കാൽപന്തിനൊപ്പം കറങ്ങുന്ന കായിക ലോകം ഓരോ നിമിഷവും ഉറ്റുനോക്കുന്ന അർജന്റീനിയൻ ഇതിഹാസം ലയണൽ മെസിക്ക് ഇനിയും ലോകകപ്പ് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധിച്ചിട്ടില്ല. അഞ്ച് വട്ടം ബാലൺ ഡി ഓർ നേടിയ ഇതിഹാസ താരത്തിന് മനസിലിന്നും ഇതൊരു നോവായി കിടക്കുകയാണ്.

കഴിഞ്ഞ വട്ടം ഫൈനലിൽ ജർമ്മനിയോട് തോറ്റ് പുറത്തായതിന് പിന്നാലെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസിയടക്കം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ആരാധകരുടെയും അർജന്റീന ഫുട്ബോൾ അസോസിയേഷന്റെയും സമ്മർദ്ദത്തെ തുടർന്ന് ഈ തീരുമാനം പിൻവലിക്കുകയായിരുന്നു.

വീണ്ടുമൊരിക്കൽ കൂടി ലോകകപ്പിലേക്ക് യോഗ്യത നേടിയ അർജന്റീനയുടെ ഭാവിയെ കുറിച്ചാണ് ഫുട്ബോൾ ലോകത്തെ മിശിഹ മനസ് തുറന്നിരിക്കുന്നത്. 2018 ൽ റഷ്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ഘട്ടം കടന്നുകിട്ടുകയാണ് അർജന്റീനയുടെ പ്രഥമ ലക്ഷ്യമെന്ന് ഇതിഹാസ താരം പ്രതികരിച്ചു.

ഫൈനലിൽ എത്താൻ സാധിച്ചാൽ അത് സ്വപ്നം യാഥാർത്ഥ്യമാകുന്നത് പോലെയാകുമെന്നും, അങ്ങിനെ വന്നാൽ കപ്പ് കൈവിടില്ലെന്നും അദ്ദേഹം പറഞ്ഞു. “എനിക്കറിയില്ല ഞങ്ങൾ ഫൈനലിൽ കടക്കുമോയെന്ന്. എന്നാൽ ഇത്തവണ കൂടി ഫൈനലിലെത്താൻ സാധിച്ചാൽ അത് ഞങ്ങൾക്ക് സ്വപ്നം യാഥാർത്ഥ്യമാകുന്നത് പോലെയായിരിക്കും. അതുപോലെ തന്നെ കപ്പടിക്കാൻ ഭാഗ്യം തുണയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു”, മെസി പറഞ്ഞു.

എന്നാൽ അർജന്റീന ടീമിലെ താരങ്ങളുടെ പ്രധാന ലക്ഷ്യം കപ്പടിക്കലല്ലെന്നാണ് ലയണൽ മെസി കൂട്ടിച്ചേർത്തത്. “ശക്തരായ ടീമുകളുടെ ഗ്രൂപ്പിലാണ് ഞങ്ങളുള്ളത്. അതുകൊണ്ട് തന്നെ ഗ്രൂപ്പ് ഘട്ടം ഏറെ കടുപ്പമേറിയതാണ്. ഗ്രൂപ്പ് ഘട്ടത്തിൽ വിജയിക്കാനാണ് പ്രഥമ പരിഗണന”, അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ