ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ്: പോയിന്റ് ചട്ടത്തിൽ മാറ്റം, ഇന്ത്യയ്‌ക്ക് തിരിച്ചടി

മുന്‍ ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലെ അധ്യക്ഷനായ ഐസിസി ക്രിക്കറ്റ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് പോയിന്റ് സമ്പ്രദായത്തിൽ മാറ്റം കൊണ്ടുവന്നത്

ദുബായ്: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഐസിസി ചില പരിഷ്‌കാരങ്ങൾ നടത്തിയതാണ് ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്. കോവിഡിന്റെ പശ്ചാത്തലത്തിൽ നിരവധി മത്സരങ്ങൾ നഷ്‌ടമായതാണ് പോയിന്റ് സമ്പ്രദായം പരിഷ്‌കരിക്കാൻ ഐസിസി തീരുമാനിച്ചത്.

മുന്‍ ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലെ അധ്യക്ഷനായ ഐസിസി ക്രിക്കറ്റ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് പോയിന്റ് സമ്പ്രദായത്തിൽ മാറ്റം കൊണ്ടുവന്നത്. പോയിന്റുകളുടെ ശതമാന കണക്ക് നോക്കിയാണ് ഇപ്പോൾ പട്ടിക പ്രസിദ്ധീകരിക്കുന്നത്. നേരത്തെ പോയിന്റ് മാത്രം അടിസ്ഥാനപ്പെടുത്തിയായിരുന്നു ഇത്. പൂര്‍ത്തിയായ മത്സരങ്ങളുടെ എണ്ണവും നേടിയ പോയിന്റും ശതമാനക്കണക്കിലാക്കിയാണ് റാങ്കിങ് തീരുമാനിക്കുന്നത്.

Read Also: കമോൺ ഇന്ത്യ; ഐഎസ്എൽ ആരവങ്ങൾക്ക് ഇന്ന് കിക്കോഫ്, ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങും

480 പോയിന്റുള്ള ഇന്ത്യ രണ്ടാം സ്ഥാനത്തും 360 പോയിന്റുള്ള ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തുമാണ് ഇപ്പോൾ. ഇന്ത്യ നാല് ടെസ്റ്റ് പരമ്പരകൾ കളിച്ചപ്പോൾ ഓസ്‌ട്രേലിയ കളിച്ചത് മൂന്ന് പരമ്പര മാത്രം. മൂന്ന് പരമ്പര കളിച്ച ഓസീസ് ഏഴ് ജയം നേടിയിട്ടുണ്ട്. ഇന്ത്യയ്‌ക്കാകട്ടെ നാല് പരമ്പരകളിൽ നിന്നാണ് ഏഴ് ജയം. ഇതോടെ പോയിന്റ് ശതമാന കണക്കിൽ ഓസീസ് ഇന്ത്യയെ മറികടന്നു. ഇന്ത്യയുടെ പോയിന്റ് ശതമാനം 75 ആണ്. ഓസ്‌ട്രേലിയക്ക് 82.2 ശതമാനമുണ്ട്.

നാല് ടെസ്റ്റ് പരമ്പരകളിൽ നിന്ന് 480 പോയിന്റുള്ള ഇംഗ്ലണ്ടാണ് ഇപ്പോൾ റാങ്കിങ്ങിൽ മൂന്നാമത്. മൂന്ന് ടെസ്റ്റ് പരമ്പരകളിൽ നിന്ന് 360 പോയിന്റുള്ള ന്യുസിലൻഡ് നാലാം സ്ഥാനത്താണ്. ഇംഗ്ലണ്ടിന്റെ പോയിന്റ് ശതമാനം 60.83 ആണ്, ന്യുസിലൻഡിന്റെ പോയിന്റ് ശതമാനം വെറും 50 മാത്രവും.

പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനത്ത് എത്തുന്ന ടീമുകളാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫെെനലിൽ ഏറ്റുമുട്ടുക. ഇനിയുള്ള ടെസ്റ്റ് പരമ്പരകൾ ഇന്ത്യയ്‌ക്ക് ഏറെ നിർണായകമാണ്. ഓസീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം നടത്താൻ സാധിച്ചില്ലെങ്കിൽ ഇന്ത്യ പോയിന്റ് പട്ടികയിൽ നിന്ന് താഴെ ഇറങ്ങേണ്ടി വരും.

 

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: World test championship india has dropped to 2nd spot

Next Story
കമോൺ ഇന്ത്യ; ഐഎസ്എൽ ആരവങ്ങൾക്ക് ഇന്ന് കിക്കോഫ്, ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങും
The moderation of comments is automated and not cleared manually by malayalam.indianexpress.com