scorecardresearch

'നിങ്ങള്‍ കരയുന്നതാണ് ഈ ലോകത്തിന് കാണേണ്ടത്'; ആര്‍.അശ്വിന്‍

കുറ്റമേറ്റ് പറഞ്ഞ വാര്‍ത്താസമ്മേളനത്തില്‍ സ്റ്റീവ് സ്മിത്ത് പൊട്ടിക്കരഞ്ഞിരുന്നു

കുറ്റമേറ്റ് പറഞ്ഞ വാര്‍ത്താസമ്മേളനത്തില്‍ സ്റ്റീവ് സ്മിത്ത് പൊട്ടിക്കരഞ്ഞിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'തെറ്റ് പറ്റി,മാപ്പ് തരണം'; ക്രിക്കറ്റ് ലോകത്തിന് പിന്നാലെ ഒമ്പത് വയസുകാരനോടും മാപ്പ് ചോദിച്ച് സ്മിത്ത്

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് മൽസരത്തില്‍ പന്തില്‍ കൃത്രിമത്വം കാണിച്ച ഓസീസ് താരങ്ങളുടെ നടപടിയോട് മുഖം ചുവന്നാണ് ഓരോ ക്രിക്കറ്റ് ആരാധകനും പ്രതികരിച്ചത്. ക്രിക്കറ്റിന് നിരക്കാത്ത കാര്യങ്ങള്‍ ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് ക്രിക്കറ്റ് ലോകം ഒന്നടങ്കം പറഞ്ഞു.

Advertisment

എന്നാല്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്ക് ലഭിച്ചത് കടുത്ത ശിക്ഷയായി പോയെന്നായിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയ ശിക്ഷ വിധിച്ചതിന് പിന്നാലെ ഉയര്‍ന്ന അഭിപ്രായം. സച്ചിന്‍ അടക്കമുളള താരങ്ങള്‍ ഓസീസ് താരങ്ങളുടെ അവസ്ഥയില്‍ സഹതാപം പ്രകടിപ്പിച്ച് രംഗത്തെത്തി. 12 മാസമാണ് സ്മിത്തിനും വാര്‍ണര്‍ക്കും വിലക്കേര്‍പ്പെടുത്തിയത്. ബാന്‍ക്രോഫ്റ്റിനെ 9 മാസവും വിലക്കി.

അവര്‍ ചെയ്ത തെറ്റില്‍ പശ്ചാത്തപിക്കുകയും വേദനിക്കുകയും ചെയ്യുമ്പോള്‍ അവരെ അവരുടെ ചിന്തയ്ക്ക് വിട്ടു മാറി നില്‍ക്കണമെന്ന് സച്ചിന്‍ ആവശ്യപ്പെട്ടു. താരങ്ങളെ പോലെ തന്നെ മനോവിഷമം അനുഭവിക്കേണ്ടി വരുന്ന അവരുടെ കുടുംബത്തെ കുറിച്ച് ചിന്തിക്കണമെന്ന് സച്ചിന്‍ ആവശ്യപ്പെട്ടു. അവര്‍ ചെയ്തതിന്റെ ഫലം അവര്‍ അനുഭവിക്കുന്നുണ്ടെന്നും ഇപ്പോള്‍ നമ്മള്‍ പിന്നോട്ട് മാറി നിന്ന് അവര്‍ക്ക് ഇടം നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ബൗളര്‍ ആര്‍.അശ്വിനാണ് ഇപ്പോള്‍ താരങ്ങള്‍ക്ക് പിന്തുണ നല്‍കി രംഗത്തെത്തിയിരിക്കുന്നത്. ഇത്രയും ബുദ്ധിമുട്ടേറിയ സമയത്ത് താരങ്ങള്‍ക്ക് ശക്തി നല്‍കുകയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. 'നിങ്ങള്‍ കരയുന്നതാണ് ഈ ലോകത്തിന് കാണേണ്ടത്, നിങ്ങള്‍ കരഞ്ഞാല്‍ പിന്നെ അവര്‍ സന്തോഷത്തോടെ പിന്നീട് ജീവിക്കും. ദൈവം സ്മിത്തിനും ബാന്‍ക്രോഫ്റ്റിനും ഇതില്‍ നിന്നും പുറത്തു കടക്കാനുളള ശക്തി നല്‍കട്ടെ. വാര്‍ണര്‍ക്കും ഇതിനോട് പോരാടാനുളള ശക്തി വേണം. അവരുടെ കളിക്കാരുടെ ഒത്തൊരുമ അവര്‍ക്ക് ശക്തിയാകുമെന്നാണ് കരുതുന്നത്', അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Advertisment

സ്മിത്തിന് പിന്തുണയുമായി ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസിസ് ഇന്നലെ രംഗത്തെത്തിയിരുന്നു. തനിക്ക് സ്റ്റീവ് സ്മിത്തിനോട് സഹതാപമുണ്ടെന്ന് വ്യക്തമാക്കിയ ദക്ഷിണാഫ്രിക്കൻ നായകൻ, ഓസീസ് ക്യാപ്റ്റന് വിധിച്ച ശിക്ഷ കൂടിപ്പോയെന്നും വിമർശിച്ചു.

"ഭ്രാന്തമായ ആഴ്ചയാണ് കഴിഞ്ഞുപോയത്. അദ്ദേഹം കടന്നുപോകുന്ന അവസ്ഥയോട് എനിക്ക് സഹതാപം ഉണ്ട്. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. എന്നാൽ മോശപ്പെട്ട അവസ്ഥയിൽ പിടിക്കപ്പെട്ടുവെന്നാണ് ഞാൻ കരുതുന്നത്," ഡുപ്ലെസിസ് പറഞ്ഞു. "ഞാൻ അദ്ദേഹത്തിന് ഒരു സന്ദേശമയച്ചിട്ടുണ്ട്. ഹൃദയത്തിന്റെ ആഴത്തിൽ നിന്നുളള വേദനയിൽ നിന്നാണ് ഞാനത് അയച്ചത്. ഇത്തരം അവസ്ഥയിലൂടെ ആളുകൾ കടന്നുപോകുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വരും ദിവസങ്ങൾ അദ്ദേഹത്തെ കൂടുതൽ വിഷമിപ്പിച്ചേക്കാം. അതിനാലാണ് അദ്ദേഹത്തിന് ഞാനെന്റെ പിന്തുണ അറിയിച്ചത്. അദ്ദേഹം ശക്തനായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു," സ്റ്റീവ് സ്മിത്തിന് അയച്ച സന്ദേശത്തെ കുറിച്ച് ഡുപ്ലെസിസ് വ്യക്തമാക്കി.

കേപ്ടൗണിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പന്തിൽ കൃത്രിമത്വം കാണിക്കാൻ നടത്തിയ ശ്രമമാണ് ഓസീസ് താരങ്ങളെ കുരുക്കിയത്. പന്തിൽ കൃത്രിമത്വം കാട്ടിയ ബാൻക്രോഫ്റ്റിന് ഒൻപത് മാസത്തെ വിലക്കാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വിധിച്ചത്. സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും സംഭവത്തിലെ ഗൂഢാലോചനയുടെ പേരിൽ ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

R Aswin Steve Smith Austraila South Africa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: