ലോകകപ്പ് പ്രതീക്ഷകളുമായി യോഗ്യത റൗണ്ടിലെ തങ്ങളുടെ കന്നി ജയം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് വീണ്ടും സമനില കുരുക്ക്. അഫ്ഗാനിസ്ഥാനെതിരായ മത്സരം ഓരോ ഗോൾ വീതം നേടി ഇരു ടീമുകളും സമനിലയിൽ അവസാനിക്കുകയായിരുന്നു. തോൽവി ഉറപ്പിച്ച മത്സരത്തിൽ ഇഞ്ചുറി ടൈമിൽ ഡങ്കൽ നേടിയ ഗോളാണ് ഇന്ത്യയെ ഒപ്പമെത്തിച്ചത്. മലയാളി താരങ്ങളായ ആഷിഖ് കുരുണിയനും സഹൽ അബ്ദുൾ സമദും ആദ്യ ഇലവനിൽ തന്നെ ഇടംപിടിച്ചു.
തജിക്കിസ്ഥാനിലെ സെൻട്രൽ റിപബ്ലിക്കൻ സ്റ്റേഡിയത്തിലെ ആസ്ട്രോ ടർഫിൽ കാര്യങ്ങളെല്ലാം ഇന്ത്യയ്ക്കെതിരായിരുന്നു. തണുത്ത കാലാവസ്ഥയിൽ ഇന്ത്യൻ താരങ്ങൾ നന്നായി വിയർപ്പൊഴുക്കി. തുടക്കം മുതൽ നിരവധി അവസരങ്ങളും മുന്നേറ്റങ്ങളും ഇന്ത്യ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ അഫ്ഗാനിസ്ഥാന്റെ വകയായിരുന്നു ആദ്യ മുന്നേറ്റം പിന്നാലെ തിരിച്ചടിക്കാൻ ഇന്ത്യയും ശ്രമിച്ചു. എന്നാൽ ശ്രമം മാത്രമായി അത് അവസാനിച്ചു. പിന്നീടും ഇത് ആവർത്തിച്ചു.
ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ സെൽഫാഗർ നേടിയ ഗോളിൽ അഫ്ഗാൻ ലീഡെടുത്തു. ഇതോടെ രണ്ടാം പകുതി അഫ്ഗാന്റെ ആത്മവിശ്വാസം വർധിച്ചു. ഇന്ത്യയുടെ ഓരോ മുന്നേറ്റങ്ങളും പൂർണതയിലെത്താതെ പരാജയപ്പെട്ടതോടെ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു എന്ന് കരുതിയിടത്ത് നിന്നായിരുന്നു ഡങ്കലിന്റെ ഒന്നാന്തരം ഗോളിൽ ഇന്ത്യ ഒപ്പമെത്തിയത്.
ഇഞ്ചുറി ടൈമിൽ ലഭിച്ച കോർണർ ഇന്ത്യ അഫ്ഗാൻ വലയിലെത്തിക്കുകയായിരുന്നു. കിക്കെടുത്ത ബ്രെണ്ടൻ ഫെർണാണ്ടസ് കൃത്യതയോടെ അത് ഡങ്കലിനടുത്ത് എത്തിച്ചു. മണിപ്പൂർ താരത്തിന് പന്തിൽ തലവെച്ചുകൊടുക്കേണ്ടി വന്നതേയുള്ളൂ. ഇന്ത്യയ്ക്ക് ആശ്വാസം.