ദോഹ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഏഷ്യന്‍ ചാംപ്യന്‍മാരായ ഖത്തറിനെ ഇന്ത്യ സമനിലയില്‍ തളച്ചു. നായകനും ഗോള്‍ കീപ്പറുമായ ഗുര്‍പ്രീത് സിങ്ങാണ് ഇന്ത്യയ്ക്ക് വിജയത്തോളം രുചിയുള്ള സമനില സമ്മാനിച്ചത്. ദോഹയിലെ ജാസിം ബിന്‍ ഹമാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിക്കുകയായിരുന്നു.
ഖത്തറിനെതിരായ സമനിലയോടെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചു. സുനില്‍ ഛേത്രിയില്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. മത്സരത്തിലുടനീളം ഗുര്‍പ്രീത് സിങ് മികച്ച പോരാട്ടം കാഴ്ചവച്ചു. എതിര്‍ ടീം തൊടുത്തുവിട്ട പന്തുകളെല്ലാം ഗുര്‍പ്രീത് സിങ്ങിന്റെ കൈകളില്‍ ഒതുങ്ങി. ഖത്തര്‍ 27 ഷോട്ടുകളുതിര്‍ത്തപ്പോള്‍ ഒന്ന് പോലും ലക്ഷ്യത്തിലെത്തിയില്ല. അത്ര മനോഹരമായിരുന്നു ഗുര്‍പ്രീത് സിങ്ങിന്റെ ഓരോ സേവുകളും.
മലയാളി താരം സഹല്‍ അബ്ദുള്ള സമദ് ഇന്ത്യയുടെ ആദ്യ ഇലവനില്‍ ഇടംപിടിച്ചു. ശ്രദ്ധേയമായ ചില നീക്കങ്ങള്‍ നടത്തി സഹല്‍ അബ്ദുള്ള സമദ് ഗ്യാലറിയുടെ കയ്യടികള്‍ വാങ്ങിച്ചു.
Read Also: ‘രണ്ടടി പുറകോട്ട്’; മെസിയെ മറികടന്ന് വീണ്ടും ഛേത്രി
ഒമാൻ, ഖത്തർ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പം ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പിലെ എല്ലാ ടീമുകളുമായി നാട്ടിലും എതിർ തട്ടകത്തിലുമായി രണ്ട് മത്സരങ്ങൾ വീതമാണ് ഓരോ രാജ്യങ്ങളും കളിക്കുന്നത്. ആദ്യ യോഗ്യതാ മത്സരത്തിൽ ഒമാനെതിരെ 2-1 നായിരുന്നു ഇന്ത്യയുടെ പരാജയം. ഒന്നാം പകുതിയില്‍ ഒരു ഗോളിന് ഇന്ത്യയായിരുന്നു മുന്നില്‍. എന്നാല്‍ രണ്ടാം പകുതിയില്‍ തിരിച്ചടിച്ച ഒമാന്‍ അവസാന നിമിഷാണ് വിജയ ഗോള്‍ നേടിയത്. നായകന്‍ സുനില്‍ ഛേത്രിയുടെ ഗോളിലായിരുന്നു ഇന്ത്യ മുന്നിലെത്തിയത്. കളിയുടെ 24-ാം മിനിറ്റിലായിരുന്നു ഛേത്രിയുടെ ഗോള്‍ പിറന്നത്.
എന്നാല്‍ രണ്ടാം പകുതിയില്‍ ഒമാന്‍ സട കുടഞ്ഞെഴുന്നേറ്റു. ഒമാന്‍ വാശിയോടെ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ഗോള്‍ പിറക്കാന്‍ വൈകി. 82-ാം മിനിറ്റിലായിരുന്നു റാബിയ അലാവി അല്‍ മന്ദര്‍ സമനില ഗോള്‍ നേടുന്നത്. ഗോളിയുടെ തലയ്ക്ക് മുകളിലൂടെയായിരുന്നു റാബിയുടെ ഗോള്‍. അധികം നേരം വേണ്ടി വന്നില്ല ഒമാന് രണ്ടാം ഗോള്‍ നേടാന്‍. മന്ദാര്‍ തന്നെ 89-ാം മിനിറ്റില്‍ ആ കര്‍ത്തവ്യം നിർവഹിച്ചു.