ലണ്ടന്‍: പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന കരീബിയന്‍ ദ്വീപുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഇന്നലെ വിന്‍ഡീസും ലോക ഇലവനും തമ്മില്‍ ട്വന്റി-20 മൽസരം നടന്നിരുന്നു. മൽസരത്തിന്റെ ആദ്യ ഓവര്‍ തുടങ്ങിയതും ഗ്യാലറിയിലിരുന്നും ടിവിയിലും ഓണ്‍ലൈനായുമെല്ലാം കളി കണ്ടവര്‍ ഞെട്ടി. തങ്ങള്‍ ഇതുവരെ കാണാത്തൊരു കാഴ്‌ചയായിരുന്നു അവരെ വരവേറ്റത്.

കളിക്കിടെ കളിയുടെ കമന്റേറ്റര്‍മാരിലൊരാള്‍ മൈതാനത്തിന്റെ ഒത്ത നടുവില്‍. കീപ്പറുടേയും സ്ലിപ്പിന്റേയും ഇടയില്‍ മൈക്കുമായി നില്‍ക്കുന്ന മുന്‍ ഇംഗ്ലണ്ട് താരവും മൽസരത്തിന്റെ കമന്റേറ്ററുമായ നാസര്‍ ഹുസൈനെ കണ്ടതും ആരാധകര്‍ അമ്പരന്നു. എന്തെങ്കിലും തരത്തിലുള്ള തമാശയാകും എന്നാണ് ആദ്യം കരുതിയത്. പക്ഷെ സംഗതി സീരിയസായിരുന്നു.

മൽസരത്തിനിടെ വീണ്ടും പലവട്ടം ഹുസൈന്‍ മൈതാനത്ത് കമന്ററി പറയാനെത്തി. ഇതുവരെ കാണാത്ത പുതിയ തരത്തിലുള്ള കമന്ററി പക്ഷെ ക്രിക്കറ്റ് ആരാധകര്‍ അത്ര സന്തോഷത്തോടെയല്ല സ്വീകരിച്ചത്. കളിയുടെ ഗൗരവത്തെ കുറച്ച് കാണിക്കുന്നതാണെന്നും കളിക്കാരുടെ ശ്രദ്ധയ്ക്ക് തടസം സൃഷ്ടിക്കുമെന്നുമാണ് ആരാധകരും ക്രിക്കറ്റ് പണ്ഡിതരും വിലയിരുത്തുന്നത്.

അതേസമയം, വെസ്റ്റ് ഇന്‍ഡീസിനെതിരെ ലോക ഇലവന് ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ലോക ഇലവന്‍ 127 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു. ഇന്ത്യന്‍ താരം ദിനേഷ് കാര്‍ത്തികും കിവീസ് ഓപ്പണര്‍ ലുക്ക് റോഞ്ചിയും സംപൂജ്യരായാണ് മടങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook