ലോകകപ്പ് യോഗ്യത മത്സരത്തിൽ ലാറ്റ്‌വിയക്ക് എതിരെ പോർച്ചുഗലിന് തകർപ്പൻ ജയം. എതിരില്ലാത്ത 3 ഗോളുകൾക്കാണ് പോർച്ചുഗലിന്റെ വിജയം. പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോൾ നേടി. മത്സരത്തിന്റെ 41, 63 മിനുറ്റുകളിലാണ് ക്രിസ്റ്റ്യാനോ എതിരാളികളുടെ വലകുലുക്കിതയത്. 67 മിനുറ്റിൽ ആന്ദ്രേസിൽവയാണ് പോർച്ചുഗലിന്റെ മൂന്നാം ഗോൾ നേടിയത്.

ഇന്നലെ നടന്ന മറ്റൊരു പ്രധാന മത്സരത്തിൽ കരുത്തരായ ഫ്രാൻസിനെ സ്വീഡൻ അട്ടിമറിച്ചു. 1 എതിരെ 2 ഗോളുകൾക്കായിരുന്നു സ്വീഡന്റെ ജയം. ഒളിവർ ജിറൂഡിന്റെ ഗോളിലൂടെ ഫ്രാൻസാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 43 മിനുറ്റിൽ ഡുർമ്മാസിന്റെ ഗോളിലൂടെ സ്വീഡൻ സമനില പിടിച്ചു. കളിതീരാൻ സെക്കന്റുകൾ ശേഷിക്കെ ഫ്രഞ്ച് നായകൻ ഹ്യൂഗോ ലോറിസിന്റെ പിഴവ് മുതലെടുത്ത് ടോയിവനാൻ ലക്ഷ്യം കണ്ടതോടെ ഫ്രാൻസ് തോൽവി രുചിച്ചു.

ഇന്നലെ നടന്ന മറ്റ് മത്സരങ്ങളിൽ ഹോളണ്ട് ലക്സംബർഗിനേയും ബെൽജിയം എസ്റ്റോണിയയെയും തകർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ