മോസ്‌കോ: ലോക വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ മേരി കോമിനു വെങ്കലം. സെമിയിൽ രണ്ടാം സീഡായ തുർക്കി താരം ബുസെനാസ് കാകിറോഗ്‌ലുവിനോടു തോറ്റു. 51 കിലോ ഫ്ലൈവെയ്റ്റ് വിഭാഗത്തിലാണ് മേരി കോമിന്റെ തോൽവി. ലോക ചാംപ്യൻഷിപ്പിൽ എട്ടു മെഡൽ നേടുന്ന ആദ്യതാരമാണ് മേരി കോം.
ക്വാർട്ടറിൽ കൊളംബിയയുടെ ഇൻഗ്രിത് വലെൻസിയയെ പരാജയപ്പെടുത്തിയാണ് മേരി കോം സെമിയിലെത്തിയത്. 5-0 നായിരുന്നു മേരി കോമിന്റെ വിജയം. 51 കിലോ വിഭാഗത്തില്‍ മുന്‍പ് മത്സരിച്ച രണ്ട് തവണയും ക്വാര്‍ട്ടര്‍ കടക്കാന്‍ മേരി കോമിന് കഴിഞ്ഞിരുന്നില്ല.
ലോക ചാംപ്യൻഷിപ്പിൽ ആറ് തവണ സ്വർണം സ്വന്തമാക്കിയ താരമാണ് മേരി കോം. ആറ് മെഡലും 45, 48 കിലോ വിഭാഗങ്ങളിലായിരുന്നു മേരി നേടിയത്. ഒളിംപിക്സ് വെങ്കല ജേതാവു കൂടിയാണു മേരി കോം.