പരിശീലനം നടത്തുന്നത്, പക്ഷെ ഞാൻ ഇപ്പോൾ ഇല്ലാതെയാകുന്നു, ഞാൻ അവരെക്കാൾ മോശമാണെന്ന് തോന്നുന്നു. ഞാൻ വൈകാരിക പ്രശ്നങ്ങളുള്ള വ്യക്തിയാണ്. 2019ൽ ഞാൻ ഡിപ്രഷനിലൂടെ കടന്നു പോയിരുന്നു. പരിശീലകൻ ഒന്ന് മുഖം കറുപ്പിച്ചാൽ ഞാൻ വിതുമ്പുമായിരുന്നു. ഒരു കായിക താരം എന്ന നിലയിൽ സമ്മർദ്ദം ഭീകരമാണ്.”

Also read: ജാവലിന്‍ ത്രൊ ലോക റാങ്കിങ്ങില്‍ നീരജ് രണ്ടാമത്; മുന്നേറ്റം ഒളിംപിക് സ്വര്‍ണത്തിന് പിന്നാലെ

“എനിക്ക് ഇപ്പോൾ കരയാൻ തോന്നുന്നു. എനിക്ക് ഇപ്പോൾ ഒട്ടും മാനസിക ആരോഗ്യമില്ല. എല്ലാവരും കത്തിയുമായി എനിക്ക് എതിരെ നിൽക്കുകയാണ്. എന്റെ തോൽ‌വിയിൽ ടീമിലെ മറ്റുള്ളവരെ പഴിക്കാതെ ഇരിക്കുക.” ഫോഗട്ട് പറഞ്ഞു.

ടോക്കിയോ ഒളിംപിക്സിൽ വനിതാ വിഭാഗം ഗുസ്തിയിൽ 53 കിലോ വിഭാഗത്തിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. ആദ്യ റൗണ്ടിൽ തന്നെ വിനേഷ് തോറ്റിരുന്നു. പിന്നീട് റെപ്പഷ റൗണ്ടിലേക്ക് മത്സരിച്ചെങ്കിലും യോഗ്യത നേടാനാവാതെ പുറത്തായിരുന്നു.

ഒളിംപിക്സിനിടയിൽ ഒന്നിലധികം അച്ചടക്ക ലംഘനങ്ങൾ നടത്തി എന്നതിന്റെ പേരിൽ ദേശീയ ഗുസ്തി ഫെഡറേഷൻ വിനേഷ് ഫോഗട്ടിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. ഇന്ത്യൻ സംഘത്തോടൊപ്പം യാത്ര ചെയ്തില്ല, ഒളിംപിക്സ് വിലേജിൽ പരിശീലനം നടത്താൻ വിസമ്മതിച്ചു, ഔദ്യോഗിക സ്‌പോൺസറുടെ ലോഗോ ജേഴ്സിൽ നൽകിയില്ല തുടങ്ങിയ ലംഘനങ്ങൾ ചൂണ്ടിക്കാണിച്ചാണ് നടപടിയെടുത്തത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Wrestler vinesh phogat interview tokyo 2020 vinesh phogat banned

Next Story
അച്ചടക്കവും ആത്മസമർപ്പണവും: ലോർഡ്‌സിൽ ഇംഗ്ലണ്ടിനെ പ്രതിരോധിച്ച രോഹിത്, രാഹുൽ ഫോർമുല
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express