മസ്‌ക്കറ്റ്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്ക് പരാജയം. ഒമാനെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് തോല്‍വി ഏറ്റുവാങ്ങിയത്. വിജയം തേടിയുള്ള ഇന്ത്യയുടെ യാത്ര ഇന്നത്തെ തോല്‍വിയോടെ വീണ്ടും തുടരുകയാണ്. ഒമാനെതിരായ ഒന്നാം പാദ മത്സരത്തില്‍ ഇന്ത്യ 2-1 ന് പരാജയപ്പെട്ടിരുന്നു. അതിന് ശേഷം കളിച്ച എല്ലാ മത്സരത്തിലും സമനില കൊണ്ട് ആശ്വാസിക്കാനായിരുന്നു ഇന്ത്യയുടെ വിധി.
കളിയുടെ ഒന്നാം പകുതിയില്‍ തന്നെ ഒമാന്‍ ഇന്ത്യയെ പിന്നിലാക്കിയിരുന്നു. 33-ാം മിനുറ്റിലായിരുന്നു ഒമാന്റെ ഗോള്‍. മെഹ്‌സന്‍ അല്‍ ഗസാനിയാണ് ഒമാന്റെ ഗോള്‍ നേടിയത്. അഞ്ചാം മിനുറ്റില്‍ വീണു കിട്ടിയ പെനാല്‍റ്റി തുലച്ചതിനുള്ള പ്രായശ്ചിത്തമായിരുന്നു ഗസാനിയുടെ ഗോള്‍. പ്രതിരോധനിര ആകെ താളം തെറ്റിയ മത്സരത്തില്‍ രാഹുല്‍ ബെക്കയുടെ ഫൗളിലാണ് ഒമാന് പെനാല്‍റ്റി ലഭിച്ചത്. എന്നാല്‍ ഗസാനിയ്ക്ക് ഉന്നം തെറ്റി. പന്ത് ബാറിന് മുകളിലൂടെ പറന്നു പോയി.
പ്രതിരോധത്തിലെ പാളിച്ചകള്‍ക്കൊപ്പം പരുക്കും ഇന്ത്യയ്ക്ക് വിനയായി. ഒന്നാം പകുതിയില്‍ രണ്ട് താരങ്ങളെ പരുക്കുമൂലം പിന്‍വലിക്കേണ്ടി വന്നു. ആദില്‍ ഖാനും പ്രണോയ് ഹാല്‍ദാറുമാണ് പരുക്കേറ്റ് പുറത്ത് പോയത്. പകരം വിനീത് റായിയും അനസ് എടത്തൊടികയും കളത്തിലിറങ്ങി. പൂര്‍ണമായും നിറം മങ്ങിയ പ്രകടനമായിരുന്നു ഒന്നാം പകുതിയില്‍ ഇന്ത്യ കാഴ്ചവച്ചത്. ഇതോടെ ഇന്ത്യയുടെ മുന്നോട്ടുള്ള പോക്കും ആശങ്കയിലായിരിക്കുകയാണ്.